പാസ്‌പോര്‍ട്ട് ഹാജരാക്കിയില്ല, ജാമ്യവ്യവസ്ഥ ലംഘിച്ച് തുര്‍ക്കിയില്‍; ഫിറോസിന് അറസ്റ്റ് വാറണ്ട്
തിരുവനന്തപുരം: യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി. ജാമ്യവ്യവസ്ഥ ലംഘിച്ച് വിദേശയാത്ര നടത്തിയതിനാണ് നടപടി. തിരുവനന്തപുരം സി ജെ എം കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരായി കഴിഞ്ഞ വര്‍ഷം യു ഡി വൈ എഫ് (യുഡിഎഫ് യുവജനസംഘടനകള്‍) നേതൃത്വത്തില്‍ നിയമസഭാ മാര്‍ച്ച് നടന്നിരുന്നു.
ഇതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ മാങ്കൂട്ടത്തില്‍, പി കെ ഫിറോസ് തുടങ്ങിയ നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു. പിന്നീട് നേതാക്കള്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയും ചെയ്തു. എന്നാല്‍ പി കെ ഫിറോസിന്റെ ജാമ്യ വ്യവസ്ഥയില്‍ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം എന്ന് കോടതി വ്യക്തമാക്കിയിരുന്നു. പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണമെന്ന ഈ വ്യവസ്ഥ പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് നല്‍കിയത്.

കോടതി വിലക്ക് ലംഘിച്ച് പി കെ ഫിറോസ് വിദേശത്തേക്ക് പോയി എന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതോടെ കോടതി അഭിഭാഷകനെ അടക്കം വിളിച്ചുവരുത്തി ഫിറോസ് എവിടെയെന്ന് ചോദിച്ചു. ഇതിന് ഉത്തരമായി അഭിഭാഷകന്‍ തന്നെയാണ് ഫിറോസ് തുര്‍ക്കിയിലാണ് എന്ന് വ്യക്തമാക്കിയത്. ഇതോടെയാണ് കോടതി ഫിറോസിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശവും പൊലീസിന്റെ ക്രിമിനല്‍വല്‍ക്കരണവും അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു നിയമസഭയിലേക്ക് യു ഡി വൈ എഫ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നത്. മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചതോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍, ഫിറോസ് എന്നിവരടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ചിനിടെ യു ഡി വൈ എഫ് പ്രവര്‍ത്തകര്‍ 50000 രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്.
പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ പ്രതികള്‍ പണം കെട്ടിവയ്ക്കണമെന്നും പാസ്പോര്‍ട്ടുള്ള പ്രതികള്‍ കോടതിയില്‍ പാസ്പോര്‍ട്ട് ഹാജരാക്കണമെന്നും കോടതി പറഞ്ഞിരുന്നു. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകണമെന്നും ഉള്ള ഉപാധികളോടെയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.












Click it and Unblock the Notifications