• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദിലീപ് പരാതി നല്‍കി, ആഷിഖ് അബുവും പാര്‍വ്വതിയുമടക്കമുളളവര്‍ക്ക് കോടതിയുടെ നോട്ടീസ്

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഭാമയും സിദ്ധിഖും അടക്കമുളള സാക്ഷികള്‍ കൂറുമാറിയതിന് എതിരെ സിനിമാ ലോകത്തിനകത്ത് നിന്നും പുറത്ത് നിന്നും വലിയ വിമര്‍ശനം ഉയര്‍ന്ന് വന്നിരുന്നു. സംവിധായകന്‍ ആഷിഖ് അബുവും താരങ്ങളായ റിമ കല്ലിങ്കല്‍, പാര്‍വ്വതി, രേവതി അടക്കമുളളവര്‍ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു.

കേസിലെ സാക്ഷികള്‍ക്കെതിരെ പ്രസ്താവന നടത്തിയതിന് താരങ്ങള്‍ക്കെതിരെ കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്. ദിലീപിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിശദാംശങ്ങള്‍ ഇങ്ങനെ...

സാക്ഷികളുടെ കൂറുമാറ്റം

സാക്ഷികളുടെ കൂറുമാറ്റം

ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുളള വ്യക്തിവൈരാഗ്യം തെളിയിക്കുന്നതിന് സഹായിക്കുന്ന സാക്ഷികളായിരുന്നു സിദ്ധിക്കും ഭാമയും. കഴിഞ്ഞ ദിവസം സാക്ഷി വിസ്താരത്തിന് എത്തിയ ഇരുവരും കൂറുമാറുകയായിരുന്നു. കൊച്ചിയില്‍ വെച്ച് താരസംഘടനയായ അമ്മയുടെ സ്‌റ്റേജ് ഷോയുടെ റിഹേഴ്‌സല്‍ സമയത്ത് ദിലീപും നടിയും തമ്മില്‍ തര്‍ക്കമുണ്ടായി എന്നാണ് നേരത്തെ ഭാമയും സിദ്ധിക്കും മൊഴി നല്‍കിയിരുന്നത്.

വലിയ വിമർശനം

വലിയ വിമർശനം

എന്നാല്‍ ഇന്നത്തെ സാക്ഷി വിസ്താരത്തില്‍ അക്കാര്യം ഇരുവരും സ്ഥിരീകരിച്ചില്ല. ഇതോടെ ഭാമയും സിദ്ധിക്കും കൂറുമാറിയതായി പ്രഖ്യാപിക്കാന്‍ പ്രോസിക്യൂഷന്‍
കോടതിയോട് ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്ന പ്രോസിക്യൂഷന്‍ ആരോപണം നിലനില്‍ക്കേയാണ് സിദ്ധിഖും ഭാമയും കൂറുമാറിയത്. ഇത് സംബന്ധിച്ച വാർത്തകൾ പുറത്ത് വന്നതിന് പിറകെ സോഷ്യൽ മീഡിയയിൽ അടക്കം ഭാമയ്ക്കും സിദ്ധിഖിനും എതിരെ വലിയ വിമർശനം ഉയർന്നു.

ഇത് ഹൃദയഭേദകമാണ്

ഇത് ഹൃദയഭേദകമാണ്

''മൂന്ന് വര്‍ഷത്തിലേറെയായി ഒരാള്‍ തീവളയങ്ങള്‍ക്കിടയിലൂടെയും ആഘാതങ്ങള്‍ക്കിടയിലൂടെയുമാണ് കടന്ന് പോകുന്നത്. അവള്‍ നിവര്‍ന്ന് നില്‍ക്കുന്നതും നീതിക്ക് വേണ്ടി പോരാടുന്നതും നമ്മള്‍ കാണുന്നുണ്ട്. അതൊരു പീഡനം തന്നെയാണ്. സാക്ഷികള്‍ കൂറുമാറിയത് തന്നെ ഞെട്ടിച്ചിരിക്കുന്നു. അതും സുഹൃത്തെന്ന് കരുതിയ ഒരാള്‍. ഇത് ഹൃദയഭേദകമാണ്. എന്നിരുന്നാലും നീതിക്ക് വേണ്ടിയുളള അവളുടെ പോരാട്ടം വിജയിക്കും. അവള്‍ക്കൊപ്പം എന്നാണ് പാര്‍വ്വതി പ്രതികരിച്ചത്''.

കൂറുമാറുന്നത് വേദനിപ്പിക്കുന്നത്

കൂറുമാറുന്നത് വേദനിപ്പിക്കുന്നത്

ലജ്ജാകരം എന്നാണ് കൂറുമാറ്റത്തെ കുറിച്ച് റിമ കല്ലിങ്കല്‍ പ്രതികരിച്ചത്. അവള്‍ക്ക് ഏറ്റവും കൂടുതല്‍ പിന്തുണ ആവശ്യമുളള ഈ സമയത്ത് ഒപ്പം ഉണ്ടായിരുന്നവര്‍ കൂറുമാറുന്നത് വേദനിപ്പിക്കുന്നതാണ്. ഈ മേഖലയിലെ അധികാര സമവാക്യങ്ങളില്‍ ഒരു സ്ഥാനവും ലഭിക്കാത്തവര്‍ എന്ന തരത്തില്‍ ഈ കൂറുമാറിയ സ്ത്രീകളും ഒരര്‍ത്ഥത്തില്‍ ഇരകളാണ് എന്നും റിമ ഫേസ്ബുക്കില്‍ കുറിച്ചു.

ഇനിയും എണ്ണിക്കൊണ്ടിരിക്കുകയാണ്

ഇനിയും എണ്ണിക്കൊണ്ടിരിക്കുകയാണ്

എങ്കില്‍ പോലും ഇത് വളരെ വേദനിപ്പിക്കുന്നതാണ്. ഇടവേള ബാബു, ബിന്ദു പണിക്കര്‍, സിദ്ദിഖ്, ഭാമ, ഇനിയും എണ്ണിക്കൊണ്ടിരിക്കുകയാണ്. ഇത് സത്യമാണെങ്കില്‍ ലജ്ജാകരമാണ് എന്നും റിമ പ്രതികരിച്ചു. സിനിമയിലെ സഹപ്രവര്‍ത്തകരെ വിശ്വസിക്കാനാകുന്നില്ല എന്നത് വിഷമിപ്പിക്കുന്നതാണ് എന്നാണ് നടി രേവതി പ്രതികരിച്ചത്.

സിദ്ധിഖ് ചെയ്തത് മനസ്സിലാക്കാം

സിദ്ധിഖ് ചെയ്തത് മനസ്സിലാക്കാം

ഇടവേള ബാബുവും ബിന്ദു പണിക്കരും നേരത്തെ കോടതിയില്‍ മൊഴികള്‍ പിന്‍വലിച്ചു. ഇപ്പോള്‍ ഭാമയും സിദ്ദിഖും. സിദ്ധിഖ് ചെയ്തത് മനസ്സിലാക്കാമെന്നും എന്നാല്‍ ഭാമ ചെയ്തത് അങ്ങനെ അല്ലെന്നും രേവതി ഫേസ്ബുക്കില്‍ കുറിച്ചു. ഒരു സ്ത്രീയ്ക്ക് ഒരു പ്രശ്‌നം വരുമ്പോള്‍ എന്താണ് എല്ലാവരും പിറകിലേക്ക് വലിയുന്നത് എന്നും രേവതി ചോദിച്ചു.

കൂറുമാറിയതിൽ അതിശയമില്ല

കൂറുമാറിയതിൽ അതിശയമില്ല

ആഷിഖ് അബുവിന്റെ പ്രതികരണം ഇങ്ങനെ: '' തലമുതിർന്ന നടനും നായികനടിയും കൂറുമാറിയതിൽ അതിശയമില്ല. നടന്ന ക്രൂരതക്ക് അനൂകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാർമികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനൂകൂലികളായി മാറുകയാണ്. ഇനിയും അനുകൂലികൾ ഒളിഞ്ഞും തെളിഞ്ഞും അണിചേരും. നിയമസംവിധാനത്തെ, പൊതുജനങ്ങളെയൊക്കെ എല്ലാകാലത്തേക്കും കബളിപ്പിക്കാമെന്ന് ഇവർ കരുതുന്നു. ഈ കേസിന്റെ വിധിയെന്താണെങ്കിലും, അവസാന നിയമസംവിധാനങ്ങളുടെ വാതിലുകൾ അടയുന്നതുവരെ ഇരക്കൊപ്പം ഉണ്ടാകും. #അവൾക്കൊപ്പംമാത്രം''

ദിലീപ് പരാതി നൽകി

ദിലീപ് പരാതി നൽകി

സാക്ഷികളെ വിമര്‍ശിച്ച് കൊണ്ടുളള സിനിമാ പ്രവര്‍ത്തകരുടെ പ്രതികരണങ്ങള്‍ക്കെതിരെയാണ് ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്. സാക്ഷികള്‍ക്കെതിരെ സോഷ്യല്‍ മീഡിയ വഴി പ്രസ്താവന നടത്തി എന്നാണ് പരാതി. തുടര്‍ന്ന് പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആഷിഖ് അബു, രേവതി, രമ്യ നമ്പീശന്‍ എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. കേസിൽ സാക്ഷികളെ സ്വാധീനിച്ചു എന്ന് ചൂണ്ടിക്കാട്ടി ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

English summary
Court sends notice to stars including Parvathy and Aashiq Abu over Dileep's complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X