2.71 ലക്ഷം പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു: ഒമൈക്രോണ്‍ കേസുകള്‍ വർധനവ് 28.17 ശതമാനം
ദില്ലി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 2,71,202 പേര്‍ക്കാണ്. പരിശോധനകളിലും കുറവുണ്ടായിട്ടുണ്ട്. നിലവില്‍ 15,50,377 പേരാണ് ചികിത്സയിലുള്ളത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 4.18 ശതമാനമാണ്. രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നുണ്ടെങ്കിലും മകര സംക്രാന്തി, പൊങ്കല്‍ പോലുള്ള ഉത്സവം നടക്കുന്നതിനാല്‍ പല സംസ്ഥനങ്ങളിലും പരിശോധനകളുടെ എണ്ണം കുറവായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16,65,404 പരിശോധനകളാണ് നടത്തിയത്. ആകെ 70.24 കോടിയിലേറെ (70,24,48,838) പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടന്നത്.
അതേസമയം ഒമൈക്രോണ്‍ കേസുകളുടെ എണ്ണത്തില്‍ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. 7,743 ഒമൈക്രോൺ കേസുകളാണ് ഇതുവരെ കണ്ടത്തെിയത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് 28.17 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്. രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 13.69 ശതമാനമാണ്. അതേസമയം പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 16.28 ശതമാനമായി തുടരുകായാണ്. പലസംസ്ഥാനങ്ങളിലും ദേശീയ ശരാശരിയേക്കാള്‍ പോസിറ്റിവിറ്റി നിരക്ക് കൂടുതലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 66 ലക്ഷത്തിലധികം (66,21,395) ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 156.76 കോടി (1,56,76,15,454) പിന്നിട്ടു. 1,68,19,744 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 15,50,377 പേരാണ്. അതായത് രോഗം സ്ഥിരീകരിച്ചവരില്‍ 4.18 ശതമാനം പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,331 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,50,85,721ആയി .രോഗമുക്തി നിരക്ക് 94.51% . കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 158 കോടിയിലധികം (1,58,01,46,015) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. ഇതില്‍ ഉപയോഗിക്കാത്ത 14.13 കോടിയിലധികം (14,13,44,641) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ട്.
അതേസമയം, കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം രോഗം സ്ഥിരീകരിച്ചത് 17775 കേസുകളാണ്. ഒമൈക്രോണ്‍ കേസുകളിലും വർധനവുണ്ട്. രോഗവ്യാവനം രൂക്ഷമായതിനെ തുടർന്ന് നിയന്ത്രണങ്ങളും ശക്തമാക്കിയിട്ടുണ്ട്. നേരത്തെ തന്നെ ഏർപ്പെടുത്തിയ നിയന്ത്രണം മതചടങ്ങുകള്‍ക്കും ബാധകമാക്കിയതായി സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചു. ടിപിആര്‍ 20ന് മുകളിലുള്ള സ്ഥലങ്ങളില്‍ മതചടങ്ങുകള്‍ക്ക് 50 പേര്‍ക്കുമാത്രം അനുമതി നല്‍കും. ഇന്നുമുതല്‍ കോടതികള്‍ ഓണ്‍ലൈനായിട്ടായിരിക്കും പ്രവർത്തിക്കുക.
സംസ്ഥാനത്തെ വാക്സിനേഷന്‍ പ്രവർത്തനവും സജീവമായി തുടരുകയാണ്. 15നും 18നും വയസിനിടക്ക് പ്രായമുള്ള 51 ശതമാനം കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകിയെന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിക്കുന്നത്. ആകെ 7,66,741 കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ജനുവരി മൂന്നിനാണ് കുട്ടികളുടെ വാക്‌സിനേഷന്‍ ആരംഭിച്ചത്. കേവലം 12 ദിവസം കൊണ്ടാണ് പകുതിയിലധികം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചത്. സംസ്ഥാനത്ത് 1,67,813 പേര്‍ക്കാണ് ഇതുവരെ കരുതല്‍ ഡോസ് വാക്‌സിന്‍ നല്‍കിയത്. 18 വയസിന് മുകളില്‍ വാക്‌സിന്‍ എടുക്കേണ്ട ജനസംഖ്യയുടെ 99.68 ശതമാനം പേര്‍ക്ക് (2,66,24,042) ഒരു ഡോസ് വാക്‌സിനും 82.27 ശതമാനം പേര്‍ക്ക് (2,19,73,681) രണ്ട് ഡോസ് വാക്‌സിനും നല്‍കിയെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications