പ്രാഞ്ചിയേട്ടന് പത്മശ്രീക്ക് ബയോഡാറ്റ തയ്യാറാക്കിക്കൊടുക്കുന്ന സീൻ ഓർമ്മവരുന്നു; ബ്രിട്ടാസിനെ പരിഹസിച്ച് ബൽറാം
തിരുവനന്തപുരം: മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനും മുതിര്‍ന്ന നേതാവുമായിരുന്നു കെജി മാരാരുടെ ജീവചരിത്ര പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത ഇടത് എംപിയും മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം രംഗത്ത്. ചടങ്ങില്‍ പങ്കെടുത്ത് ജോണ്‍ ബ്രിട്ടാസ് സംസാരിക്കുന്ന വീഡിയോ പങ്കുവച്ചാണ് വിടി ബല്‍റാമിന്റെ പരിഹാസം. ഈ വീഡിയോ കണ്ടിട്ട് പ്രാഞ്ചിയേട്ടന് പത്മശ്രീക്ക് വേണ്ടി ബയോഡാറ്റ തയ്യാറാക്കിക്കൊടുക്കുന്ന സീന്‍ ഓര്‍മ്മവരുന്നെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

പ്രാഞ്ചിയേട്ടന് പത്മശ്രീക്ക് വേണ്ടി ബയോഡാറ്റ തയ്യാറാക്കിക്കൊടുക്കുന്ന സീന്‍ ഓര്‍മ്മവരുന്നു. പറയുന്നത് സിപിഎമ്മിന്റെ എംപിയാണ്.
പിണറായി വിജയന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനാണ്. സിപിഎം-ബിജെപി ബാന്ധവത്തിന്റെ ഇടനിലക്കാരനായി ദില്ലിയില്‍ പ്രത്യേക അസൈന്‍മെന്റ് നല്‍കപ്പെട്ടിരിക്കുന്നയാളാണ്. പറയുന്നത് കെ ജി മാരാരെക്കുറിച്ചാണ്- ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തില്‍ സംഘ് പരിവാറിന്റെ അടിത്തറയൊരുക്കുന്നതിനായി ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ വ്യക്തിയേകുറിച്ചാണ്. 1977ല്‍ ഉദുമ മണ്ഡലത്തില്‍ സിപിഎമ്മിന്റേയും ആര്‍എസ്എസിന്റേയും പൊതുസ്ഥാനാര്‍ത്ഥിയുമായിരുന്ന ആളെകുറിച്ചാണ്. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത് ഇതേ കെ ജി മാരാരുടെ പേരിലാണ്. അവിടെ നിന്ന് അധിക ദൂരമില്ല എ കെ ഗോപാലന്റെ പേരിലുള്ള സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക്, റോഡ് വഴിയും ആശയം വഴിയും- ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, ഒരു ഇടത് എംപി ഒരു ബിജെപി നേതാവിന്റെ ജീവചരിത്ര പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നുണ്ട്. കോണ്‍ഗ്രസ് അനുകൂല പ്രൊഫൈലുകളില്‍ നിന്നാണ് വിമര്‍ശനം ഉയരുന്നത്. നേരത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലും ജോണ്‍ ബ്രിട്ടാസിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. ബ്രിട്ടാസ് പരിപാടിയില്‍ പങ്കെടുത്ത് പറഞ്ഞ കാര്യങ്ങള്‍ എടുത്തുപറഞ്ഞാണ് രാഹുല്‍ പരിഹസിച്ചത്.

'മഹാനായ മാരാര്‍ജി ജയിലില്‍ കഴിയവേ സഹതടവുകാരായ മുസ്ലിങ്ങള്‍ക്ക് നമസ്‌ക്കരിക്കാനുള്ള അവകാശത്തിന് വേണ്ടി പോരാടിയിരുന്നു' ഏതെങ്കിലും ബിജെപി നേതാവ് മാരാരെ വെളളപൂശി മതേതര വാദിയാക്കുവാന്‍ പറഞ്ഞതല്ല. മറിച്ച സിപിഎം ഈ അടുത്ത് രാജ്യസഭയിലേക്ക് അയച്ച , പിണറായി വിജയന്റെ മുന്‍ മാധ്യമ ഉപദേഷ്ഠാവും കൈരളിയുടെ മുതലാളിയുമായ സഖാവ് ജോണ്‍ ബ്രിട്ടാസ് പറഞ്ഞ വാക്കുകളാണ്.

അതും മാരാര്‍ എന്ന സംഘപരിവാറിന്റെ നേതാവിനെ പറ്റി മറ്റൊരു സംഘ പരിവാര്‍കാരനായ കുഞ്ഞിക്കണ്ണന്‍ എഴുതിയ 'മാരാര്‍ മനുഷ്യപ്പറ്റിന്റെ എന്തോ ഒന്ന് ! ' എന്ന പുസ്തക പ്രകാശന ചടങ്ങിലാണ് സഖാവ് ബിട്ടാസ് ഈ അഭിപ്രായം പറഞ്ഞത്. പിണറായി വിജയന്റെ ഉപദേശിയും മാര്‍ഗ്ഗ നിര്‍ദ്ദേശ് മണ്ഡല്‍ കാര്യദര്‍ശിയുമായ സഖാവ് ബ്രിട്ടാസ് അത്തരമൊരു അഭിപ്രായം പറഞ്ഞതില്‍ ആന്ദത്തത്താല്‍ തുള്ളിച്ചാടുക പിണറായി തന്നെയാകും. കാരണം പണ്ട് ഈ മാരാരുടെ സഹായത്താല്‍ സംഘപരിവാര്‍ വോട്ട് വാങ്ങിയാണ് ബ്രിട്ടാസിന്റെ ആശാന്‍ വിജയന്‍ കൂത്തുപറമ്പില്‍ നിന്ന് ജയിച്ചത്.

സംഘപരിവാര്‍ നേതാക്കളല്ലാതെ ആ വേദിയില്‍ ബ്രിട്ടാസ് മാത്രമായിരുന്നുണ്ടായിരുന്നത് എന്ന് പറയുന്നതില്‍ പ്രസക്തിയില്ല , കാരണം തമ്മില്‍ വലിയ വ്യത്യാസം ഒന്നുമില്ലലോ! എന്റെ കൗതുകം ഈ വിഷയത്തില്‍ ശ്രീ കെ സുധാകരനെ വിമര്‍ശിച്ച് സഖാവ് എഎ റഹീം (അഖിലേന്ത്യ പ്രസിഡന്റ്) എന്ത് പറയും എന്നാണ്- രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, സംഭവം ചര്‍ച്ചയായതിന് പിന്നാലെ പ്രതികരണവുമായി ജോണ്‍ ബ്രിട്ടാസ് രംഗത്തെത്തി. കെ ജി മാരാരെക്കുറിച്ച് കെ കുഞ്ഞിക്കണ്ണന്‍ രചിച്ച പുസ്തകം ഗോവ ഗവര്‍ണര്‍ അഡ്വ പി എസ് ശ്രീധരന്‍ പിള്ള കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തിരുന്നു. ആ പുസ്തക പ്രകാശന ചടങ്ങില്‍ ഞാന്‍ പങ്കെടുത്തതിനെ കുറിച്ച് ചില കോണുകളില്‍ നിന്നുയരുന്ന പരാമര്‍ശം എന്റെ ശ്രദ്ധയില്‍പെട്ടു. കെ ജി മാരാര്‍ കണ്ണൂര്‍ ജയിലില്‍ കിടന്നപ്പോള്‍ മുസ്ലിം തടവുകാരോട് സ്‌നേഹത്തോടെ പെരുമാറിയെന്നും പ്രാര്‍ത്ഥനക്കുള്ള സൗകര്യം ചെയ്തുകൊടുത്തുവെന്നും ഒ രാജഗോപാല്‍ എന്നോട് പറയുകയായിരുന്നു. എനിക്ക് മാരാരെ വലിയ പരിചയമില്ല. കേട്ടും വായിച്ചുമുള്ള അറിവ് മാത്രമേയുള്ളൂ- ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.












Click it and Unblock the Notifications