Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിത് ഷാ രാജിവെക്കേണ്ട സമയം എന്നേ അതിക്രമിച്ചു; മോദി ഭൂട്ടാനില്‍ നൃത്തം ചെയ്യുന്നു- ജിന്റോ ജോണ്‍

ഡല്‍ഹി ചെങ്കോട്ടയ്ക്ക് അടുത്തുണ്ടായ ഭീകരാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ ഉത്തരവാദി ആര് എന്ന ചോദ്യമുയര്‍ത്തി കെപിസിസി വക്താവ് ഡോ. ജിന്റോ ജോണ്‍. സുരക്ഷാ വീഴ്ചയ്ക്ക് ഉത്തരവാദി സര്‍ക്കാര്‍ ആണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കേണ്ട സമയം എന്നേ കഴിഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുല്‍വാമ, പഹല്‍ഗാം, ഡല്‍ഹി തുടങ്ങി ആക്രമണങ്ങള്‍ തുടര്‍ച്ചയായി സംഭവിക്കുകയും നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടും സര്‍ക്കാരിന് ഉത്തരവാദിത്തമില്ലേ. സുരക്ഷാ വീഴ്ചയെ കുറിച്ച് ചോദിക്കാന്‍ പാടില്ലേ. ഇതെല്ലാം ചോദിക്കാനുള്ള സമയം കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുമത്രെ. എന്തുവന്നാലും ചോദ്യം ചോദിച്ചുകൊണ്ടേ ഇരിക്കുക എന്നതാണ് ജനാധിപത്യത്തിലെ ഉത്തരവാദിത്തം എന്നും ജിന്റോ ജോണ്‍ ഓര്‍മപ്പെടുത്തുന്നു.

jinto john says modi resign-

ജിന്റോ ജോണിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''ഡല്‍ഹി ചെങ്കോട്ടയില്‍ 13 മനുഷ്യര്‍ മരണപ്പെട്ട ഭീകരാക്രമണം നടന്നത് വൈകിട്ട് 6.52 നാണ്. രാജ്യത്ത് ഭീകരാക്രമണവും കള്ളപ്പണം വ്യാപനം തടയലും ലക്ഷ്യം വെച്ച് മോദി സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പാക്കിയതിന്റെ ഒമ്പതാം വാര്‍ഷികത്തിന്റെ രണ്ടാം നാളാണ് ഈ ഭീകരാക്രമണം നടന്നത്! 2016 നവംബര്‍ 8 ന് ശേഷം രാജ്യത്ത് ഇതുവരെ 5500 ലധികം ഭീകരാക്രമണങ്ങള്‍ നടന്നതില്‍ തൊള്ളായിരത്തോളം സിവിലിയന്‍മാരും അഞ്ഞൂറോളം സുരക്ഷാ ഉദ്യോഗസ്ഥരും മരണപ്പെട്ടിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം അതിനേക്കാള്‍ ഒരുപാട് ആയിരക്കണക്കിനാണ്. ഇതില്‍ തന്നെ പൊതുജനശ്രദ്ധയില്‍ വന്നിട്ടുള്ള അക്രമങ്ങള്‍ അമര്‍നാഥ് യാത്രയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണവും പുല്‍വാമയിലെ പട്ടാളക്കാരുടെ കോണ്‍വോയ്ക്ക് നേരെയുണ്ടായ അറ്റാക്കും പഹല്‍ഗാം, ഡല്‍ഹി ഭീകരാക്രമണവുമെല്ലാമാണ്.

പുല്‍വാമയില്‍ 300 കിലോ ആര്‍ഡിഎക്‌സുമായി മണിക്കൂറുകളോളം കാറില്‍ കാത്തുകിടന്നാണ് 40 പട്ടാളക്കാരെ പെരുവഴിയില്‍ കൊന്നുകളഞ്ഞത്. അതിര്‍ത്തികടന്ന് നൂറുകണക്കിന് കിലോമീറ്റര്‍ ഉള്ളില്‍ വന്നു എല്ലാ സുരക്ഷാ സംവിധാനങ്ങളേയും വെല്ലുവിളിച്ചു നടത്തിയ പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 സിവിലിയന്‍സാണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയിലെ അറ്റാക്കും സമാന രീതിയിലാണ്. പകല്‍സമയത്ത് സ്‌ഫോടവസ്തുക്കളുമായി 3 മണിക്കൂറോളം ഒരു കാറില്‍ ചെങ്കോട്ട പോലെ അതീവ സുരക്ഷാ മേഖലയില്‍ പാര്‍ക്ക് ചെയ്താണ് സ്‌ഫോടനം നടത്തിയത്. ഇവിടെ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായി എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. പക്ഷേ സുരക്ഷാ വീഴ്ച്ചയെ കുറിച്ച് ചോദിക്കുന്നതിനുള്ള സമയം കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുമത്രേ?

2008 നവംബര്‍ 26ന് മുംബൈ ഭീകരാക്രമണം ഉണ്ടായതിന്റെ രണ്ടാം നാള്‍ നവംബര്‍ 28ന് നരേന്ദ്രമോദി മുംബൈയിലെ ഒബ്രോയി റൈഡന്റ് ഹോട്ടലിന്റെ മുന്നില്‍ നിന്ന് പത്രക്കാരോട് സുരക്ഷാ വീഴ്ചയെ കുറിച്ച് വാവിട്ട് പറഞ്ഞതും അതിന്റെ പിറ്റേന്ന് ഭീകരാക്രമണത്തിനെതിരെ പൊരുതാന്‍ ശേഷിയുള്ളത് ബിജെപിക്ക് മാത്രമാണെന്നുള്ള പത്രപരസ്യം രാജ്യത്തെമ്പാടും കൊടുത്തതും ഇവര്‍ക്ക് രാജ്യസ്‌നേഹമില്ലാഞ്ഞിട്ടാകുമല്ലോ അല്ലേ? രാജ്യം ഭീകരാക്രമണത്തെ നേരിടുമ്പോള്‍ ഭരണകൂടത്തോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടില്ല എന്നുള്ള വെളിപാട് എന്നുമുതലാണ് ബിജെപിക്ക് ശീലമായത്? നരേന്ദ്രമോദി പ്രധാനമന്ത്രി ആയതിനുശേഷം മാത്രമല്ലേ? ഒരിക്കലും ബിജെപി ഭരിക്കില്ല എന്നോര്‍ത്താണോ അന്നതൊക്കെ തള്ളി മറിച്ചത്? ഇന്ന് അതിര്‍ത്തി സുരക്ഷയും, പട്ടാളവും ആയുധങ്ങളും അധികാരങ്ങളും മോദിയുടെ വിളിപ്പുറത്തല്ലേ? നിങ്ങളുടെ മുന്‍ സിദ്ധാന്തമനുസരിച്ച് ഇപ്പോള്‍ മോദിയല്ലാതെ മറ്റാരാണ് ഇതിനെല്ലാം ഉത്തരവാദി?

ഇവിടെ ഭീകരാക്രമണം നടത്തിയ തീവ്രവാദികള്‍ ഏതെങ്കിലും ഒരു മതത്തിനോ മനുഷ്യര്‍ക്കോ വേണ്ടിയല്ല, ഈ രാജ്യത്തിനും ഇവിടുത്തെ മുഴുവന്‍ മനുഷ്യര്‍ക്കും എതിരായ അക്രമമാണ് ചെയ്തത്. അക്കാര്യത്തില്‍ ഒരു തര്‍ക്കത്തിന് പോലുമിടയില്ല. ഡല്‍ഹി അക്രമത്തില്‍ മരണപ്പെട്ട മനുഷ്യരുടെ ജാതിയും മതവും ആരും തിരയുന്നില്ല എന്നതും ഇപ്രാവശ്യം ഒരു കൗതുകമാണ്! കൊല്ലുന്ന നികൃഷ്ടര്‍ ആരായാലും കൊല്ലപ്പെട്ടവരെല്ലാം ഇന്ത്യന്‍ പൗരരാണ്. ഇതിന്റെയെല്ലാം ഉത്തരവാദികള്‍ ആരാണ് എന്നാണ് പരിശോധിക്കേണ്ടത്.

ഉത്തരവാദിത്വത്തിലും സുരക്ഷാ സംവിധാനങ്ങളിലും വലിയ വീഴ്ച സംഭവിച്ചിട്ടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയം മറുപടി പറയേണ്ട നിരവധി ചോദ്യങ്ങള്‍ ഇപ്പോഴും ഉത്തരമില്ലാതെ അവശേഷിക്കുന്നുണ്ട്. പുല്‍വാമയും മണിപ്പൂരും മുതല്‍ പഹല്‍ഗാം വരെ സംഭവിച്ചപ്പോള്‍ ചോദ്യം ചോദിക്കേണ്ട സമയക്രമം കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കും എന്നാണ് പറഞ്ഞത്. അത് ചോദ്യങ്ങളെ ഭയക്കുന്ന സര്‍ക്കാരിന്റെ നേര്‍ച്ചിത്രമാണ് വരച്ചുകാട്ടുന്നത്. രാജ്യത്തെ പൗരര്‍ ഭരണകൂട വീഴ്ച കൊണ്ട് നിരന്തരം കൂട്ടമായി കൊല്ലപ്പെടുമ്പോള്‍ ചോദ്യങ്ങളുയര്‍ത്തുന്ന മുഴുവന്‍ മനുഷ്യരേയും രാജ്യദ്രോഹികളായാണ് ബിജെപി മുദ്രകുത്തുന്നത്. ആ ചാപ്പ ഇനി ഏല്‍ക്കില്ല.

അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ ഭീകരരോട് ഏറ്റുമുട്ടി വീരമൃതി വരിക്കുന്നത് പോലെയല്ല രാജ്യത്തിനകത്ത് നിരന്തരമായി ആസൂത്രിത ഭീകരാക്രമണങ്ങളില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നത്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളിലും സംശയം ജനിപ്പിക്കുന്ന ഇത്തരം ഭീകരാക്രമണങ്ങള്‍ വിരല്‍ ചൂണ്ടുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പരാജയത്തിലേക്കും അനാസ്ഥയിലേക്കുമാണ്. സാമാന്യബോധമുള്ള സകല മനുഷ്യര്‍ക്കും ബോധ്യപ്പെടുന്ന അക്കാര്യം സംഘികള്‍ക്ക് മാത്രം ഇപ്പോഴും മിടുക്കാണെന്നത് രാജ്യത്തിന്റെ ദുര്യോഗമാണ്.

മുംബൈ ഭീകരാക്രമണത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ രാജിവച്ച മുന്‍ അനുഭവങ്ങള്‍ ധാര്‍മ്മികത തൊട്ടുതീണ്ടാത്ത നരേന്ദ്രമോദി സര്‍ക്കാരില്‍ പ്രതീക്ഷിക്കുന്നതേ വിഡ്ഢിത്തരമല്ലേ. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആരുമില്ലാത്ത ഗതികെട്ട അവസ്ഥയിലാണ് ഇന്ത്യന്‍ ജനാധിപത്യം. അതല്ലെങ്കില്‍ കേന്ദ്ര ആഭ്യന്തമന്ത്രി അമിത്ഷാ രാജിവയ്‌ക്കേണ്ട കാലം എന്നേ അതിക്രമിച്ചിരിക്കുന്നു. ഉത്തരം പറയേണ്ട മോദി ഭൂട്ടാന്‍ രാജാവിന്റെ ബര്‍ത്ത്‌ഡേ ആഘോഷത്തില്‍ നൃത്തം ചെയ്യുന്ന തിരക്കിലാണ്!

അയല്‍പക്കത്തെ രാജാവിന്റെ ജന്മദിന ആട്ടം കഴിഞ്ഞു നരേന്ദ്രമോദി തിരിച്ചെത്തുമ്പോള്‍ ഈ രാജ്യത്തെ മനുഷ്യര്‍ക്ക് മേല്‍ ഭീകരവാദികള്‍ മരണതാണ്ഡവം നടത്തുന്നു അകത്ത് നിന്നും പുറത്ത് നിന്നുമുള്ള ഭീകരര്‍ നടത്തിയ അക്രമങ്ങളായാലും സംചോത്സാ എക്‌സ്പ്രസ് അക്രമം, മക്കാ മസ്ജിദ് അക്രമം, മലേഗാവ് സ്‌ഫോടനം പോലുള്ള അനവധി അക്രമങ്ങളായാലും യഥാര്‍ത്ഥ കുറ്റവാളികളെ പിന്നീട് കണ്ടെത്തിയാലും ജനങ്ങളവരെ തിരിച്ചറിഞ്ഞാലും കോടതികള്‍ വെറുതെ വിടുമ്പോള്‍, കൊല്ലപ്പെട്ട മനുഷ്യര്‍ എങ്ങനെ മരണപ്പെട്ടുവെന്നും കൊന്നവര്‍ ആരാണെന്നും മാത്രം നിയമപരമായി ഉറപ്പിക്കാത്ത നിരവധി സംശയങ്ങളുടെ കാലഘട്ടം കൂടിയാണ് ഈ സംഘപരിവാര്‍ ഭരണകൂട കാലം.

ഇതിനെല്ലാം ഉത്തരം പറയേണ്ടവരും ഉത്തരവാദിയായവരും ഉത്തരമില്ലാതെ, ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്കെതിരെ രാജ്യദ്രോഹി പട്ടം ചാര്‍ത്തുന്നതിന്റെ തിരക്കിലാണ്. ഈ രാജ്യത്തെ സകല മനുഷ്യരെയും കൊള്ളയടിച്ചും കപട വാഗ്ദാനങ്ങള്‍ നല്‍കിയും വിദേശ വിനോദയാത്രകള്‍ ആനന്ദകരമാക്കുന്ന നരേന്ദ്രമോദി ഉത്തരം മുട്ടിയിരിക്കുമ്പോള്‍ നിരന്തരം ചോദ്യങ്ങള്‍ ചോദിക്കുക എന്നതാണ് ഏതൊരു രാജ്യസ്‌നേഹിയുടെയും ഏറ്റവും പ്രധാനപ്പെട്ട ആനുകാലിക ഇന്ത്യന്‍ ഉത്തരവാദിത്തം. ഈ സമയത്ത് പോലും ഒറ്റ ചോദ്യം പോലുമില്ലാത്തവരാണ് ശരിക്കും രാജ്യദ്രോഹികള്‍... കൊല്ലുന്നവരേക്കാള്‍ വിഷമുള്ള കൊലയ്ക്ക് കൂട്ടുനില്‍ക്കുന്ന മൗനഭീകരവാദികള്‍. തക്കം പാര്‍ത്തിരിക്കുന്ന മുന്നമാര്‍.''

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+