'പരീക്ഷ തീയതികളിൽ മാറ്റമില്ല'; ഓൺലൈൻ ക്ലാസുകൾക്ക് പുതിയ ടൈംടേബിൾ; വി. ശിവൻകുട്ടി
'പരീക്ഷ തീയതികളിൽ മാറ്റമില്ല'; ഓൺലൈൻ ക്ലാസുകൾക്ക് പുതിയ ടൈംടേബിൾ; വി. ശിവൻകുട്ടി
തിരുവനന്തപുരം: കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ അടയ്ക്കാനുള്ള തീരുമാനത്തിന് പിന്നാലെ പ്രതികരണവുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി. പരീക്ഷകൾ സംബന്ധിച്ചുളള വിശദീകരണമാണ് വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നൽകിയത്. വരാനിരിക്കുന്ന എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷ തീയതികളിൽ മാറ്റം ഉണ്ടാകില്ല. മുൻകൂർ നിശ്ചയിച്ച പ്രകാരം തന്നെ ഇവ നടത്തും. 10 , 11 , 12 ക്ലാസുകൾക്ക് പഠനം തുടരും.
സ്കൂളുകളിൽ നടപ്പിലാക്കി വരുന്ന കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങളും നടപടികളും പരിഷ്കരിക്കും. ഇതിന് വേണ്ടി വരുന്ന തിങ്കളാഴ്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. തിങ്കളാഴ്ച 11 മണിക്കാണ് യോഗം ചേരുന്നത്. എസ്എസ്എൽസി സിലബസ് ഫെബ്രുവരി 1 - ന് പൂർത്തിയാക്കും. എന്നാൽ, പ്ലസ് ടു സിലബസ് ഫെബ്രുവരി അവസാനത്തോടെ പൂർത്തീകരിക്കും. ഇനി അടച്ചതിനുശേഷം തുറക്കുമ്പോൾ സ്കൂളുകൾക്ക് വേണ്ട മാർഗ നിർദ്ദേശങ്ങളും യോഗത്തിൽ ചർച്ച ചെയ്യും.

വിദ്യാർത്ഥികൾക്ക് ഒമൈക്രോൺ, കൊവിഡ് രോഗങ്ങൾ പിടിപെടാതിരിക്കുന്നതിന് വേണ്ടിയാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പുതിയ നിർദ്ദേശങ്ങൾ പ്രകാരം കുട്ടികൾക്ക് ക്ലാസുകൾ ഓൺലൈൻ ആയിരിക്കും. വിക്റ്റേഴ്സ് ചാനൽ വഴി ഓൺലൈൻ, ഡിജിറ്റൽ ക്ലാസുകൾ നടക്കും. പുതിയ ടൈംടേബിൾ ഇതിനായി പരിഷ്കരിക്കും.
വിദ്യാർഥികൾക്ക് രോഗം പിടിപെടുന്നതിന് മുൻപ് സ്കൂളുകൾ അടയ്ക്കുന്നതാണ് നല്ലതെന്ന് മന്ത്രി വ്യക്തമാക്കി. വിദഗ്ധരും ഇക്കാര്യം മുന്നോട്ടുവച്ചിരുന്നു. എന്നാൽ, വിദഗ്ധരിൽ ചിലർ സ്കൂൾ അടയ്ക്കേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഒരു പരീക്ഷണത്തിന് തയ്യാറല്ലെന്ന് വകുപ്പ് മന്ത്രി അറിയിച്ചു.
എയ്ഡഡ്, സിബിഎസ്ഇ ഉൾപ്പെടെയുള്ള കേരളത്തിലെ എല്ലാ സ്കൂളുകൾക്കും ഈ നിയന്ത്രണം, അടച്ചിടൽ എന്നിവ ബാധകമാണ്.
കൊവിഡ് കേസുകൾ കേരളത്തിൽ ഉയരുന്ന ഈ സാഹചര്യത്തിൽ സ്കൂളുകൾ അടയ്ക്കുന്നത് സംബന്ധിച്ച് തീരുമാനം ഇന്നലെ ഉണ്ടായിരുന്നു. ഈ മാസം 21 മുതലാണ് സ്കൂളുകൾ അടയ്ക്കുന്നത്. എന്നാൽ, ക്ലാസ്സുകൾ മുടങ്ങാതെ ഓൺലൈനായി ഉണ്ടാകും. ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകൾ അടച്ചിടാനാണ് ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനിച്ചത്.












Click it and Unblock the Notifications