'മലയാളികളുടെ കുടുംബാംഗമായി മാറി', കെപിഎസി ലളിതയെ അനുസ്മരിച്ച് മുഖ്യമന്ത്രി അടക്കമുളളവർ
തിരുവനന്തപുരം: മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയായ കെപിഎസി ലളിതയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. വ്യത്യസ്ത തലമുറകളിലെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവർ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി സ്വയം മാറിയെന്ന് മുഖ്യമന്ത്രി അനുശോചനക്കുറിപ്പിൽ അഭിപ്രായപ്പെട്ടു.
'നാടകങ്ങളിൽ തുടങ്ങി ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ കുടുംബാംഗമായി മാറിയതാണ് ആ അഭിനയജീവിതം. സാമൂഹ്യ പ്രതിബദ്ധത കൊണ്ടും സാമൂഹികമായ ഇടപെടലുകൾ കൊണ്ടും അവർ മനുഷ്യ മനസ്സുകളിൽ ഇടം നേടി. പുരോഗമന പ്രസ്ഥാനത്തോട് എന്നും കൈകോർത്തു നിന്ന കെപിഎസി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷ എന്ന നിലയിലും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്നും' മുഖ്യമന്ത്രി അനുസ്മരിച്ചു.
കെപിഎസി ലളിതയുടെ നിര്യാണത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി അനുശോചിച്ചു. നഷ്ടമായത് മലയാള സിനിമയിലെ അതുല്യപ്രതിഭയെ ആണെന്നും സുധാകരൻ പറഞ്ഞു.

സിനിമാ സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ: '' കെ പി എ സി ലളിത ചേച്ചി ഇനിയില്ല. വാർത്ത അറിഞ്ഞപ്പോൾ സത്യമാകരുതേയെന്ന് ഏറെ ആശിച്ചു. എല്ലാ അർത്ഥത്തിലും നമുക്ക് നേരിട്ട് പരിചയമുള്ള ഒരു അയൽക്കാരി ആയിരുന്നു ലളിതചേച്ചിയുടെ കഥാപാത്രങ്ങൾ. ചിരിപ്പിക്കാനും കരയിപ്പിക്കാനും കഥാപാത്രത്തിന്റെ മാനസിക സംഘർഷങ്ങൾ കാണികളിലേക്ക് പകരാനും അസാമാന്യമായ വൈഭവം ചേച്ചിക്ക് ഉണ്ടായിരുന്നു. നൂറുകണക്കിന് ചിത്രങ്ങളിലൂടെ ലളിതചേച്ചി മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി.

അസുഖബാധിതയായി ചികിത്സയിൽ ആയപ്പോൾ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാക്കുവാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിരുന്നു. വീട്ടിലേക്ക് മടങ്ങിയപ്പോൾ ഉടനെ സജീവമായി തിരിച്ചെത്തും എന്നും പ്രതീക്ഷിച്ചു. അതുണ്ടായില്ല, മലയാളികളെയാകെ ദുഃഖത്തിലാഴ്ത്തി ചേച്ചി വിടവാങ്ങിയിരിക്കുന്നു. സിനിമാലോകത്തെ സംബന്ധിച്ചു അക്ഷരാർത്ഥത്തിൽ നികത്താനാവാത്ത വിടവാണിത്. ചേച്ചിയുടെ കുടുംബത്തിന്റെയും മലയാളി സമൂഹത്തിന്റെയാകെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ''.

സ്പീക്കർ എംബി രാജേഷ്: '' കേരളത്തിൻ്റെ പ്രിയങ്കരിയായ അഭിനേത്രി കെ പി എ സി ലളിതയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. വളരെ സ്വാഭാവികമായും അനായാസമായും അഭിനയിച്ച് കഥാപാത്രത്തോട് ലയിച്ചു ചേരുന്ന സവിശേഷ സിദ്ധിയായിരുന്നു കെ പി എ സി ലളിതക്കുണ്ടായിരുന്നത്. നാടക രംഗത്തു നിന്നുള്ള നല്ല അനുഭവത്തിന്റെ കരുത്തും വൈവിധ്യവും ആഴവും അവരുടെ സിനിമാ അഭിനയത്തെ അവിസ്മരണീയമാക്കി. അഭിനയിച്ച കഥാപാത്രങ്ങളിലെല്ലാം കെ പി എ സി ലളിതയുടെ മുദ്ര പതിഞ്ഞിരുന്നു''.

''എനിക്ക് ഏറെ ഇഷ്ടമുള്ള നടിയാണവർ. വ്യക്തിപരമായി വളരെ നല്ല സ്നേഹബന്ധം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞു. എംപിയായിരിക്കുമ്പോൾ ഒന്നിച്ച് നിരവധി സാംസ്കാരിക പരിപാടികളിൽ പങ്കെടുത്തതിൻ്റെ ഊഷ്മളമായ ഓർമകളുണ്ട്. കേരളത്തിൻ്റെ ഇടതുപക്ഷ സാംസ്കാരിക മുന്നേറ്റത്തിലൂടെ കലാ രംഗത്തെത്തിയ അവർ നാടിൻ്റെയാകെ പ്രിയപ്പെട്ട കലാകാരിയായി വളർന്നു. സാംസ്കാരിക കേരളത്തിന് വലിയ നഷ്ടമാണുണ്ടായിരിക്കുന്നത്. അഭിനയിച്ച കഥാപാത്രങ്ങളിലൂടെ അവർ അനശ്വരയായി ആസ്വാദക മനസ്സിൽ ഉണ്ടാകും. സിനിമാ ആസ്വാദകരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു''.

പ്രതിപക്ഷ നേതാവ് വിഡി സതീശൻ: '' മലയാള സിനിമാ-നാടക വേദിയിലെ അതുല്യ പ്രതിഭയായ കെ.പി.എ.സി ലളിതയ്ക്ക് ആദരാഞ്ജലി... അസാധാരണ അഭിനയ പാടവം കൊണ്ട് ഓരോ കഥാപാത്രത്തെയും അവർ അനുപമമാക്കി. കഥാപാത്രങ്ങളോട് അങ്ങേയറ്റം നീതി പുലർത്തിയ അഭിനേത്രി... സ്വാഭാവിക അഭിനയത്തിന്റെ പാഠശാല... നാടകവേദി മൂർച്ച കൂട്ടിയതാണ് കെ.പി.എ.സി ലളിതയുടെ അഭിനയ പാടവം. കേരള സംഗീത നാടക അക്കാദമി അധ്യക്ഷയെന്ന നിലയിലും അവർ പ്രവർത്തിച്ചു. രണ്ടോ മൂന്നോ തലമുറകൾക്കൊപ്പം സഞ്ചരിച്ച അഭിനേത്രിയാണ് കെ.പി.എ.സി ലളിത. അഞ്ച് പതിറ്റണ്ടിലേറെ നീണ്ട അഭിനയ സപര്യയ്ക്ക് അവസാനം . ആ വലിയ വ്യക്തിത്വത്തിന്, കലാകാരിക്ക് പ്രണാമം''.

മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ: ''മലയാളത്തിന്റെ പ്രിയങ്കരിയായ കെപിഎസി ലളിതയുടെ വിയോഗവാര്‍ത്ത ഏറെ ദുഃഖകരമാണ്. മലയാളത്തിലും തമിഴിലുമായി 550 ല്‍ അധികം സിനിമകളില്‍ അഭിനയിച്ച അവര്‍ കെപിഎസി എന്ന മലയാളികള്‍ക്ക് സുപരിചിതമായ നാടക സമിതിയിലൂടെയാണ് അഭിനയ രംഗത്തേക്കെത്തുന്നത്. അഭിനേത്രി എന്നതിലുപരി വ്യക്തിപരമായി എനിക്കേറെ അടുപ്പമുണ്ടായിരുന്ന ഒരാളാണ് ലളിത ചേച്ചി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലും തുടര്‍ന്ന് മകന്റെ ഒപ്പം വീട്ടില്‍ വിശ്രമത്തിലുമിരിക്കുന്ന സമയത്ത് മകന്‍ സിദ്ധാര്‍ഥിനെ വിളിച്ച് ലളിത ചേച്ചിയെ കുറിച്ച് അന്വേഷിക്കാറുണ്ടായിരുന്നു. രോഗാവസ്ഥ ഗുരുതരമാണെന്ന് അറിഞ്ഞിരുന്നെങ്കിലും ആരോഗ്യവതിയായി അവര്‍ നമുക്കിടയിലേക്ക് തിരിച്ചെത്തുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചിരുന്നത്.

''അതുകൊണ്ടുതന്നെ ലളിതചേച്ചിയുടെ വിയോഗം ഏറെ ദുസ്സഹമായി. അഭിനയ രംഗത്ത് ഏറെ പുരസ്‌കാരങ്ങള്‍ നേടിയ അവര്‍ മലയാള സിനിമയുടെ തിളക്കമുള്ള മുഖമായിരുന്നു. കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്‌സണായും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രിയപ്പെട്ട കെപിഎസി ലളിതയുടെ വിയോഗം മലയാള സിനിമയ്ക്ക് മാത്രമല്ല കലാലോകത്തിനാകെയും സൃഷ്ടിക്കുന്ന ശൂന്യത നികത്താനാവാത്തതാണ്. ലളിത ചേച്ചിയെ സ്‌നേഹിക്കുന്ന എല്ലാവരോടുമൊപ്പം ഞാനും ഈ ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍...''

രമേശ് ചെന്നിത്തല: '' കൈയിൽ കിട്ടുന്ന ഏതു കഥാപാത്രത്തെയും അനന്യമായ അഭിനയ മികവോടെ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയം കവർന്ന അഭിനേത്രിയായിരുന്നു കെ.പി.എ.സി.ലളിത. പ്രത്യേകിച്ചും മധ്യതിരുവിതാംകൂറിലെ ടിപ്പിക്കൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ കെ.പി.എ.സി.ലളിതയെ വെല്ലാൻ ആർക്കും കഴിയുമായിരുന്നില്ല. മലയാളസിനിമയ്ക്ക് ഈ വിയോഗം വലിയൊരു നഷ്ടം തന്നെയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു''.

മന്ത്രി പി രാജീവ്: '' ഉജ്വലമായൊരു അഭിനയ ജീവിതമായിരുന്നു കെപിഎസി ലളിതയുടേത്. മലയാള ചലച്ചിത്ര രംഗത്തെ ഒട്ടുമിക്ക മഹാരഥന്മാർക്കൊപ്പവും മികച്ച വേഷങ്ങൾ ചെയ്യാൻ അവർക്ക് സാധിച്ചു. അമരത്തിലെയും ആരവത്തിലെയും നീലപ്പൊന്മാനിലെയും പ്രകടനങ്ങൾ. മതിലുകളിലെ നാരായണിയുടെ ശബ്ദം ഏതൊരാൾക്ക് മറക്കാൻ സാധിക്കും. ജീവിതത്തിലേക്ക് മടങ്ങാനുള്ള എല്ലാ പോരാട്ടവും നടത്തി ഒടുവിൽ ഇനിയൊരിക്കലും പൊങ്ങാത്ത തിരശ്ശീലക്ക് പിന്നിലേക്ക് അവർ മടങ്ങി. വ്യക്തിപരമായി ഏറെ അടുപ്പം അവരുമായി എക്കാലത്തും കാത്തുസൂക്ഷിച്ചിരുന്നു. പലപ്പോഴും ഇടതുപക്ഷത്തിൻ്റെ പൊതുപരിപാടികളിൽ കണ്ടുമുട്ടുമ്പോഴെല്ലാം തമാശകൾ പറഞ്ഞ് ചിരിപ്പിക്കാനും രാഷ്ട്രീയം പറഞ്ഞ് ചിന്തിപ്പിക്കാനും സാധിച്ചിരുന്ന വ്യക്തിത്വമായിരുന്നു. ഓർത്തെടുക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. ഈ വേളയിൽ എല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലി നേരുന്നു.

മന്ത്രി പിഎ മുഹമ്മദ് റിയാസ്: ''കെപിഎസി എന്ന നാലക്ഷരം മതിയായിരുന്നു ആ അതുല്യ പ്രതിഭയെ അടയാളപ്പെടുത്താൻ. അഭിനയമാണെന്ന് തോന്നാത്ത അഭിനയത്താൽ പതിറ്റാണ്ടുകൾ അവർ മലയാള ചലച്ചിത്ര ലോകത്തെ ധന്യമാക്കി. അവിസ്മരണീയമായ, എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങളെ അവർ വെള്ളിത്തിരയിൽ അനശ്വരമാക്കി. എക്കാലത്തും സാമൂഹ്യപ്രതിബദ്ധതയും ഇടതുപക്ഷ മനസ്സുമുള്ള കലാകാരിയായിരുന്നു. മലയാളസിനിമയ്ക്ക് കെപിഎസി ലളിതയുടെ വേർപാട് തീരാനഷ്ടമാണ്. അതുല്യ പ്രതിഭയുടെ ഓർമകൾക്ക് മുൻപിൽ ഒരുപിടി പൂക്കൾ..
ആദരാഞ്ജലികൾ..
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications