വോട്ടെടുപ്പ് കഴിഞ്ഞു, യുഡിഎഫ് പോര് തുടങ്ങി
പത്തനംതിട്ട: വോട്ടെടുപ്പ് കഴിഞ്ഞതും പതിവുപോലെ യു ഡി എഫില്‍ പോര് തുടങ്ങി. പത്തനംതിട്ടയിലെയും മലപ്പുറത്തെയും വയനാട്ടിലെയും സ്ഥാനാര്‍ഥികള്‍ക്കെതിരെ രംഗത്ത് വന്ന് ചീഫ് വിപ്പ് പി സി ജോര്‍ജാണ് അങ്കത്തിന് തുടക്കം കുറിച്ചത്. പത്തനം തിട്ടയിലെ ആന്റോ ആന്റണിയെ ജനവിരുദ്ധന്‍ എന്ന് വിളിച്ച ജോര്‍ജ്ജ് ആന്റോ ആന്റണി ജയിക്കുമോ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ആറന്മുള വിമാനത്താവളത്തിന് വേണ്ടി അവസാന നിമിഷം വരെ നിലകൊണ്ടയാളാണ് ആന്റോ ആന്റണി. ഇത്രയും വൃത്തികെട്ടയാളെ സ്ഥാനാര്‍ഥിയാക്കാന്‍ പാടില്ലായിരുന്നു. ആന്റോ ആന്റണി നേരിട്ട് ഇടപെട്ടാണ് തന്നെ പ്രചാരണത്തില്‍ നിന്നും ഒഴിവാക്കിയത്. വയനാട്ടിലെ സ്ഥാനാര്‍ഥിയായ എം ഐ ഷാനവാസിനെയും ജോര്‍ജ്ജ് വെറുതെ വിട്ടില്ല. വയനാട്ടില്‍ ഷാനവാസിനെതിരെ ശക്തമായ ജനവികാരം ഉണ്ടായിരുന്നു.

എന്നാല്‍ പാലു കൊടുക്കുന്ന കൈക്ക് കടിക്കുന്ന ആളാണ് പി സി ജോര്‍ജ്ജ് എന്നായിരുന്നു പത്തനം തിട്ടയിലെ യു ഡി എഫ് സ്ഥാനാര്‍ഥിയായ ആന്റോ ആന്റണി പറഞ്ഞു. ജോര്‍ജ് പോലും തനിക്ക് വോട്ട് തന്നിട്ടില്ല എന്നും പത്തനം തിട്ടയില്‍ തന്റെ എതിര്‍ സ്ഥാനാര്‍ഥിക്ക് വേണ്ടിയാണ് ജോര്‍ജ് പ്രവര്‍ത്തിച്ചതെന്നും ആന്റോ ആന്‍ണി ആരോപിച്ചു.
വോട്ടെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേ ദിവസം തന്നെ വിവാദ പ്രസ്താവനകളുമായി രംഗത്ത് വന്നത് ദൗര്‍ഭാഗ്യകരമാണ് എന്ന് കെ പി സി സി പ്രസിഡണ്ട് വി എം സുധീരന്‍ പറഞ്ഞു. പരാതിയുണ്ടായിരുന്നെങ്കില്‍ തിരഞ്ഞെടുപ്പിന് മുന്‍പ് പറയണമായിരുന്നു. ജോര്‍ജിന്റെ ആരോപണങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ഇത് യു ഡി എഫിലും കെ പി സി സിയിലും ചര്‍ച്ച ചെയ്യുമെന്ന് എം എല്‍ എ ടി എന്‍ പ്രതാപന്‍ പറഞ്ഞു.












Click it and Unblock the Notifications