'പിപിഇ കിറ്റില്ലാതെ ആരോഗ്യപ്രവര്‍ത്തകര്‍ മരിച്ചുവീഴരുതായിരുന്നു, അസാധാരണ സാഹചര്യം'; സിഎജിയില്‍ മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് കാലത്ത് പിപിഇ കിറ്റ് ഉയര്‍ന്ന വിലക്ക് വാങ്ങി എന്ന സിഎജി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തിര സാഹചര്യത്തില്‍ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ അടിയന്തിരമായി വാങ്ങേണ്ട സമയമായിരുന്നു എന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. കാലതാമസം വരുത്തി ആളുകളെ മരണത്തിലേക്ക് തള്ളിവിടാന്‍ കഴിയുമായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
'പിപിഇ കിറ്റ് കിട്ടാത്ത അവസ്ഥ ഉണ്ടായിരുന്നു. ജനങ്ങള്‍ ആകെ പരിഭ്രാന്തരായിരിക്കുന്ന കാലമായിരുന്നു. എത്ര കാലം കൊവിഡ് നില്‍ക്കുമെന്ന് പറയാന്‍ കഴിയാത്ത കാലത്ത് പര്‍ച്ചേസ് മാനദണ്ഡം പാലിച്ച് നടപടി എടുത്താല്‍ മതിയായിരുന്നോ എന്നാണോ നിങ്ങള്‍ പറയുന്നത്? അന്ന് അടിയന്തിരമായി സാധനങ്ങള്‍ വാങ്ങാനാണ് തീരുമാനമെടുത്തത്. അതില്‍ ഒരു അസ്വാഭാവികതയുമില്ല', മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് കാലത്ത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത് എന്നും പിപിഇ കിറ്റ് അനിവാര്യമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഔദ്യോഗിക വിദഗ്ധ സമിതിയെ ആണ് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പെരുമാറാന്‍ ചുമതലപ്പെടുത്തിയത് എന്നും അദ്ദേഹം പറഞ്ഞു. അക്കാലത്ത് അടിയന്തര സാഹചര്യത്തിനൊപ്പം പെരുമാറേണ്ടി വന്നിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്ക് പലതിനും പല വിലയായിരുന്നു. കൊവിഡ് കാലവും സാധാരണ കാലവും തമ്മിലുള്ള വ്യത്യാസമുണ്ട് എന്നും കണക്കുകള്‍ കൂട്ടി വച്ച് വിലയിരുത്തിയാല്‍ ശരിയാകില്ല എന്നും അദ്ദേഹം പറഞ്ഞു. സിഎജി അവ്യക്തത സൃഷ്ടിക്കുകയാണ് ചെയ്തത്. സിഎജി റിപ്പോര്‍ട്ട് അന്തിമമല്ല. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി വിഷയം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകമാകെ മുന്‍ പരിചയമില്ലാത്ത ആരോഗ്യ അടിയന്തിരാവസ്ഥയെ നേരിട്ട അസാധാരണ സാഹചര്യമായിരുന്നു കൊവിഡ് കാലഘട്ടം എന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ സ്വന്തം ജീവന്‍ പണയം വെച്ചാണ് ജോലി ചെയ്തത്. ആ ഘട്ടത്തില്‍ അവരുടെ ജീവന്‍ രക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിന്റേതാണ് എന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വന്നപ്പോള്‍ മാസ്‌ക്, സാനിറ്റൈസര്‍, പിപിഇ കിറ്റ്, ഓക്‌സിമീറ്റര്‍ തുടങ്ങിയവയ്ക്ക് അസാധാരണമായ ഡിമാന്റായിരുന്നു.
രാജ്യത്തെ ഏറ്റവും പ്രധാന നഗരങ്ങളില്‍ പോലും ഓക്‌സിജന്‍ സിലിണ്ടര്‍ ലഭിക്കാതെ വന്നപ്പോള്‍ കേരളത്തില്‍ അങ്ങിനെ ഒരവസ്ഥ ഉണ്ടായിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവിടെ പൂര്‍ണവും സൗജന്യവുമായ ചികിത്സയാണ് സര്‍ക്കാര്‍ ഉറപ്പുവരുത്തിയത്. കൊവിഡിന് മുമ്പുള്ള 545 രൂപ എന്ന മാര്‍ക്കറ്റ് റേറ്റ് താരതമ്യം ചെയ്ത് മഹാമാരി കാലത്ത് പല അസംസ്‌കൃത വസ്തുക്കളും ലഭ്യമല്ലാതിരുന്ന സമയത്തോ അല്ലെങ്കില്‍ ഗതാഗതം, ഇറക്കുമതി എന്നിവ പ്രയാസം വന്ന സമയത്തോ വന്ന വിലവര്‍ധന കണക്കിലെടുക്കാതെയാണ് സിഎജി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
കുറഞ്ഞ വിലയ്ക്ക് പിപിഇ കിറ്റ് നല്‍കിയ കമ്പനി പകുതി എണ്ണം മാത്രമേ നല്‍കിയുള്ളൂ എന്നും അതേ വിലയ്ക്ക് ബാക്കി നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ടാണ് അവരുമായുള്ള പര്‍ച്ചേസ് ഉത്തരവ് റദ്ദാക്കിയത്. പിപിഇ കിറ്റ് അഴിമതി ആരോപണത്തില്‍ സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സിഎജിക്ക് ഉചിതവും വ്യക്തവുമായ മറുപടി സര്‍ക്കാര്‍ നല്‍കിയിരുന്നുവെന്നും പിണറായി നിയമസഭയില്‍ പറഞ്ഞു.
നേരത്തെ ആരോഗ്യമന്ത്രി വീണ ജോര്‍ജും പിപിഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് തള്ളിയിരുന്നു. വിപണിയില്‍ ലഭ്യമായതിനെക്കാള്‍ മൂന്നിരട്ടി വിലയ്ക്ക് കൊവിഡ് കാലത്ത് പിപിഇ. കിറ്റുകള്‍ വാങ്ങിയെന്നാണ് സിഎജി റിപ്പോര്‍ട്ട്.












Click it and Unblock the Notifications