അനുപമയ്ക്ക് ആശ്വാസ വിധി: കുഞ്ഞിന്റെ ദത്തെടുപ്പുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ സ്റ്റേ ചെയ്ത് കോടതി
തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശി അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ നിര്‍ണ്ണായക ഇടപെടലുമായി കോടതി. കുഞ്ഞിന്റെ ദത്തെടുപ്പിലെ തുടര്‍ നടപടികള്‍ തിരുവനന്തപുരം ജില്ലാ കുടുംബ കോടതി സ്റ്റേ ചെയ്തു. കേശില്‍ അടുത്ത മാസം ഒന്നിന് വിശദമായ വാദം കേള്‍ക്കും. കുഞ്ഞിനെ ദത്തെ് നല്‍കിയതുമായി ബന്ധപ്പെട്ട നിയമനടപടികള്‍ ഇതുവരെ പൂര്‍ണ്ണമായിരുന്നില്ല. കുഞ്ഞിനെ കൈമാറുന്ന വിധി ഇന്ന് പുറപ്പെടുവിക്കാനിരിക്കെയാണ് കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍ ഉണ്ടായത്.
സംഭവം വിവാദമായതിനെ തുടര്‍ന്ന് അന്തിമ വിധി പുറപ്പെടുവിക്കരുതെന്ന് കോടതിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കുഞ്ഞിന്റെ അവകാശവുമായി ബന്ധപ്പെട്ട് തർക്കമുണ്ടെന്നും വിധി പുറപ്പെടുവിക്കരുതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു. കോടതിയില്‍ നിന്നും ഇന്ന് വിധി വരാനിരിക്കുന്ന സാഹചര്യത്തില്‍ കേസില്‍ കുഞ്ഞിന്റെ അമ്മയായ അനുപമയും കക്ഷി ചേര്‍ന്നിരുന്നു. ഇതും കൂടി പരിഗണിച്ചാണ് ദത്ത് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചുകൊണ്ടുള്ള കോടതിയുടെ ഇടപെടലുണ്ടായത്.

കുഞ്ഞിന്‍റെ സംരക്ഷണത്തിന്‍റെ പൂര്‍ണ അവകാശം ദത്തെടുത്ത ആന്ധ്രാ സ്വദേശികളായ ദമ്പതികള്‍ക്ക് നൽകുന്നതിന്റെ അന്തിമ വിധിയായിരുന്നു ഇന്ന് കുടംബ കോടതിയില്‍ നിന്നും ഉണ്ടാവേണ്ടിയിരുന്നത്. എന്നാല്‍ ഇതിനോടതം തന്നെവലിയ പ്രതിരോധത്തിലായ സര്‍ക്കാര്‍ തടസ്സ ഹര്‍ജിയുമായി കോടതിയില്‍ എത്തുകയായിരുന്നു. കുഞ്ഞിന്റെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ദത്ത് നടപടികള്‍ സംബന്ധിച്ച് പോലീസും സര്‍ക്കാരും അന്വേഷണം നടത്തുന്ന കാര്യവും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ കാര്യങ്ങളില്‍ വ്യക്തത വരുന്നത് വരെ ദത്തില്‍ തീര്‍പ്പുകല്‍പ്പിക്കരുതെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
ഞാനൊരു രാജ്ഞിയാണെന്ന് എനിക്കറിയാം: മണവാട്ടി ലുക്കില്‍ പൊളിച്ചടുക്കി ബിഗ് ബോസ് താരം സൂര്യ
വിവരങ്ങള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചതായി മന്ത്രി വീണ ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു. കാര്യങ്ങള്‍ കോടതിയില്‍ അവതരിപ്പിക്കുന്നതിന് ഗവ. പ്ലീഡറെ ചുമതലപ്പെടുത്തിട്ടുണ്ട്. പ്രസവിച്ച അമ്മയുടെ ആവശ്യം ന്യായമാണ്. വിഷയം വകുപ്പ് തലത്തിൽ അന്വേഷിക്കണമെന്ന് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. സ്റ്റേറ്റ് അഡോപ്‌ഷൻ കമ്മിറ്റി പെറ്റിഷൻ ഫയൽ ചെയ്തായും മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഇന്നത്തെ കോടതി വിധി വന്നതിന് പിന്നാലെ മന്ത്രിയുടെ ഇടപെടലുകളെ അഭിനന്ദിച്ച് സി പി എം നേതാവും മുന്‍ കണ്ണൂര്‍ എംപിയുമായി പികെ ശ്രീമതി രംഗത്ത് എത്തി. മന്ത്രി വീണാ ജോര്‍ജിന്റെ തല്‍സമയ ഇടപെടില്‍ അഭിനന്ദനം അര്‍ഹിക്കുന്നതാണ്. അനുപമയ്ക്ക് കോടതിയില്‍ നിന്നും നീതി ലഭിച്ചതായും പികെ ശ്രീമതി പറഞ്ഞു. അമ്മയിൽ നിന്ന് കുഞ്ഞിനേയും കുഞ്ഞിൽനിന്ന് അമ്മയേയും വേർതിരിക്കാൻ ( മനുഷ്യരായാലും ഭൂമുഖത്തുള്ള ഏത് ജീവിയായാലും) ആരും ശ്രമിക്കാതിരിക്കുക എന്നത് അനുഭവപാഠമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, വിഷയത്തില്‍ അനുപമയുടെ അച്ഛന്‍ ജയചന്ദ്രനെതിരെ തല്‍ക്കാലം നടപടി വേണ്ടെന്ന് പാര്‍ട്ടി തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന ലോക്കല്‍ കമ്മിറ്റി യോഗം വിഷയം ചര്‍ച്ച ചെയ്തില്ല. ജയചന്ദ്രനും കമ്മറ്റിയില്‍ പങ്കെടുത്തിരുന്നു. സി പി എം സമിതി മുന്‍ അംഗം പേരൂര്‍ക്കട സദാശിവന്റെ മകനായ ജയചന്ദ്രന്‍ പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി അംഗമാണ്. പാര്‍ട്ടി നേതാവായ ജയചന്ദ്രന്‍ സര്‍ക്കാരിലും പാര്‍ട്ടിയിലുമുള്ള സ്വാധീനം ഉപയോഗിച്ച് കുട്ടിയെ തന്നില്‍ നിന്നും അകറ്റിയെന്നാണ് അനുപമയുടെ ആരോപണം.
ഈ സാഹചര്യത്തില്‍ ജയചന്ദ്രനെതിരെ അച്ചടക്ക നടപി സ്വീകരിക്കാന‍് സി പി എം തയ്യാറായേക്കുമെന്ന സൂചനയുണ്ടായിരുന്നു. നടപടിയെടുക്കാന്‍ ജില്ലാ കമ്മിറ്റി ലോക്കല്‍ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിരുന്നെന്നായിരുന്നുവെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അനുപമയുടെ പരാതിയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജയചന്ദ്രന്‍ ഉള്‍പ്പടെ ആറുപേര്‍ പ്രതികളാണ്. ഇതില്‍ അഞ്ചു പേരും പാര്‍ട്ടി അംഗങ്ങളാണ്. അമ്മ സ്മിത ജെയിംസ് സിപിഎം പേരൂര്‍ക്കട എ ബ്രാഞ്ച് അംഗമാണ്. പ്രതികള്‍ എല്ലാവരും മുന്‍കൂര്‍ ജാമ്യം തേടി കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു.












Click it and Unblock the Notifications