ആനന്ദക്കണ്ണീരുമായി താലിബാന്‍കാര്‍; അക്കൂട്ടത്തില്‍ രണ്ട് മലയാളികള്‍? വീഡിയോ പങ്കുവച്ച് ശശി തരൂര്‍
മലയാളികളില്ലാത്ത നാടില്ല എന്നൊരു ചൊല്ലുണ്ട്. ഏത് രാജ്യത്ത് ചെന്നാലും അവിടെയും ഒരു മലയാളിയുണ്ടാകും. എന്നാല്‍ താലിബാന്‍കാര്‍ക്കിടയിലുമുണ്ടോ മലയാളി. മലയാളത്തില്‍ സംസാരിക്കുന്ന താലിബാന്‍കാരുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് ബലമേകുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍.
Recommended Video
നേരത്ത മലയാളികളായ ചിലര്‍ ഭീകരസംഘടനയായ ഐസിസില്‍ ചേരാന്‍ പോകുകയും അഫ്ഗാനില്‍ വച്ച് പിടിയിലായി ജയിലില്‍ അടയ്ക്കപ്പെട്ടു എന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സുപ്രീംകോടതി വരെ എത്തിയിരിക്കെയാണ് ശശി തരൂര്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

21 മലയാളികള്‍ ഐസിസില്‍ ചേരാന്‍ പോയി എന്നായിരുന്നു 2016ലെ വാര്‍ത്തകള്‍. സിറിയയിലേക്ക് പോയതാണെന്നും അതല്ല, അവര്‍ യമനില്‍ ആടുമേയ്ക്കാന്‍ പോയതാണെന്നും വാര്‍ത്തകള്‍ വന്നു. നിരന്തരം യുദ്ധങ്ങളും സംഘര്‍ഷങ്ങളും നടക്കുന്ന സിറിയയിലേക്കും യമനിലേക്കും മലയാളികള്‍ എന്തിന് പോകണം എന്ന ചോദ്യം പല കോണില്‍ നിന്നു ഉയരുകയും ചെയ്തു. പിന്നീടാണ് അക്കൂട്ടത്തില്‍പ്പെട്ട ചിലര്‍ അഫ്ഗാനില്‍ പിടിയിലായി ജയിലില്‍ അടയ്ക്കപ്പെട്ടു എന്ന വിവരം വന്നത്.

ഐസിസില്‍ ചേരാന്‍ പോയ നിമിഷ ഫാത്തിമയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ആഴ്ചകള്‍ക്ക് മുമ്പും വന്നിരുന്നു. പാലക്കാടുള്ള ഭര്‍ത്താവ് ബെക്‌സനോടൊപ്പമാണ് നിമിഷ പോയതത്രെ. നിമിഷയുടെ മാതാവ് ബിന്ദു കോടതിയെ സമീപിച്ചു. നിമിഷയെയും മകളെയും ഇന്ത്യയിലെത്തിക്കാന്‍ നടപടി വേണമെന്നും ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നുമായിരുന്നു ബിന്ദുവിന്റെ ആവശ്യം.

നിമിഷ ഉള്‍പ്പെടെയുള്ള അറസ്റ്റിലായ ഇന്ത്യക്കാരെ കൈമാറാമെന്ന് അഫ്ഗാന്‍ ഭരണകൂടം മാസങ്ങള്‍ക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അവരെ ഇന്ത്യയിലേക്ക് കൊണ്ടുവരേണ്ട എന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചു. മതമൗലിക വാദം വ്യാപിക്കുമെന്നും രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുമെന്നുമാണ് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്. ഇത് ചോദ്യം ചെയ്താണ് നിമിഷയുടെ അമ്മ ബിന്ദു കോടതിയെ സമീപിച്ചത്.

അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചിരിക്കുകയാണ്. തലസ്ഥാനമായ കാബൂള്‍ പിടിച്ചടക്കുന്നതിന് മുമ്പ് അവര്‍ നിയന്ത്രണത്തിലാക്കിയ പ്രദേശങ്ങളിലെ ജയിലുകള്‍ തുറന്നുവിട്ടിരുന്നു. ഒട്ടേറെ താലിബാന്‍ തടവുകാരും ഐസിസ് തീവ്രവാദികളുമായിരുന്നു ജയിലുകളിലുണ്ടായിരുന്നത്. താലിബാന്‍കാര്‍ മോചിപ്പിച്ച തടവുകാരില്‍ നിമിഷയുമുണ്ട് എന്ന സൂചനകളും പുറത്തുവന്നിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരം പുറത്തുവന്നിട്ടില്ല.

നിമിഷ ജയില്‍ മോചിതയായി എന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് അമ്മ ബിന്ദു രംഗത്തുവന്നു. മകള്‍ മോചിതയായതില്‍ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു. നിമിഷ ഉള്‍പ്പെടെയുള്ള എട്ട് മലയാളികളെയും മോചിപ്പിച്ചുവെന്നാണ് വാര്‍ത്തകള്‍. അഫ്ഗാനില്‍ നിന്നുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എന്നാണ് അറിഞ്ഞത്. സത്യാവസ്ഥ അറിയില്ല. ദൈവത്തിന് നന്ദി എന്നും ബിന്ദു പറഞ്ഞു.

ഈ വിവരങ്ങള്‍ പുറത്തുവന്നിരിക്കെയാണ് ശശി തരൂരിന്റെ ട്വീറ്റ്. താലിബാന്‍കാര്‍ക്കിടയില്‍ മലയാളികളുമുണ്ട് എന്നാണ് അദ്ദേഹം സംശയം പ്രകടിപ്പിക്കുന്നത്. മലയാളത്തില്‍ സംസാരിക്കുന്നു എന്ന് കാണിച്ച് ഒരു വീഡിയോയും ശശി തരൂര്‍ ട്വീറ്റ് ചെയ്തു. വീഡിയോയുടെ എട്ടാം സെക്കന്റില്‍ സംസാരിക്കട്ടെ എന്ന് ഒരാള്‍ പറയുന്നു എന്നാണ് ശശി തരൂര്‍ സൂചിപ്പിക്കുന്നത്.

ആ താലിബാന്‍കാരുടെ സംഘത്തില്‍ രണ്ടു മലയാളികള്‍ ഉണ്ടായിരിക്കാമെന്ന് ശശി തരൂര്‍ പറയുന്നു. സംസാരിക്കട്ടെ എന്ന് പറയുന്ന ഒരാളും മലയാളം മനസിലാകുന്ന മറ്റൊരാളും. റമീസ് എന്ന വ്യക്തി ആഗസ്റ്റ് 15ന് പങ്കുവച്ച ട്വീറ്റാണ് ശശി തരൂര്‍ റിട്വീറ്റ് ചെയ്തിരിക്കുന്നത്. കാബൂള്‍ പിടിച്ചടക്കിയ വേളയില്‍ താലിബാന്‍കാര്‍ സന്തോഷം പങ്കിടുന്നതാണ് വീഡിയോ. അതിലൊരാള്‍ നിര്‍ത്താതെ കരയുകയാണ്. മറ്റു ചിലര്‍ ആശ്വസിപ്പിക്കുന്നു. ഇതിനിടെയാണ് സംസാരിക്കട്ടെ എന്ന് ഒരാള്‍ പറയുന്നത്.

താലിബാന്‍കാര്‍ക്കിടയില്‍ മലയാളികളുണ്ട് എന്ന വാര്‍ത്ത, വീഡിയോ പങ്കുവച്ച റമീസ് നിഷേധിച്ചു. റമീസ് എന്ന ട്വിറ്റര്‍ പ്രൊഫൈലില്‍ ഇതുസംബന്ധിച്ച് പുതിയ ട്വീറ്റ് വന്നിട്ടുണ്ട്. സാബൂള്‍ പ്രവിശ്യയിലെ ബലൂച് വംശജരുടെ വീഡിയോ ആണ് പങ്കുവച്ചതെന്നും അവര്‍ ബ്രഹ്‌വി ഭാഷയാണ് സംസാരിക്കാറെന്നും റമീസ് പറയുന്നു. ബലൂച് ഗോത്രക്കാര്‍ക്കിടയില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഭാഷയാണിത്. ദ്രാവിഡ ഭാഷയായ ബ്രഹ്‌വി തെലുങ്ക്, തമിഴ്, മലയാളം എന്നിവയുമായി സാമ്യമുണ്ടെന്നും ട്വീറ്റില്‍ പറയുന്നു.
(ശശി തരൂര്‍ പങ്കുവച്ച വീഡിയോ കണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)












Click it and Unblock the Notifications