കടുത്ത ആശങ്ക; പ്രതിദിന രോഗികൾ അരലക്ഷം കവിഞ്ഞേക്കും..100 പേരെ പരിശോധിച്ചാൽ 75 പേർക്ക് രോഗം വരാം
തിരുവനന്തപുരം; സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 50,000 വരെ കടന്നേക്കാമെന്ന നിഗമനത്തിൽ ആരോഗ്യവകുപ്പ്. മൂന്നാഴ്ചയ്ക്കുള്ളിൽ രോഗബാധിതരുടെ എണ്ണം ഏറ്റവും ഉയർന്ന നിലയിൽ എത്തിയേക്കും. നിലവിൽ സംസ്ഥാനത്ത് കൊവിഡ് കേസുകൾ പിടിവിട്ട നിലയിലാണ്. ഇന്നലെ മാത്രം 28,000 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് മാത്രം ആറായിരത്തിലധികമാണ് രോഗികൾ. ഇവിടെ പോസിറ്റിവിറ്റി നിരക്ക് 48 ശതമാനമാണ്.
15 ന് ദുരന്ത നിവാരണ വകുപ്പ് നല്‍കിയ അനുമാന റിപ്പോര്‍ട്ടിൽ ജനുവരി 27ാം തിയതിയോടെ പ്രതിദിന രോഗബാധ മുപ്പതിനായിരം കടക്കുമെന്ന മുന്നറിയിപ്പുണ്ടായത്. ഫെബ്രുവരി രണ്ടാം വാരത്തോടെ വീണ്ടും കേസുകൾ ഉയരും. 100 പേരെ പരിശോധിച്ചാല്‍ 75 പേര്‍വരെ പോസിറ്റീവായേക്കാമെന്നാണു ഇപ്പോഴത്തെ നിഗമനം.

നിലവിൽ വിവിധ ജില്ലകളിലായി 2,69,422 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,64,003 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5419 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 944 പേരെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവില്‍ 722 പേര്‍ ഐസിയുകളിലും 169 പേര്‍ വെന്റിലേറ്ററുകളിലും ചികിത്സയിലാണ്.
കേസുകൾ ഉയരുന്നതോടെ ഗുരുതര അവസ്ഥയിലുള്ള രോഗികളുടെ എണ്ണവും ഉയർന്നേക്കാമെന്ന മുന്നറിയിപ്പ് ഉണ്ട്. ആശുപത്രിയിൽ എത്തുന്ന ലക്ഷണമുള്ളവരെ കൊവിഡ് ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കിയാൽ മതിയെന്നാണ് നിലവിലെ നിർദ്ദേശം.
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയേക്കും
കൊവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. ബുധനാഴ്ച രാവിലെ ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി മന്ത്രിസഭ യോഗം ചേരും. രാവിലെ 9.30 ക്കാണ് യോഗം. മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിൽ നിന്നും ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും. സർക്കാർ ഓഫീസുകളിലും വ്യാപാര വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമെല്ലാം നിയന്ത്രണം നടപ്പാക്കുന്നത് പരിശോധിച്ചേക്കും.കോളേജുകൾ അടക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച ചേരുന്ന കൊവിഡ് അവലോകന യോഗത്തിലായിരിക്കും ഇത് സംബന്ധിച്ച അന്തിമ തിരുമാനം കൈക്കൊളളുക.
ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയേക്കാം. ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി ഗതാഗതി മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. നിലവിൽ ബസുകളിൽ സീറ്റിംഗ് കപ്പാസിറ്റി നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യം കർശനമായി പാലിക്കപ്പെടുന്നില്ല. കേസുകൾ ഇനിയും ഉയർന്നാൽ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്ക് ഉൾപ്പെടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കാമെന്ന വിലയിരുത്തലുകൾ ഉണ്ട്.
നിലവിൽ പ്രതിദിന രോഗികളുടെ എണ്ണവും ഏറ്റവും ഉയര്‍ന്ന തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് ജില്ലാ ഭരണകൂടങ്ങള്‍ നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പരിപാടികൾക്ക് നിയനന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചടങ്ങുകളിൽ പങ്കെടുക്കാൻ പറ്റുന്ന ആളുകളുടെ എണ്ണം പരമാവധി 50 ആക്കി നിജയപ്പെടുത്തി. ഉത്സവങ്ങള്‍, പെരുന്നാളുകള്‍ മുതലായ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടത്തണമെന്ന നിർദ്ദേശവും ഉണ്ട്.
പരിശോധനകൾ വർധിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ
Recommended Video
മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ പരിശോധനകൾ ഉയർത്തണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. രോഗലക്ഷണങ്ങൾ ഉള്ള മുഴുവൻ പേരേയും പരിശോധിക്കണമെന്നാണ് നിർദ്ദേശം. പല സംസ്ഥാനങ്ങളിലും ഒമൈക്രോൺ കേസുകളാണ് ഉയരുന്നത്. പുതിയ ക്ലസ്റ്ററുകളും ഹോട്ട് സ്പോട്ടുകളും തിരിച്ചറിയണമെന്നും ഇവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി ആരതി അഹൂജ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ വ്യക്തമാക്കി.












Click it and Unblock the Notifications