കോവിഡ് 19: മതപരമായ ചടങ്ങുകളില്‍ 10 പേരില്‍ കൂടുതല്‍ ഉള്‍പ്പെടുത്തരുത്
പത്തനംതിട്ട; കോവിഡ് 19 നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി മതപരമായ ചടങ്ങുകളില്‍ പത്തില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തരുതെന്ന് ജില്ലാ കളക്ടർ പിബി നൂഹ്. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ചേര്‍ന്ന മതമേലധ്യക്ഷന്മാരുടെ അടിയന്തരയോഗത്തിലാണ് ഇത് സംബന്ധിച്ച നിർദ്ദേശം ഉയർന്നത്.
ഏപ്രില്‍ ഒന്നുവരെയുള്ള ദിവസങ്ങളില്‍ ആരാധനാ സമയംകുറച്ച്, പരമാവധി 10 പേരെ മാത്രം ഉള്‍പ്പെടുത്തി ചടങ്ങുകള്‍ മാത്രമായി ഒതുക്കണം. ഓണ്‍ലൈന്‍വഴി പ്രാര്‍ഥനകള്‍ നടത്താനുള്ള സാധ്യതയെക്കുറിച്ച് പരിശോധിക്കണം. ശുചിത്വം പാലിക്കണം. ആളുകള്‍ തമ്മില്‍ കണ്ടുമുട്ടുന്ന പൊതുപരിപാടികള്‍ ഒഴിവാക്കണം. മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തുന്നതരത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതായിരിക്കും.

ഇന്ത്യയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത് കോവിഡ് 19 രൂക്ഷമായ 10 രാഷ്ട്രങ്ങളില്‍ നിന്നു വന്നവര്‍ക്കു മാത്രമല്ല. അതിനാല്‍ വിദേശത്തുനിന്നു വന്നവര്‍ എല്ലാവരും തന്നെ കുറഞ്ഞത് 14 ദിവസമെങ്കിലും വീടുകളില്‍ കഴിയണം. ചൈന, ഇറാന്‍, ഇറ്റലി എന്നീ രാജ്യങ്ങളില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതുപോലെ ഇന്ത്യയിലും സംഭവിക്കാന്‍ സാഹചര്യമുള്ളതിനാല്‍ ആളുകള്‍കൂടുന്ന പരിപാടികള്‍ പരമാവധി ഒഴിവാക്കണം.
ഓരോ മതത്തിന്റെയും ചടങ്ങുകളേയും ആരാധനകളേയും മാനിച്ചുകൊണ്ട് സമൂഹത്തിന്റെ നന്മയെക്കരുതി മതമേലധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കണം. ഇതിനായി വരും ആഴ്ചകളില്‍ നൂറു ശതമാനം സഹായസഹകരണം മതമേലധ്യക്ഷന്മാരില്‍ നിന്നും ഉണ്ടാകണമെന്നും കളക്ടർ ആവശ്യപ്പെട്ടു.
അതിനിടെ സംസ്ഥാനത്ത് പുതിയ കൊറോണ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.25603 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 25366 പേര്‍ വീടുകളിലും 237 പേര്‍ ആശുപത്രികളിലുമാണുള്ളത്. 57 പേരെ ഇന്ന് ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി.
പുതുതായി ഇന്ന് 7861 പേരാണ് നിരീക്ഷണത്തിലുള്ളത്. 4622 പേരെ രോഗ ബാധയില്ലെന്ന് കണ്ട് നിരീക്ഷണത്തില്‍ നിന്നൊഴിവാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.2550 സാംപിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 2140 നെഗറ്റീവ് ആണെന്നും ബാക്കിയുള്ളവയുടെ ഫലം കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications