Get Updates
Get notified of breaking news, exclusive insights, and must-see stories!

"കടയ്ക്കു തീ പിടിച്ചിട്ടില്ല; നാട്ടുകാർ ഓടി വരേണ്ടതുമില്ല": ചെയർമാന്‍ മറുപടിയുമായി കെഎസ്ഇബി സമരസമിതി

കൊച്ചി: കെഎസ്ഇബിയിലെ വിവാദങ്ങളില്‍ ചെയർമാന്‍ ബി അശോകിന് മറുപടിയുമായി സമരസമിത നേതാവ് എംജി സുരേഷ് കുമാർ. കെഎസ്ഇബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജാണ് സിഎംഡി രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ഉപയോഗിച്ചത് എന്ന വളരെ ഗൗരവമാണ്. രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ഇത്തരം ഔദ്യോഗിക സംവിധാനങ്ങളെ ഉപയോഗിക്കുന്നത് ഗുരുതരമായ ചട്ടലംഘനമാണ്. അതില്‍ കര്‍ശനമായ നടപടി ഉണ്ടാകേണ്ടതുണ്ടെന്നും എംജി സുരേഷ് കുമാർ അഭിപ്രായപ്പെടുന്നു.

വൈദ്യുതി ബോര്‍ഡിലെ സംഘടനകള്‍ കൃത്യമായ വിഷയങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭത്തിലേര്‍പ്പെട്ടിട്ടുള്ളത്. അതിനെ വഴിതിരിച്ചുവിടനാണ് സിഎംഡി ശ്രമിക്കുന്നത്. ഞങ്ങള്‍ ആ ചൂണ്ടയില്‍ കൊത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഇത് സംബന്ധിച്ച് സുരേഷ് കുമാർ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

കടയ്ക്കു തീ പിടിച്ചിട്ടില്ല;

"കടയ്ക്കു തീ പിടിച്ചിട്ടില്ല; നാട്ടുകാർ ഓടി വരേണ്ടതുമില്ല" എന്ന തലക്കെട്ടോടെ കെ എസ് ഇ ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ഡോ. ബി. അശോക് കൊടുത്ത ഫേസ് ബുക്ക് പോസ്റ്റ് കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിനേയും വൈദ്യുതി മന്ത്രി ശ്രീ എം.എം. മണിയേയും അധിക്ഷേപിക്കുന്നതാണെന്ന് വിവിധ പത്രമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബഹു. പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി. സതീശന്‍ അതു സംബന്ധിച്ച് പത്രസമ്മേളനം നടത്തി ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മുന്‍ വൈദ്യുതി മന്ത്രിയെ അധിക്ഷേപിക്കുകയോ അഴിമതി നടന്നുവെന്ന് ആരോപിക്കുകയോ ഉണ്ടായിട്ടില്ലെന്ന് പിന്നീട് കെ.എസ്.ഇ.ബി. സി.എം.ഡി. തിരുത്തല്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇട്ട ഫേസ് ബുക്ക് പോസ്റ്റ് പിന്‍വലിക്കാനോ തിരുത്താനോ അദ്ദേഹം തയ്യാറായിട്ടുമില്ല.

കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജാണ് സി.എം.ഡി. ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ഉപയോഗിച്ചത് എന്ന വളരെ ഗൗരവമാണ്. രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ഇത്തരം ഔദ്യോഗിക സംവിധാനങ്ങളെ ഉപയോഗിക്കുന്നത് ഗുരുതരമായ ചട്ടലംഘനമാണ്. അതില്‍ കര്‍ശനമായ നടപടി ഉണ്ടാകേണ്ടതുണ്ട്.

തകർപ്പന്‍ ഡാന്‍സ് ചുവടുകളുമായി അഹാന കൃഷ്ണ: നിമിഷ നേരം കൊണ്ട് വൈറല്‍

ബോര്‍ഡ് സി.എം.ഡി. ഫേസ് ബുക്ക് പോസ്റ്റില്‍ ഉന്നയിക്കുന്ന ഒരു വിഷയം "ബോർഡിന്റെ ആഭ്യന്തര ഉൽപ്പന്നങ്ങളായ സോഫ്റ്റ് വെയറുകളിൽ 20-നും വേണ്ടത്ര സുരക്ഷാ മാനദണ്ഡം ഇല്ല. കോഡ് പൊളിച്ച് ദുരുപയോഗം ചെയ്യാം എന്ന സംശയം നിലവിലുണ്ട്. ഏതാണ്ടെല്ലാ കമ്പ്യൂട്ടറുകൾക്കും ഡേറ്റാ പോർട്ടുകൾ ഉള്ളതുകൊണ്ട് തുറന്നു കിടക്കുന്ന ഓഫീസുകളിൽ നിർബാധം കടന്നുകയറിയാൽ ആർക്കും വിവരം ചോർത്താം." എന്നാണ്. ബോര്‍ഡിന്റെ മുഴുവന്‍ സോഫ്റ്റ്‌വെയറുകളും നിയമാനുസൃതം നിരന്തരമായി സെക്യൂരിറ്റി ഓഡിറ്റ് നടത്തിക്കൊണ്ടിരിക്കുന്നതാണ്. ലോകത്ത് ഒരു സോഫ്റ്റ്‌വെയറും എല്ലാ കാലത്തേക്കുമായി സുരക്ഷിതം ആയതല്ല.ഹാക്കര്‍മാര്‍ ഓരോ സമയത്തും ഹാക്കിംഗിന് പുതിയ രീതികള്‍ ആവിഷ്കരിക്കും. അതനുസരിച്ച് സോഫ്റ്റ്‌വെയറില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയാണ് ( പാച്ച് ചെയ്താണ്) സൈബര്‍ സുരക്ഷ ഉറപ്പുവരുത്തുന്നത്. സേഫ്റ്റി ഓഡിറ്റിങ്ങില്‍ ഇന്നയിന്ന പ്രശ്നങ്ങളുണ്ടെന്ന് അറിയിക്കുകയും അതിന് സോഫ്റ്റ്‌വെയറിലും ഡാറ്റാ സ്റ്റോറേജിലും വരുത്തേണ്ട മാറ്റങ്ങളും സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. അക്കാര്യങ്ങള്‍ നിരന്തരമായി അപ്ഡേറ്റ് ചെയ്താണ് കെ.എസ്.ഇ.ബിയിലും സോഫ്റ്റ്‌വെയറുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കെ.എസ്.ഇ.ബിയില്‍ അഭ്യന്തരമായി ഉണ്ടാക്കിയ സോഫ്റ്റ്‌വെയറുകള്‍ മോശമാണ് എന്നു വരുത്തി അതിനുപകരം പുറത്തുനിന്ന് സോഫ്റ്റ്‌വെയറുകള്‍ വാങ്ങാനുള്ള താല്‍പര്യം സി.എം.ഡിക്കും മാനേജ്‌മെന്റിലെ ചിലര്‍ക്കുമുണ്ടെന്ന് സംശയിക്കുന്നു.ഫേസ് ബുക്ക് പോസ്റ്റിലെ ആരോപണത്തിന്റെ ഉദ്ദേശം ഇത്തരത്തിലുള്ള കച്ചവട താല്‍പര്യത്തിന്റെ ഭാഗമാണൊ എന്ന് സംശയിക്കണം. അല്ലെങ്കില്‍ വീട്ടിലെ അലമാരയുടെ പൂട്ട് തകര്‍ന്നിരിക്കയാണ്. വാതിലിന് പൂട്ടില്ല. കാവലിനാരും സ്ഥലത്തില്ല എന്നൊക്കെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട് വീട്ടിലേക്ക് കള്ളനെ ക്ഷണിക്കുന്നതുപോലെ ഒരു ഫേസ്ബുക്ക് പോസ്റ്റിടാന്‍ കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ സി.എം.ഡി.യെ പ്രേരിപ്പിച്ച ഘടകം എന്താണ്? സെര്‍വറുകളില്‍ സൂക്ഷിച്ചിട്ടുള്ള ഡാറ്റ അതിനോട് ശൃംഖലയില്‍ ഘടിപ്പിച്ചിട്ടുള്ള കമ്പ്യൂട്ടറുകളുടെ ഡാറ്റാപോര്‍ട്ടുകളില്‍ നിന്ന് ചോര്‍ത്താമെന്നും സി.എം.ഡി. പറയുന്നു. ഇത് വസ്തുതാവിരുദ്ധവും സെര്‍വറുകളുടെ സുരക്ഷാക്രമീകരണങ്ങളെക്കുറിച്ച് അറിവ് ഇല്ലാത്തതുകൊണ്ടോ മറ്റെന്തോ ലക്ഷ്യമുള്ളതുകൊണ്ടോ ആണ്.

"കെ.എസ്.ഇ.ബി. വിളിക്കാൻ പോകുന്ന ടെൻഡറിന്റെ വിശദാംശം ഇന്നതാണെന്നും ബന്ധപ്പെട്ട എഞ്ചിനീയർ ഈ ദിവസം തന്നെ അറിയിച്ചെന്നും കരാറുകാരൻ എഴുതിയ രസകരമായ കത്ത് എന്റെ കൈവശം ഉണ്ട്." ഇതാണ് സി.എം.ഡിയുടെ പോസ്റ്റിലെ മറ്റൊരു ഭാഗം. കമ്പനിയിൽ നിന്നും ടെൻഡർ രഹസ്യം ചോർത്തിക്കിട്ടി എന്ന് കരാറുകാരൻ എം.ഡി. യെ അറിയിച്ചുവത്രേ. ഇങ്ങിനെ ഉണ്ടായിട്ടുണ്ടെങ്കില്‍ അക്കാര്യത്തില്‍ നടപടിയെന്തെങ്കിലുമെടുത്തോ എന്നും വ്യക്തമാക്കേണ്ട ചുമതല സി.എം.ഡിക്കുണ്ട്. സ്ഥാപനത്തിലെ ഓഫീസര്‍മാരെയാകെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഈ സമീപനം അംഗീകരിക്കാനാവില്ല. "ബോർഡ് ഓഫീസിൽ എപ്പോഴും ആർക്കും വരാം. നിയന്ത്രിത മേഖലകൾ ഒട്ടുമില്ല. ഡ്രായിംഗുകളും ടെൻഡർ കണക്കുകളും യഥേഷ്ടം വിപണിയിൽ വാങ്ങാം. വാട്സാപ്പായി പല കമ്പനികളിലും പല രേഖയും തത്സമയം എത്തുന്നു. വലിയ റിസ്ക്കാണുള്ളത്." സി.എം.ഡി. ഇങ്ങിനെയാണ് തുടരുന്നത്. ഗുരുതരമായ ആരോപണമാണിത്. ഇതിനാണ് എസ്.ഐ.എസ്.എഫ് എന്ന അദ്ദേഹത്തിന്റെ വാദമാണ് മനസ്സിലാകാത്തത്. ജീവനക്കാരുടെ വാട്ട്സാപ്പ് പരിശോധിക്കാനാണൊ എസ്.ഐ.എസ്.എഫ്. ഡ്രായിംഗുകളും രേഖകളുടേയുമൊക്കെ കസ്റ്റോഡിയന്‍മാരായി പോലിസ് ഉദ്യോഗസ്ഥരെ നിയമിക്കുമോ? കെ.എസ്.ഇ.ബിയുടെ വണിജ്യപ്രധാനമായ രേഖകളൊന്നും പുറത്തുപോകുന്നതായോ വിപണിയില്‍ ലഭ്യമാകുന്നതായോ ഒന്നും ഇതുവരെ ആരും ആക്ഷേപിച്ചു കണ്ടിട്ടില്ല.

വൈദ്യുതി വെറുതെ കിട്ടുന്നു

ഒരു സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് തന്നെ അത്തരമൊരു ആരോപണം ഉന്നയിക്കുന്നു. എത്രത്തോളം അപഹാസ്യമാണിത്.
"ജീവനക്കാരൻ പറയുന്ന ഇ-വെഹിക്കിൾ വാഹനവിന്യാസം കിലോമീറ്ററിന് 7 രൂപ മതിക്കുന്ന 40 വർഷം പഴകിയ ഡീസൽ വാഹനങ്ങൾ മാറ്റി 1.0-1.5 രൂപയ്ക്ക് ഓടുന്ന ഇലക്ട്രിക് വാഹനം ഉപയോഗിയ്ക്കണ്ട എന്നാണഭിപ്രായമെങ്കിൽ ഒന്നുകൂടി യുക്തിപൂർവ്വം ചിന്തിക്കണം എന്നേ പറയാനുള്ളൂ." 1200 ഇ-വാഹനങ്ങള്‍ വാങ്ങാനുള്ള തീരുമാനത്തെ വിമര്‍ശിച്ചതിനുള്ള സി.എം.ഡിയുടെ മറുപടിയാണിത്. ഇപ്പോള്‍ കെ.എസ്.ഇ.ബിയില്‍ സെക്ഷനുകള്‍, ഡിവിഷനുകള്‍, സര്‍ക്കിളുകള്‍ എന്നിവിടങ്ങളിലൊക്കെ വാടക വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. സെക്ഷനുകളില്‍ രാത്രി ഡ്യൂട്ടി കൂടി കണക്കാക്കിയാല്‍ 40,000-45,000 രൂപയണ് ഡ്രൈവറടക്കം വാഹനങ്ങള്‍ക്ക് മാസവാടക വരുന്നത്.

ഡിവിഷനുകളിലും സര്‍ക്കിളുകളിലും 25000 രൂപയില്‍ താഴെയും. ഇതിന് പകരമായാണ് 1200 വാഹങ്ങള്‍ വാങ്ങുന്നത്. 13 മുതല്‍ 16 ലക്ഷം രൂപവരെയാണ് ഇതിന് വിലയായി എസ്റ്റിമേറ്റ് ചെയ്തത്. ഈ തുക, കടമായി വാങ്ങുകയാണെങ്കില്‍ ഇ.എം.ഐ. തുക, സെക്ഷനുകളില്‍ രാത്രി ഡ്യൂട്ടി‍ അടക്കം കുറഞ്ഞത് രണ്ടുവീതം ഡ്രൈവര്‍മാര്‍, മറ്റോഫീസുകളില്‍ ഓരോ ഡ്രൈവര്‍മാര്‍. ഇതെല്ലാം ചേരുമ്പോള്‍ ഉണ്ടാകുന്ന ആവര്‍ത്തനച്ചെലവുകള്‍. ഇതാണ് സംഘടനകള്‍ ചൂണ്ടിക്കാണിച്ചത്. ഇന്ധനച്ചെലവ് മാത്രം താരതമ്യം ചെയ്ത് കണക്കുപറയുന്ന സി.എം.ഡിക്ക് ഇതറിയാത്തതല്ല. കണക്കുകള്‍ കൃത്യമായി നേരത്തേ ബോധ്യപ്പെടുത്തിക്കൊടുത്തതാണ്. മറ്റെന്തോ പ്രലോഭനംമൂലം അതൊക്കെ മറന്നതായിരിക്കും.
ടീഷര്‍ട്ട് വാങ്ങുനതൊക്കെ "നിസ്സാരമായ ചിലവിനങ്ങൾ മാത്രമാണ് എന്നും എല്ലാവർക്കും അറിയാം. ബോർഡിന്റെ ചിലവിലെ 0.001% പോലും വരാത്ത ഇനങ്ങള്‍" എന്നാണ് സി.എം.ഡി.യുടെ വിശദീകരണം. 4 കോടി രൂപ ഇദ്ദേഹത്തിന് വളരെ ചെറുതായിരിക്കും. പക്ഷേ കെ.എസ്.ഇ.ബിയിലെ ഇത്തരം ചെറിയ ചോര്‍ച്ചകളെയും ശ്രദ്ധിക്കുകയും അടക്കാന്‍ ശ്രമിക്കുകയും ചെയ്യേണ്ടത് സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നാണ് ഞങ്ങള്‍ കാണുന്നത്.

"100 കോടിയ്ക്ക് ബോർഡ് സ്വകാര്യ സ്ഥാപനത്തിൽ പുരപ്പുറ സോളാർ സ്ഥാപിച്ചിരുന്നു. 25 വർഷത്തേയ്ക്ക് 10% സ്വകാര്യ സ്ഥാപനത്തിന് വൈദ്യുതി ചാർജ്ജിൽ ഇളവും നൽകി. സർക്കാർ സ്ഥാപനത്തിനാണെങ്കിൽ ഇതു മനസ്സിലാക്കാം ഹൈട്ടെൻഷൻകാർ ഇതുവഴി 10% വൈദ്യുതി ചാർജ്ജ് കൂടി കുറച്ചപ്പോൾ ദീർഘകാലാടിസ്ഥാനത്തിൽ മുതലും പലിശയും നഷ്ടം. "കോർ ബിസിനസ്സിലെ" നമ്മുടെ വൈദഗ്ദ്ധ്യമാണോ ഇത് കാണിക്കുന്നത്? നമ്മൾ പുനരാലോചിക്കണം." ഇങ്ങിനെയാണ് ഫേസ് ബുക്ക് പോസ്റ്റില്‍ കെ.എസ്.ഇ.ബി. സി.എം.ഡി. ആരോപണം ഉന്നയിച്ചു തുടങ്ങുന്നത്. ഇത് സൗരപദ്ധതി സംബന്ധിച്ച ആരോപണമാണ്. ഡോ. ബി.അശോക് സംസ്ഥാന പവര്‍ വകുപ്പിന്റെ സെക്രട്ടറി ആയിരുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹം കൂടി ഡയറടക്റായിരുന്ന കെ.എസ്.ഇ.ബിയുടെ ഫുള്‍ ബോര്‍ഡ് തീരുമാനിച്ച പദ്ധതിയായിരുന്നു സൗര. മാത്രമല്ല കെ.എസ്.ഇ.ബി. തയ്യാറാക്കിയ സൗര മോഡലുകള്‍ കേന്ദ്ര അനുമതിക്ക് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനസര്‍ക്കാര്‍ അനുമതിയും വാങ്ങിയിട്ടുണ്ട്. പവര്‍ സെക്രട്ടറിയെന്ന നിലക്കും ഇദ്ദേഹം ഈ പദ്ധതികള്‍ പരിശോധിക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. സൗര പദ്ധതിയില്‍ മൂന്നു മോഡലുകളാണ് നാം മുന്നോട്ടുവെച്ചത്. റൂഫ് ടോപ്പ് കെ.എസ്.ഇ.ബിക്ക് വിട്ടുനല്‍കുന്ന ഉഅപ്ഭോക്താവിന് ഉദ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 10% കൊടുക്കുന്നതാണ് മോഡല്‍ ഒന്ന്.

ഉദ്പാദിപ്പിക്കുന്ന വൈദ്യുതി നിശ്ചിത വിലക്ക് ഉപഭോക്താവിനുതന്നെ നല്‍കുന്നതാണ് മോഡല്‍ രണ്ട്. ഉപഭോക്താവ് സോളാര്‍ പാനലിന്റെ ചെലവ് പൂര്‍ണ്ണമായും വഹിക്കുകയും ഉദ്പാദിപ്പിക്കുന്ന വൈദ്യുതി പൂര്‍ണ്ണമായും അവര്‍ തന്നെ ഉപയോഗിക്കുന്നതും ബാക്കിയുണ്ടെങ്കില്‍ കെ.എസ്.ഇ.ബിക്ക് വില്‍ക്കുന്നതുമാണ് മോഡല്‍ മൂന്ന്. ഈ മൂന്നു മോഡലും ഉപഭോക്താക്കള്‍ക്കും കെ.എസ്.ഇ.ബിക്കും നേട്ടമുള്ള നിലയിലാണ് ആസൂത്രണം ചെയ്തത്. റൂഫ് ടോപ്പ് വെറുതെ ഇടുന്നതിന് പകരം കെ.എസ്.ഇ.ബിയുമായി കരാറിലെത്തി വിട്ടുനല്‍കുന്നതിലൂടെ ഉപഭോക്താവിന് പത്തു ശതമാനം വൈദ്യുതി വെറുതെ കിട്ടുന്നു എന്ന നേട്ടം മോഡല്‍ ഒന്നിനുണ്ട്. അങ്ങിനെ ഉണ്ട് എന്ന് മനസ്സിലാക്കിത്തന്നെയാണ് ആ പദ്ധതി അംഗീകരിച്ചതും. ഉപഭോക്താവിനുണ്ടാകുന്ന നേട്ടമൊക്കെ കെ.എസ്.ഇ.ബി.യുടെ നഷ്ടമാണ് എന്ന വിലയിരുത്തലാണ് സി.എം.ഡി.യുടെ കണ്ടെത്തല്‍. ബാക്കി 90% വൈദ്യുതി കെ.എസ്.ഇ.ബിക്ക് കിട്ടുന്നുണ്ടെന്നും അത് ഈ റൂഫ് ടോപ്പ് കെ.എസ്.ഇ.ബിക്ക് 25 വര്‍ഷത്തേക്ക് വിട്ടുകിട്ടിയതുകൊണ്ടാണെന്നും അദ്ദേഹം കാണുന്നില്ല. വൈദ്യുതി ഉദ്പാദനം വര്‍ദ്ധിപ്പിക്കാനുള്ള ഒരു കോര്‍ ബിസിനസ് തന്നെയായിരുന്നു ഈ പദ്ധതി. സൗര പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ പലരും എന്തേ ഒന്നും നടക്കുന്നില്ലല്ലോ എന്ന് പരാതി പറയാറുണ്ട്. എന്താണ് കാര്യങ്ങള്‍ നടക്കാത്തതെന്നതിന് ഞങ്ങള്‍ പല വിധ കാരണങ്ങള്‍ പറഞ്ഞ് സമാധാനിപ്പിക്കാറുമുണ്ട്. പക്ഷേ കെ.എസ്.ഇ.ബി.യുടെ മേലധികാരിതന്നെ പാരവെക്കുന്നതാണെന്ന് ഇപ്പോള്‍ അദ്ദേഹം തന്നെ വ്യക്തമാക്കിയിരിക്കുന്നു.

സംബന്ധിച്ച് അവര്‍

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ 6000 തൊഴിലാളികളെ അംഗീകരിച്ചിട്ടില്ലാത്തത് കെ.എസ്.ഇ.ബിതന്നെ നിയമപരമായി നടപടികള്‍ സ്വീകരിച്ചു വരുകയുമായിരുന്നു. ഇപ്പോഴത്തെ മാനേജ്മെന്റ് നിയമപരമായ നടപടികളൊക്കെ പിന്‍വലിച്ച് റഗുലേറ്ററി കമ്മീഷനുമായി സമവായത്തില്‍ പ്രശ്നം തീര്‍ക്കാന്‍ ശ്രമിക്കുന്നു. നിയമപരമായ നടപടികള്‍ തെറ്റും സമവായം ശരിയും എന്നൊക്കെ തീരുമാനിക്കാന്‍ കഴിയുമോ എന്നറിയില്ല. "33,000 ജീവനക്കാരിൽ 6000 പേർ റഗുലേറ്ററി കമ്മീഷന്റെ അംഗീകാരം നേടാതെ അവരുടെ ചിലവ് റഗുലേറ്ററി അസറ്റിൽ പ്രതിഫലിക്കുന്ന ഒരു കമ്പനിയാണ് ബോർഡ്.' എന്ന സി.എം.ഡിയുടെ കുറിപ്പിലെ വാചകത്തിന്റെ ലക്ഷ്യം എന്തെന്നറിയില്ല. ആരെയാണ് ഇവിടെ കുറ്റപ്പെടുത്തുന്നത്.

"ബോർഡിന്റെ കോർ ബിസിനസ്സ്, ഇല്ലാത്ത തസ്തികകൾ ഫുൾബോർഡോ മാനേജിംഗ് ഡയറക്ടറോ പോലും അറിയാതെ പ്രതിവർഷം 12 കോടി രൂപ ആവർത്തനച്ചിലവിൽ 90 ഉദ്യോഗസ്ഥരെ വാട്സാപ്പ് സന്ദേശം കോടതിയ്ക്കു നൽകി നിയമിക്കുന്നതാണോ?" എന്നതാണ് സി.എം.ഡിയുടെ അടുത്ത ചോദ്യം. ഒരു സ്ഥാപനത്തില്‍ വാട്സാപ്പിലൂടെ ആരെയെങ്കിലും നിയമിക്കാന്‍ പറ്റുമോ? അങ്ങിനെ നിയമിച്ചിട്ടുണ്ടെങ്കില്‍ വിശദാംശങ്ങള്‍ പറയാന്‍ സി.എം.ഡി. ബാദ്ധ്യസ്ഥനല്ലേ? ജനങ്ങളെ ഇങ്ങിനെ തെറ്റിദ്ധരിപ്പിക്കുന്നതിന്റെ ഉദ്ദേശമെന്തണ്?

കെ.എസ്.ഇ.ബി. ഒരു വ്യവസായ സ്ഥാപനമാണ്. തൊഴിലാളിസംഘടനകളുമായി ഉണ്ടാക്കുന്ന ദീര്‍ഘകാല കരാറിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ നിശ്ചയിക്കപ്പെടുന്നത്. ഓഫീസര്‍ സംഘടനകളുമായും ചര്‍ച്ചകള്‍ നടത്തുകയും ശമ്പളപരിഷ്കരണമടക്കമുള്ള പ്രശ്നങ്ങളില്‍ ധാരണയില്‍ എത്തുകയും ചെയ്യാറുണ്ട്. ആ നടപടിക്രമങ്ങളെയാകെ പുകമറയില്‍ നിര്‍ത്തുന്നതാണ് സി.എം.ഡി. പിന്നീട് പറയുന്ന കാര്യങ്ങള്‍. "സർക്കാരുമായുള്ള കമ്പനിയുടെ റീ-വെസ്റ്റിംഗ് കരാറിൽ സ്ഥിര ജീവനക്കാരുടെ സേവന വേതന പരിഷ്കാരം സർക്കാരിന്റെ മുൻകൂർ അനുമതിയോടെ വേണം എന്ന നിബന്ധനയും പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ശമ്പള പരിഷ്കരണത്തിന് മുൻകൂർ അനുമതി വേണം എന്ന സംസ്ഥാന ധനവകുപ്പ് ഉത്തരവും മറികടന്ന് കമ്പനി ഫുൾബോർഡ് അംഗീകാരം പോലും ഇല്ലാതെ 2021 ഫെബ്രുവരിയിൽ 1200 കോടി ബാധ്യത ഏറ്റെടുത്തതും പൂർണ്ണ ഉത്തരവാദിത്വമുള്ള ഒരു സമീപനമാണോ? അല്ലെന്ന് സി.ഏ.ജി. ഇപ്പോൾ രേഖാമൂലം പറയുന്നു." എന്നാണ് സി.എം.ഡി. എഴുതി വെച്ചിരിക്കുന്നത്. സി.എ.ജി. ഇതു സംബന്ധിച്ച് ഓഡിറ്റ് റിപ്പോര്‍ട്ടൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല. ഒരു ഓഡിറ്റ് ക്വറി ഉണ്ട് എന്നാണ് മനസ്സിലാക്കുന്നത്. അതിന് മറുപടി നല്‍കണം. അതിന് പകരം ഫേസ്ബുക്കില്‍ എന്തോ വലിയ കുഴപ്പം സംഭവിച്ചിരിക്കുന്നു എന്ന് ദ്യോതിപ്പിക്കുന്ന കുറിപ്പ് ഇടുന്നതിന്റെ ലക്ഷ്യമെന്താണ്.

ഇത്തവണ താരീഫ് പെറ്റീഷന്‍ ഫയല്‍ ചെയ്യും മുമ്പ് കെ.എസ്.ഇ.ബി. ഉപഭോക്തൃ വിഭാഗങ്ങളെ ചര്‍ച്ചക്ക് വിളിച്ചിരുന്നു. എല്ലാവരേയും വിളിച്ച് സമവായത്തിലെത്തി പെറ്റീഷന്‍ ഫയല്‍ ചെയ്യാമെന്നാണ് സി.എം.ഡി. പറഞ്ഞത്. കെ.എസ്.ഇ.ബിയല്ല താരീഫ് നിശ്ചയിക്കുന്നത്. റഗുലേറ്ററി കമ്മീഷന്‍ പൊതു തെളിവെടുപ്പ് നടത്തി എല്ലാവരേയും കേട്ട ശേഷമാണ് ഇതു സംബന്ധിച്ച് തീരുമാനിക്കുക. അതിനുമുമ്പുതന്നെ എച്ച്.ടി./ ഇ.എച്ച്.ടി ഉപഭോക്താക്കളുടെ അസോസിയേഷനെയൊക്കെ വിളിച്ച് ചര്‍ച്ച ചെയ്യുകയും അവര്‍ക്ക് നമ്മുടെ പെറ്റീഷന്റെ വിശദാംശങ്ങള്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യും മുമ്പുതന്നെ നല്‍കിയതിന്റെ ഗുണം ഉണ്ടായി. കെ.എസ്.ഇ.ബിയിലെ ശമ്പളപരിഷ്കരണം സംബന്ധിച്ച് അവര്‍ ഹൈക്കോടതിയില്‍ കേസിന് പോയിട്ടുണ്ട്.

"ബോർഡിന്റെ ഔദ്യോഗിക വാഹനം ഉപയോഗിയ്ക്കാൻ തീരെ അർഹതയില്ലാത്ത ഒരു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആയിരക്കണക്കിന് കിലോമീറ്റർ വീട്ടിൽ പോയി ബോർഡ് ലോഗ് ബുക്കിൽ രേഖപ്പെടുത്തി തന്നെ വർഷങ്ങളോളം ഓടിയത്?" ഇതാണ് ഫേസ്ബുക്ക് പോസ്റ്റിലെ മറ്റൊരിനം. ഇങ്ങിനെ ഫേസ്ബുക്കില്‍ എഴുതിയ ശേഷം വിവരാവകാശ രേഖ എന്ന നിലക്ക് കെ.എസ്.ഇ.ബിയിലെ ഒരു വാഹനത്തിന്റെ ലോഗ് ബുക്ക് ചാനലായ ചാനലുകളിലും മഞ്ഞപ്പത്രങ്ങളിലുമൊക്കെ അങ്ങുതന്നെ എത്തിച്ചിട്ടുള്ളതും അറിയാം. പ്രിയപ്പെട്ട സി.എം.ഡി. ഇങ്ങിനെ വളച്ചുകെട്ടലൊന്നും വേണ്ട. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്ന തസ്തികയില്‍ ഇരുന്നല്ല, ഡപ്യൂട്ടേഷനില്‍ വൈദ്യുതി മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എന്ന ജോലി നിര്‍വഹിക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതി ബോര്‍ഡില്‍ നിന്നും വൈദ്യുതി മന്ത്രിയുടെ ഓഫീസിലേക്ക് അനുവദിച്ച വാഹനത്തിന്റെ ലോഗ് ബുക്ക് സര്‍ട്ടിഫൈ ചെയ്തു തന്നിട്ടുള്ളത്. കസ്റ്റോഡിയന്‍ എന്ന നിലയില്‍ വാഹനം സഞ്ചരിച്ച ദൂരവും സ്ഥലങ്ങളും തന്നെയാണ് സര്‍ട്ടിഫൈ ചെയ്തിട്ടുള്ളത്. പോകാത്ത സ്ഥലങ്ങളോ ദൂരമോ എഴുതി നല്‍കിയിട്ടില്ല. അതില്‍ ഒരു ദുരുപയോഗവും ഉണ്ടായിട്ടുമില്ല.

സി.എം.ഡി പറയുന്നത് വളരെ നാടകീയമായാണ്

"ടൂറിസം വികസനത്തിന് പല സൊസൈറ്റികൾക്കും ബോർഡ് അനുമതിയോ സർക്കാർ അനുമതിയോ ഇല്ലാതെ സ്ഥലം വിട്ടു നൽകാൻ അനുമതി നൽകിയത്? നൂറു കണക്കിന് ഏക്കർ സ്ഥലം ഫുൾബോർഡോ സർക്കാരോ അറിയാതെ ജൂനിയറായ ഒരു ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വാണിജ്യ പാട്ടത്തിന് നൽകിക്കളഞ്ഞത്? കമ്പനിയുടെ ഉത്തമ താൽപര്യമാണോ ഇതൊക്കെ? ഇതിൽ നമുക്കുറപ്പുണ്ടോ? എന്ക്കത്ര ഉറപ്പു പോരാ!" കേരള ഹൈഡല്‍ ടൂറിസം സെന്റര്‍ റവന്യൂ ഷെയറിംഗ് നിബന്ധനയില്‍ സംരംഭകരുമായി ചേര്‍ന്ന് നടപ്പാക്കിയ ചില പദ്ധതികളാനോ ഇവിടെ പരാമര്‍ശിച്ചിട്ടുള്ളത് എന്ന് സംശയിക്കുന്നു. കെ.എസ്.ഇ.ബിയുടെ കൈവശമുള്ള ടൂറിസം സാദ്ധ്യതയുള്ള പ്രദേശങ്ങളില്‍ ടൂറിസം പദ്ധതികള്‍ നടത്താന്‍ കെ.എസ്.ബി. ഹൈഡല്‍ ടൂറിസം സെന്ററിനെ അനുവദിച്ചിട്ടുണ്ട്. വൈദ്യുതി മന്ത്രി ചെയര്‍മാനും സെന്ററിന്റെ ഡയറക്ടറും ബോര്‍ഡ് സി.എം.ഡി. അടക്കമുള്ള ഫുള്‍ടൈം ഡയറക്ടര്‍മാരും ‍ മെമ്പര്‍മാരുമായിട്ടുള്ള ഒരു ഗവേണിംഗ് ബോഡി നിയന്ത്രിക്കുന്ന ഒരു സൊസൈറ്റിയാണ് ഹൈഡല്‍ ടൂറിസം സെന്റര്‍. ഈ സ്ഥാപനം സ്വകാര്യ സംരഭകരുമായി ചേര്‍ന്ന് റവന്യൂഷെയര്‍ അടിസ്ഥാനത്തില്‍ പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് ശ്രീ എം.എം. മണി വൈദ്യുതി മന്ത്രിയായിരിക്കേ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുത്തു. ഇത്തരം സംരംഭങ്ങളില്‍ കോ‌-ഓപ്പറേറ്റീവ് സൊസൈറ്റികളെയോ ടൂറിസം സൊസൈറ്റികളെയോ അതുപോലുള്ള പൊതുസ്ഥാപനങ്ങളെയോ അല്ലാതെ സ്വകാര്യ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തേണ്ടതില്ല എന്നായിരുന്നു അത്. അങ്ങിനെ പലകേന്ദ്രങ്ങളിലും കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ ഉള്‍പ്പെട്ട പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. ഇതിലൊക്കെ ഏതെല്ലാം വിധത്തിലുള്ള തീരുമാനങ്ങള്‍ വേണമോ അതൊക്കെ ഉണ്ടാകണം എന്നതില്‍ സംശയമില്ല. പക്ഷേ ഇവിടെയൊന്നും ഒരു സെന്റ് ഭൂമി പോലും ആര്‍ക്കും പതിച്ചു നല്‍കിയിട്ടില്ല. വാണിജ്യപ്പാട്ടത്തിനും നല്‍കിയിട്ടില്ല. തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ല. ഇനി ഗവേണിംഗ് ബോഡിയുടേയോ വൈദ്യുതി ബോര്‍ഡിന്റേയോ തീരുമാനമില്ലാതെ ആരെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തി തടയേണ്ട ഉത്തരവാദിത്തം ആര്‍ക്കാണ്. അങ്ങിനെ എന്തെങ്കിലുമുണ്ടായതായി അറിയുമെങ്കില്‍ ഫേസ് ബുക്കില്‍ കുറിപ്പെഴുതലാണോ സി.എം.ഡിയുടെ ജോലി?

ഇനി സി.എം.ഡി പറയുന്നത് വളരെ നാടകീയമായാണ്. "ചട്ടവിരുദ്ധമായ നിലപാട് ഫയലിൽ എഴുതിച്ചേർത്ത ശേഷം "ഒപ്പിടെടാ" എന്നാക്രോശിക്കപ്പെട്ടപ്പോൾ വാവിട്ട് കരഞ്ഞുകൊണ്ട് സാധുവായ ഒരു ചീഫ് എഞ്ചിനീയർ സ്ഥലംമാറ്റം വാങ്ങി രക്ഷപ്പെട്ടത് നമ്മളോർക്കണ്ടേ?" എന്ന്. ഡോ. ബി. അശോകിന് ഇത്തരത്തില്‍ തിരക്കഥകള്‍ എഴുതാന്‍ അറിയാം എന്ന് ഞങ്ങള്‍ക്ക് നന്നായറിയാം. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അത് കെ.എസ്.ഇ.ബിയിലെ ബഹുഭൂരിപക്ഷം തൊഴിലാളികളും ഓഫീസര്‍മാരും വിശ്വസിക്കുന്ന വിധത്തില്‍ വേണം അവതരിപ്പിക്കാന്‍. അതിനപ്പുറം ഒന്നും പറയുന്നില്ല.

വൈദ്യുതി ബോര്‍ഡിലെ സംഘടനകള്‍ കൃത്യമായ വിഷയങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭത്തിലേര്‍പ്പെട്ടിട്ടുള്ളത്. അതിനെ വഴിതിരിച്ചുവിടനാണ് സി.എം.ഡി. ശ്രമിക്കുന്നത്. ഞങ്ങള്‍ ആ ചൂണ്ടയില്‍ കൊത്താന്‍ ഉദ്ദേശിച്ചിട്ടില്ല.

കിടിലന്‍ മേക്കോവറില്‍ അന്ന ബെന്‍: ഗ്ലാമർ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+