'രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധ തിരിക്കാന്‍ ഞാഞ്ഞൂലുകള്‍ക്കാവില്ല'; പരിഹാസവുമായി വിടി ബൽറാം
രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധ തിരിക്കാന്‍ ഞാഞ്ഞൂലുകള്‍ക്കാവില്ലന്ന് വിടി ബൽറാം. പാലക്കാട് രാഹുൽ ഗാന്ധിക്കെതിരെ ഡിവൈഎഫ്ഐ ഉയർത്തിയ 'പോറോട്ട' ബാനറിനെതിരെയാണ് ബൽറാമിന്റെ പരിഹാസം. കേരളത്തിൽ സിപിഎം ബിജെപിയുടെ എ ടീമാണെന്നും ബൽറാം ആരോപിച്ചു.
യാത്ര കേരളത്തിൽ എത്തിയ ദിവസം മുതൽ സിപിഎമ്മിന്റെ വിവിധ നേതാക്കൾ യാതയെ പരിഹസിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. സിപിഎമ്മിലെ
യുവ നേതാക്കൾ ഭാരത് ജോഡോയെ കണ്ടയ്നർ യാത്രയെന്നാണ് വിശേഷിപ്പിച്ചത്.

ഒരു ഘട്ടം കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി പിണായി വിജയൻ തന്നെ യാത്രയെ അധിക്ഷേപിച്ച് രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധിക്ക് ആർഎസ്എസിന്റെ മുഖമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ സിപിഎമ്മിന്റെ മനോഭാവം കൂടിയാണ് ഇത് കാണിക്കുന്നത്.യാത്രയിലുടനീളം രാഹുൽ ഗാന്ധി വിമർശിക്കുന്നത് ആർഎസ്എസിനെയാണ്. പക്ഷേ ഇതിനെ തിരിച്ചറിയാൻ കേരളത്തിൽ ബിജെപിയുടെ എ ടീമായി പ്രവർത്തിക്കുന്ന സിപിഎമ്മിനാകുന്നില്ല എന്നതാണ് വസ്തുത. സിപിഎമ്മിന്റെ ഏറ്റവും അവസാനത്തെ അസഹിഷ്ണുതയാണ് പാലക്കാട് ഡിവൈഎഫ്ഐ ഉയർത്തിയ ബാനർ.

കോൺഗ്രസിനെ തകർക്കാൻ ആരോടും കൂട്ട് കൂടും എന്ന് പറഞ്ഞ ഇഎംഎസിന്റെ നാട്ടിലാണ് ബാനർ ഉയർന്നത് എന്നത് ഏറെ രസകരമാണ്. ഇത്രയും കാലം കഴിഞ്ഞിട്ടും അവർക്ക് ആ കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിൽ നിന്ന് പുറത്ത് വരാൻ ആയിട്ടില്ല. എന്നാൽ ഇത്തരത്തിലുള്ള ആഹ്വാനത്തെ എല്ലാം തള്ളിക്കളഞ്ഞ് കൊണ്ട് രാഹുൽ ഗാന്ധിയുടെ യാത്രക്ക് പിന്തുണയുമായി നിരവധി പേരെത്തി. സിപിഎമ്മിന്റെ അണികൾക്ക് പോലും ആ രാഷ്ട്രീയത്തിനോട് താൽപര്യമില്ല എന്നതിന്റെ തെളിവാണ് അത്.

ഈ യാത്ര രാജ്യത്തെ ഒന്നിപ്പിക്കാനുള്ളതാണ്. സംഘപരിവാറിനെതിരായി ഉള്ളതാണ്. ഹോളിവുഡ് അഭിനയതാക്കൾ അടക്കം ഈ യാത്രയ്ക്ക് ആശംസ അറിയിക്കുന്നു. എന്നിട്ടും സിപിഎമ്മിന് എന്തിനാണ് ഇത്രയും അസഹിഷ്ണുത. കേരളത്തിലെ സിപിഎം അസ്ഹിഷ്ണുക്കളും, അപഹർഷത ബോധമുള്ളവരുമായി ചുരുങ്ങുന്നത് നാടിന് തിരിച്ചറിയാൻ കഴിയുന്നുണ്ട്. സിപിഎമ്മിന്റെ വിമർശനങ്ങൾ കോൺഗ്രസിന് കരുത്തായാണ് മാറുന്നതെന്നും ബൽറാം പറഞ്ഞു

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ ഉയർത്തിയ ബാനറിനെ രൂക്ഷമായി പരിഹസിച്ച് നേരത്തെ വിടി ബൽറാം ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. കറുത്ത ബാനറുമായി കമ്മികൾ,തുടുത്ത മനസ്സുമായി ജനങ്ങൾ എന്നായിരുന്നു ബാനറിന്റെ ചിത്രം പോസ്റ്റ് ചെയ്തുള്ള വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതേ കെട്ടിടത്തിൽ യാത്ര കാണാൻ നിരവധി സ്ത്രീകൾ കയറി നില്‍ക്കുന്നതിന്‍റെ ചിത്രമടക്കം പോസ്റ്റ് ചെയ്തായിരുന്നു ബൽറാമിന്റെ പരിഹാസം.
പൊറോട്ടയല്ല, കുഴിമന്തിയാണ് പെരിന്തൽമണ്ണയിൽ ബെസ്റ്റെന്നായിരുന്നു ഡിവൈഎഫ്ഐയുടെ ബാനറിലുള്ളത്.












Click it and Unblock the Notifications