കടുത്ത തലവേദനയും കഴുത്ത് വേദനയും, ചോദ്യം ചെയ്യലിനെത്താൻ ഇഡിയോട് കൂടുതൽ സമയം തേടി സിഎം രവീന്ദ്രൻ
തിരുവനന്തപുരം: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് കൂടുതല്‍ സമയം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍. കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന് വ്യക്തമാക്കിയാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ട് സിഎം രവീന്ദ്രന്‍ ഇഡിക്ക് കത്ത് അയച്ചിരിക്കുന്നത്. രണ്ട് ആഴ്ച കൂടി സമയം വേണം എന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ കൊവിഡ് ബാധിതനായിരുന്ന സിഎം രവീന്ദ്രനെ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹം ആശുപത്രിയില്‍ തന്നെ തുടരുകയാണ്. കടുത്ത തലവേദനയും കഴുത്ത് വേദനയുമുണ്ടെന്നും നടക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നും ഇഡിക്ക് അയച്ച കത്തില്‍ സിഎം രവീന്ദ്രന്‍ പറയുന്നു. മെഡിക്കല്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് കൂടി ചേര്‍ത്താണ് ഇഡിക്ക് കത്ത് നല്‍കിയിരിക്കുന്നത്.

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മൂന്ന് തവണയാണ് ഇഡി സിഎം രവീന്ദ്രന് കത്ത് നല്‍കിയിരുന്നത്. മൂന്ന് തവണയും രവീന്ദ്രന്‍ ഹാജരായിരുന്നില്ല. ആദ്യത്തെ തവണ കൊവിഡ് ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് എത്താതിരുന്നത്. കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രണ്ടാം തവണ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിവായത്. ഇന്ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതായിരുന്നു. അതിനിടെയാണ് കൂടുതല്‍ സമയം തേടിക്കൊണ്ടുളള കത്ത് നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications