മാറ്റം അനിവാര്യമെന്ന് തരൂർ, ഒരു മിശിഹയും ഇനി വരാനില്ലെന്ന് റിജിൽ മാക്കുറ്റി;പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ
കൊച്ചി; സമാനതകൾ ഇല്ലാത്ത തിരിച്ചടിയാണ് അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റുവാങ്ങിയത്. ഭരണത്തിൽ ഉണ്ടായിരുന്ന പഞ്ചാബിൽ ഉൾപ്പെടെ കോൺഗ്രസ് ദയനീയ തോൽവി രുചിച്ചു. പാർട്ടിക്ക് നേരിട്ട തിരിച്ചടിയിൽ കടുത്ത അമർഷമാണ് കോൺഗ്രസിനുള്ളിൽ ഉയരുന്നത്. അതിനിടെ പരാജയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ.

മാറ്റം അനിവാര്യമാണെന്നായിരുന്നു ശശി തരൂർ എം പി പ്രതികരിച്ചത്. വീണ്ടും ജ്വലിപ്പിക്കുകയും ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന രീതിയിൽ നമ്മുടെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.തരൂരിന്റെ കുറിപ്പ് ഇങ്ങനെ-ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ വിശ്വസിക്കുന്ന നമ്മളെല്ലാം ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങളിൽ വേദനിക്കുന്നു.
കോൺഗ്രസ് നിലകൊള്ളുന്ന ഇന്ത്യയുടെ ആശയവും അത് രാഷ്ട്രത്തിന് നൽകുന്ന പോസിറ്റീവ് അജണ്ടയും വീണ്ടും ഉറപ്പിക്കുകയും ആ ആശയങ്ങളെ വീണ്ടും ജ്വലിപ്പിക്കുകയും ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന രീതിയിൽ നമ്മുടെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിത്.
ഒരു കാര്യം വ്യക്തമാണ് -- നമുക്ക് വിജയിക്കണമെങ്കിൽ മാറ്റം അനിവാര്യമാണ്, പോസ്റ്റിൽ പറയുന്നു. അതേസമയം
ഒരു മിശിഹയും ഇനി വരാനില്ലെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ ദേശീയ വൈസ് പ്രസിഡന്‍റായ റിജില്‍ മാക്കുറ്റിയുടെ ഫേസ്ബുക് പോസ്റ്റ്.

ഭരണത്തിലിരുന്ന പഞ്ചാബിൽ ഉൾപ്പെടെയാണ് കോൺഗ്രസ് കനത്ത തിരിച്ചടി നേരിട്ടത്. 117 അംഗ നിയമസഭയിൽ 20 സീറ്റുകൾ പോലും പാർട്ടിക്ക് തികച്ച് നേടാൻ സാധിച്ചില്ല. മാത്രമല്ല മുഖ്യമന്ത്രി ചരൺ ജിത്ത് സിംഗ് ചന്നി, പി സി സി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു എന്നിവർ ഉൾപ്പെടെ തോൽവി രുചിച്ചു. അതേസമയം സംസ്ഥാനത്ത് രണ്ടാം അങ്കത്തിനിറങ്ങിയ ആം ആദ്മി പാർട്ടി പഞ്ചാബ് തൂത്തുവാരി. 90 ഓളം സീറ്റുകളിലാണ് ആം ആദ്മി ലീഡ് ചെയ്യുന്നത്.

ഒരിക്കൽ ഭരിച്ചിരുന്ന സംസ്ഥാനമായ ഉത്തർപ്രദേശിൽ പ്രിയങ്ക ഗാന്ധി ഓടി നടന്ന് പ്രചരണം നടത്തിയിട്ടും കോൺഗ്രസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരാജയമാണ് നേരിട്ടത്. 2017 ൽ 7 സീറ്റുകൾ നേടിയ കോൺഗ്രസിന് ഇക്കുറി ലഭിച്ചത് 3 സീറ്റുകളാണ്. പാർട്ടിയുടെ തട്ടകങ്ങളായ അമേഠിയിലും റായ്ബറേലിയിലും ഉൾപ്പെടെ കോൺഗ്രസ് തിരിച്ചടി നേടി.

തുടക്കത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വെച്ച ഗോവയിൽ ഇത്തവണ 12 ഇടത്ത് മാത്രമാണ് കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 17 സീറ്റ് നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. അതേസമയം കഴിഞ്ഞ തവണ 13 സീറ്റ് നേടിയ ബി ജെ പി ഇത്തവണ 19 ഇടത്ത് മുന്നിട്ട് നിൽക്കുന്നുണ്ട്. കന്നി പോരാട്ടത്തിനിറങ്ങിയ തൃണമൂൽ കോൺഗ്രസിന് രണ്ടിടത്താണ് സീറ്റ് ലഭിച്ചത്. അതേസമയം ആം ആദ്മി പാർട്ടി ഇത്തവണയും സംപൂജ്യരായി.
Recommended Video

15 കൊല്ലം തുടർച്ചയായി ഭരിച്ച മണിപ്പൂരിലും കോൺഗ്രസ് തോൽവി ഏറ്റുവാങ്ങി. കഴിഞ്ഞ തവണ സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷി കോൺഗ്രസ് ആയിരുന്നു. 24 സീറ്റുകളായിരുന്നു അന്ന് നേടിയത്. എന്നാല് ഇത്തവണ ലഭിച്ചത് വെറും നാല് സീറ്റുകളാണ്. എൻ പി പി 9 സീറ്റുകളിലും ബി ജെ പി 31 സീറ്റുകളിലും മറ്റ് പാർട്ടികൾ 16 സീറ്റുകളിലുമാണ് മുന്നിട്ട് നിൽക്കുന്നത്.












Click it and Unblock the Notifications