'കരുവന്നൂരിൽ ഉന്നത കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് പങ്ക്, നടപടി ഉറപ്പാക്കും'; മോദി
തിരുവനന്തപുരം: കരുവന്നൂർ , സ്വർണക്കടത്ത് കേസുകളിൽ സിപിഎമ്മിനെ രൂക്ഷമായി കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഉന്നത കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് പങ്കുണ്ടെന്നും അവർക്കെതരെ ശക്തമായ നടപടി ഉണ്ടാകുമെന്നും മോദി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെ ഉന്നമിട്ട് സ്വർണക്കടത്ത് കേസിൽ ഒരു പ്രത്യേക ഓഫീസിന് ബന്ധമുണ്ടെന്ന കാര്യം എല്ലാവർക്കും അറിയാമെന്നും മോദി പറഞ്ഞു. കേരളത്തിലെ ബൂത്തുതല കാര്യകർത്താക്കളുമായി നമോ ആപ് വഴിയുള്ള ഓൺലൈൻ സംവാദത്തിലാണ് പരാമർശം....
'പരസ്‌പരം അഴിമതികൾ മറച്ചുവെക്കാനാണ് ഇന്ത്യൻ സഖ്യം രൂപീകരിച്ചിരിക്കുന്നത്. സ്വർണക്കടത്തിൻ്റെ കണ്ണികൾ ഒരു പ്രത്യേക ഓഫീസുമായി ബന്ധമുണ്ടെന്ന് ഇവിടെ എല്ലാവർക്കും അറിയുന്ന കാര്യമാണ്. അതുപോലെ കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് കുംഭകോണത്തിൽ കമ്മ്യൂണിസ്റ്റുകാരായ ഉന്നത നേതാക്കളും ഉൾപ്പെട്ടിട്ടുണ്ട്. പാവപ്പെട്ടവരുടെ പണം കൊള്ളയടിക്കുന്നതിലാണ് ഈ തട്ടിപ്പ് കലാശിച്ചത്.

ഈ കുറ്റകൃത്യങ്ങൾ ചെയ്യുകയും പാവപ്പെട്ടവരിൽ നിന്ന് മോഷ്ടിക്കുകയും ചെയ്ത കുറ്റവാളികളെ ശിക്ഷിക്കാതെ പോകാൻ അനുവദിക്കില്ലെന്ന് കേരളത്തിലെ ജനങ്ങൾക്ക് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. അവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും നീതി ഉറപ്പാക്കുകയും ചെയ്യും', മോദി പറഞ്ഞു.
കേരളത്തില്‍ പോരടിക്കുന്ന ഇൻഡി സഖ്യത്തിലെ പാര്‍ട്ടികള്‍, ബിജെപിയെ തോല്‍പിക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ കൈകോര്‍ക്കുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തുറന്ന് കാട്ടണമെന്നും നേതാക്കളോട് മോദി പറഞ്ഞു. കേരളത്തിൽ ഇത്തവണ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന പ്രതീക്ഷയും മോദി പങ്കുവെച്ചു.
കേരളത്തിൽ ഇത്തവണ അട്ടിമറി മുന്നേറ്റം ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. സുരേഷ് ഗോപിയിലൂടെ ഇത്തവണ കേരളത്തിൽ താമരവിരിയുമെന്നാണ് നേതൃത്വത്തിന്റെ കണക്ക് കൂട്ടൽ. മാത്രമല്ല തിരുവനന്തപുരം അടക്കമുള്ള മണ്ഡലത്തിൽ നിർണായക ശക്തിയാകാൻ കഴിയുമെന്നും ബി ജെ പി കണക്ക് കൂട്ടുന്നു. തൃശൂർസ തിരുവനന്തപുരം, ആറ്റിങ്ങൽ, പാലക്കാട്, പത്തനംതിട്ട തുടങ്ങിയ മണ്ഡലങ്ങൾ എ പ്ലസ് കാറ്റഗറിയിൽ ഉൾപ്പെടുത്തി ശക്തമായ പ്രചരണമാണ് ഇവിടെ ബി ജെ പി കാഴ്ചവെയ്ക്കുന്നത്. അതേസമയം ഇത്തവണയും സംസ്ഥാനത്ത് താമര വിരിയില്ലെന്നാണ് പുറത്തുവന്ന അഭിപ്രായ സർവ്വേകളിലെ പ്രവചനം. തൃശൂരിലടക്കം കേരളത്തിലെ 20 മണ്ഡലങ്ങളിലും യു ഡി എഫും തമ്മിലായിരിക്കും പോരാട്ടം എന്നും സർവ്വേകൾ പ്രവചിക്കുന്നു,












Click it and Unblock the Notifications