പുരാവസ്തു തട്ടിപ്പ് കേസിലെ ഗൂഢാലോചന; ഐജി ലക്ഷ്മണിനെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്‌തു തട്ടിപ്പ് ഗൂഢാലോചനാ കേസിൽ ഐജി ലക്ഷ്‌മൺ അറസ്‌റ്റിൽ. ചോദ്യം ചെയ്യലിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് ലക്ഷ്‌മണിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ അദ്ദേഹത്തെ വിട്ടയച്ചു.
ഇന്ന് രാവിലെയായിരുന്നു ലക്ഷ്മൺ ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായത്. കേസിൽ മൂന്നാം പ്രതിയാണ് ലക്ഷ്മൺ.നേരത്തേ രണ്ട് വട്ടം ലക്ഷ്മണയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നുവെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. ചികിത്സയിലായതിനാൽ ഹാജരാകാൻ സാധിക്കില്ലെന്നായിരുന്നു ലക്ഷ്മൺ അറിയിച്ചത്.
തുടർന്ന് ഐജി ലക്ഷ്മണിന്റെ ഇടക്കാല മുൻകൂർ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ എത്തിയത്.

കേസിലെ മുഖ്യ ആസൂത്രകനാണ് ഐജി ലക്ഷ്‌മണയെന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ നേരത്തേ വ്യക്തമാക്കിയത്. ഗൂഢാലോചനയിലും ഐജി പങ്കാളിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.വ്യാജ പുരാവസ്തുക്കൾക്ക് ആധികാരികത വരുത്തിയതും കോടികൾ വിലമതിക്കുന്നവയാണെന്ന ധാരണ പരത്തി സാമ്പത്തിക തട്ടിപ്പിനു വഴിയൊരുക്കിയതും ലക്ഷ്മൺ ആണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. മോൻസന്റെ വാട്സാപ്പ് ചാറ്റുകളടക്കം പരിശോധിച്ച് തെളിവുകൾ ശേഖരിച്ചായിരുന്നു ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയത്.
അതേസമയം കേസിൽ കൂട്ടുപ്രതികളായ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ, മുൻ ഡിഐജി എസ്.സുരേന്ദ്രൻ എന്നിവരുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.
ക്രൈംബ്രാഞ്ച് കേസിൽ രണ്ടാം പ്രതിയാണ് കെ സുധാകരന്‍. വഞ്ചനാ കുറ്റം അടക്കമുള്ള വകുപ്പുകള്‍ ആണ് ക്രൈംബ്രാഞ്ച് സുധാകരനെതിരെ ചുമത്തിയിട്ടുള്ളത്. അതിനിടെ കേസിൽ കഴിഞ്ഞ ദിവസം കെ സുധാകരനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ഈ മാസം 30 ന് വീണ്ടും ഹാജരാകണമെന്ന് ഇഡി സുധാകരനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം പൂർണമായും സത്യസന്ധമായ രാഷ്ട്രീയം നയിക്കുന്ന ആളാണ് താനെന്നും അതിനാൽ യാതൊരു ആശങ്കയും തനിക്കില്ലെന്നുമായിരുന്നു ചോദ്യം ചെയ്യലിന് പിന്നാലെ സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.












Click it and Unblock the Notifications