തൊടുപുഴ: വീണ്ടും പരസ്യമായ അഭിപ്രായ വ്യത്യാസവുമായി സിപിഎമ്മും സിപിഐയും. സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമനാണ് വിവാദ പ്രസ്താവന ഇറക്കിയിരിക്കുന്നത്. സിപിഎമ്മിന്റെ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ സിപിഐക്കെതിരെ രൂക്ഷ വിമര്‍ശം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ശിവരാമന്റെ പ്രതികരണം. സിപിഎമ്മിന്റെ വീട്ടിലെ വാടകക്കാരല്ല സിപിഐയെന്നാണ് അദ്ദേഹം പറഞ്ഞത്. വാടകക്കാരാണെങ്കിൽ നോട്ടീസ് തരാതെ ഒഴിപ്പിക്കാം.
സിപിഎം ജില്ലാ സമ്മേളനത്തില്‍ സിപിഐയെ കടന്നാക്രമിച്ച പ്രതിനിധികള്‍ സിപിഐയെ മുന്നണിയില്‍ നിന്ന് ഒഴിവാക്കണമെന്നും കേരള കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കണമെന്നും അഭിപ്രായപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന വന്നിരിക്കുന്നത്. കെഎം മാണിയെ മുന്നണിയില്‍ എടുക്കണമെന്നാണ് സിപിഎമ്മിന്റെ മാര്‍ക്‌സിസ്റ്റ് വീക്ഷണമെങ്കില്‍ നല്ല നമസ്‌കാരം എന്നേ പറയാനുള്ളൂവെന്നും കെകെ ശിവരാമൻ പറഞ്ഞു.

തീരുമാനം അട്ടിമറിക്കുന്നവരല്ല
മുന്നണി യോഗത്തിലെ തീരുമാനം അട്ടിമറിക്കുന്നത് സിപിഐ അല്ല. ഒരു തീരുമാനമെടുക്കുകയും അതിന് ഘടകവിരുദ്ധമായ കാര്യങ്ങള്‍ ഉന്നയിച്ച് അഭിപ്രായവ്യത്യാസം രൂപപ്പെടുത്തുന്നത് സിപിഐ അല്ല. എടുക്കുന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഐ എന്നും കെകെ ശിവരാമൻ പറഞ്ഞു.

മാണി എൽഡിഎഫിലേക്ക്
യുഡിഎഫില്‍ നിന്നും വിട്ടുപോയ കെ എം മാണിയുടെ കേരള കോണ്‍ഗ്രസ് എം സിപിഎമ്മിമായി കൂടുതല്‍ അടുക്കുന്നു എന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. കോട്ടയം ജില്ലാ സമ്മേളനത്തില്‍ കേരള കോണ്‍ഗ്രസിന് അനുകൂലമായ നിലപാടുണ്ടായത് മാണിയെ എല്‍ഡിഎഫിലെടുക്കുമെന്ന സൂചനയാണ് മുന്നോട്ടുവെക്കുന്നത്.

ബാർക്കോഴ കേസ്
സിപിഎം ജില്ലാസമ്മേളനങ്ങളില്‍ കേരള കോണ്‍ഗ്രസ് എമ്മിന് അനുകൂലമായി ഉയര്‍ന്ന വികാരം പാര്‍ട്ടിതലത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് കെഎം മാണിയും വ്യക്തമാക്കിയിരുന്നു. സിപിഎം കോട്ടയം, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങളിലാണ് മാണിയെയും കൂട്ടരെയും സ്വാഗതം ചെയ്തുകൊണ്ടുള്ള പരാമര്‍ശങ്ങളുണ്ടായത്. ഈ ജില്ലകളില്‍ ശക്തമായ സാന്നിധ്യമാണ് കേരള കോണ്‍ഗ്രസ്. അതേസമയം, ബാര്‍ കോഴക്കേസ് ആണ് മാണി വിഭാഗത്തെ ഇടതുപക്ഷത്തേടുക്കുന്നതിന് പ്രധാന തടസ്സം.

മാണിയെ ഇടതുപക്ഷത്തിന് ആവശ്യമില്ല
കെഎം മാണിയെ ഇടതുപക്ഷത്തിന് ആവശ്യമില്ലെന്ന് നേരത്തെ തന്നെ സിപിഐ വ്യക്തമാക്കിയിരുന്നു. കേരളത്തിവൽ നിലവിൽ ഇടുതുപക്ഷത്തിന്റഎ നില ഭദ്രമാണെന്നായിരുന്നു സിപിഐ നേതാവും മുൻ സംസ്ഥാന സെക്രട്ടറിയുമായ പന്ന്യൻ രവീന്ദ്രൻ വ്യക്തമാക്കിയിരുന്നു. പലരും ഇടതുമുന്നണിയിലേക്ക് വരാൻ തയ്യാറായി നിൽപ്പുണ്ട്. അവരെയെല്ലാം മുന്നണിയിലെടുക്കേണ്ട കാര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞിരുന്നു.
Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍. subscribe to Malayalam Oneindia.
ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!