പാലക്കാട് ചിത്രം മാറുമോ? പ്രമീള ശശിധരന് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ്, ബിജെപി വെട്ടില്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കൊപ്പം റോഡ് ഉദ്ഘാടനത്തില്‍ പങ്കെടുത്ത പാലക്കാട് മുന്‍സിപ്പാലിറ്റി ചെയര്‍ പേഴ്‌സണ്‍ പ്രമീള ശശിധരന്‍ ബിജെപി നേതൃത്വത്തിന് വിശദീകരണം നല്‍കി. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച റോഡിന്റെ ഉദ്ഘാടനത്തിന് എംഎല്‍എ വരിക എന്നത് സ്വാഭാവികമാണെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ മാത്രമാണ് പങ്കെടുത്തതെന്നുമാണ് വിശദീകരണം.
രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്കെതിരെ നേരത്തെ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കേസില്‍ പ്രതികളാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപി നേതാവ് കൂടിയായ പ്രമീള ശശിധരന്‍ എംഎല്‍എക്കൊപ്പം പൊതുപരിപാടിയില്‍ പങ്കെടുത്തത്. എന്നാല്‍ ഈ അവസരം മുതലെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു എന്നാണ് പുതിയ വിവരം.

പിടി ഉഷ എംപിയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന പദ്ധതികളുടെ രണ്ട് ഉദ്ഘാടനങ്ങള്‍ മുന്‍സിപാലിറ്റിയില്‍ അടുത്തിടെ നടന്നിരുന്നു. ബിജെപിയില ഒരു വിഭാഗം ഈ പരിപാടികളിലേക്ക് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണെ ക്ഷണിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ പ്രമീള ശശിധരന്‍ ബിജെപി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നുവത്രെ. അതിനിടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം പ്രമീള പങ്കെടുത്തത്. ഇതിനെതിരെ മറുവിഭാഗം ബിജെപി നേതാക്കളും നേതൃത്വത്തിന് പരാതി നല്‍കി.
രണ്ട് പരാതിയിലും ഒരുപോലെ ബിജെപി സംസ്ഥാന നേതൃത്വം നടപടി എടുത്താല്‍ രംഗം ശാന്തമാകാനാണ് സാധ്യത. അതേസമയം, ഒരു പരാതിയില്‍ മാത്രം നടപടി എടുക്കുകയാണെങ്കില്‍ പാലക്കാട് ബിജെപിയില്‍ ഭിന്നത വീണ്ടും രൂക്ഷമാകും. അതിനിടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രമീള ശശിധരന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നിരിക്കുന്നത്.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സതീശന്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തുവന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വികസന പരിപാടിയില്‍ പങ്കെടുത്തതിന് നടപടി നേരിട്ടാല്‍ പ്രമീളയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് സതീശന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന സദ്ദാം ഹുസൈന്‍ പ്രമീളയെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുകയും ചെയ്തു.
നഗരസഭ അധ്യക്ഷ എന്ന നിലയിലാണ് എംഎല്‍എക്കൊപ്പം പ്രമീള ശശിധരന്‍ പരിപാടിയില്‍ പങ്കെടുത്തതെന്നും അവരോടുള്ള വ്യക്തി വിരോധം തീര്‍ക്കാന്‍ മറുവിഭാഗം അവസരം മുതലെടുക്കുകയാമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തി. ചെയര്‍പേഴ്‌സണെ അപമാനിക്കുന്നത് ശരിയല്ല. അവര്‍ മാന്യയായ പൊതുപ്രവര്‍ത്തകയാണെന്നും മറ്റു കാര്യങ്ങളെല്ലാം ചെയര്‍പേഴ്‌സണ്‍ തന്നെയാണ് പറയേണ്ടതെന്നും സന്ദീപ് വാര്യര്‍ പ്രതികരിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കടുത്ത നടപടിക്ക് സാധ്യത കുറവാണ് എന്നാണ് ബിജെപിയിലെ ചില നേതാക്കള്‍ പറയുന്നത്. ഈ വേളയില്‍ ഏതെങ്കിലും ഒരു നേതാവിനെതിരെ മാത്രം നടപടി എടുത്താല്‍ തിരഞ്ഞെടുപ്പില്‍ ക്ഷീണം ചെയ്യുമെന്നും നേതൃത്വം മനസിലാക്കുന്നു. അതുകൊണ്ടുതന്നെ വരും ദിവസങ്ങള്‍ പാലക്കാട് രാഷ്ട്രീയത്തില്‍ നിര്‍ണായകമാകും. ഈ സാഹചര്യത്തില്‍ പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണയവും ബിജെപിക്ക് വെല്ലുവിളിയാകും.












Click it and Unblock the Notifications