ഗോവയില്‍ എഎപി മുന്‍ സംസ്ഥാന കണ്‍വീനറെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
പനാജി: വരാനിരിക്കുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആറാമത്തെയും അവസാനത്തെയും സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. മുൻ ആം ആദ്മി പാർട്ടി (എഎപി) സംസ്ഥാന കൺവീനറുമായ എൽവിസ് ഗോമസ് കോണ്‍ഗ്രസ് പട്ടികയില്‍ ഇടം പിടിച്ചു എന്നതാണ് ശ്രദ്ധേയം. തലസ്ഥാനമായ പനാജിയിലെ മണ്ഡലത്തില്‍ നിന്നുമാണ് മുന്‍ ബ്യൂറോക്രാറ്റ് കൂടിയായ എൽവിസ് ഗോമസ്. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാർട്ടിയിൽ ചേരുന്നതിനായി സിവിൽ സർവീസ് ഉപേക്ഷിച്ച ഗോമസ് പിന്നീട് അരവിന്ദ് കെജ്രിവാളിന്റെ തട്ടകം വിടുകയായിരുന്നു.
2020 ഡിസംബറിലാണ് കോൺഗ്രസിൽ ചേർന്നത്. രൂപീകരണ കാലത്ത് ആം ആദ്മി പാർട്ടി മുന്നോട്ട് വെച്ച ആശയങ്ങള്‍ അവർ നടപ്പിലാക്കുന്നില്ലെന്ന ആരോപണം ഉയർത്തിയായിരുന്നു പാർട്ടി വിട്ടത്. ബി ജെ പിയുടെ അറ്റനാസിയോ "ബാബുഷ്" മോൺസെറേറ്റിനെയാണ് പനാജിയില്‍ ഗോമസിന്റെ എതിരാളി. സീറ്റ് നിഷേധിക്കപ്പെട്ട ഉത്പല്‍ ഇവിടെ നിന്നും സ്വതന്ത്രനായി മത്സരിക്കാന്‍ സാധ്യതയുണ്ട്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകനാണ് ഉത്പല്‍. അങ്ങനെയങ്കിലും ശക്തമായ ത്രികോണ മത്സരമായിരിക്കും മണ്ഡലത്തില്‍ നടക്കുക.

ഗോമസിനെ കൂടാതെ, മുൻ ബി ജെ പി എംഎൽഎ കാർലോസ് അൽമേഡയെയും കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് തവണയായി അദ്ദേഹം പ്രതിനിധീകരിക്കുന്ന മണ്ഡലമായ വാസ്കോഡ ഗാമ മണ്ഡലത്തിലാണ് കോണ്‍ഗ്രസും കാർലോസ് അൽമേഡയ്ക്ക് ടിക്കറ്റ് നല്‍കിയിരിക്കുന്നത്. ആൻറണി "ടോണി" ഡയസ് (ബെനൗലിം), അമിത് പട്കർ (കർക്കോറെം), തുക്കാറാം ബോർക്കർ (സിറോഡ) എന്നിവരെയും പാർട്ടി സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചു.
തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന, എന്‍ സി പി എന്നിവരുടെ സഖ്യ ക്ഷണം നിരസിച്ച കോണ്‍ഗ്രസ് ഗോവ ഫോർവേഡ് പാർട്ടിയുമായി സഖ്യത്തിലേർപ്പെടുകയും സഖ്യകക്ഷിക്ക് മൂന്ന് സീറ്റുകൾ വിട്ടുനൽകുകയും ചെയ്തിട്ടുണ്ട്. അതേസമയം എന്‍സിപിയും നാല് സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. മുൻ മന്ത്രി ജോസ് ഫിലിപ്പ് ഡിസൂസ, ദബോലിമിൽ നിന്ന് രെഹാൻ മുസാവർ, പ്രിയോളിൽ നിന്ന് ദിഗ്വിജയ് പ്രിയോൾക്കർ വെർലേക്കർ, ഷിരോദയിൽ നിന്ന് സുഭാഷ് പ്രഭുദേശായി എന്നിവരാണ് മത്സരിക്കുന്നത്. ശിവസേനയുമായി സഖ്യം ചേർന്നാണ് എന്‍ സി പിയുടെ മത്സരം. ഗോവയിൽ ഇരു പാർട്ടികളും ഒരു ഡസനോളം സീറ്റുകളിൽ ഒരുമിച്ച് മത്സരിക്കുമെന്നും.












Click it and Unblock the Notifications