'സിപിഎമ്മും കോണ്‍ഗ്രസും പിന്തുടരുന്നത് പോപ്പുലര്‍ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി ആശയങ്ങൾ': കെ സുരേന്ദ്രന്‍
തിരുവനന്തപുരം: കേരളം നല്‍കുന്നത് അപായകരമായ സൂചനകളാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍. ഭരണകൂടത്തിന്റെ സഹായത്തോടെ ഭീകരവാദ സംഘടനകൾ ചാവാനും കൊല്ലാനും തയ്യാറായി ഒരു തലമുറയെ ഇവിടെ വളര്‍ത്തിയെടുക്കുകയാണ് എന്ന് സുരേന്ദ്രൻ പറഞ്ഞു. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ ബിജെപി ജില്ലാ നേതൃ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.
''സംസ്ഥാനത്തെ സര്‍വ മേഖലയിലും മത ഭീകരവാദികളുടെ സാമീപ്യം നിലനില്‍ക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി ആശയങ്ങളാണ് സിപിഎമ്മും കോണ്‍ഗ്രസും പിന്തുടരുന്നത്. രാജ്യം ചിന്തിക്കുന്നതിനു എതിരായി കേരളത്തെ ചിന്തിപ്പിക്കുകയാണ് ഭീകരവാദികള്‍. ബിജെപിക്ക് മാത്രമേ ഈ ശക്തിയേ എതിര്‍ക്കാന്‍ സാധിക്കുകയുളളൂ. മതേതര പാര്‍ട്ടികളുടെ ചിലവിലാണ് ഭീകരവാദികള്‍ അഴിഞ്ഞാടുന്നത്. അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാതെ വോട്ട് ബാങ്ക് മാത്രം ലക്ഷ്യം വെച്ച് മത തീവ്രവാദികളെ പ്രീണിപ്പിക്കുകയാണെന്നും മതതീവ്രവാദികള്‍ക്കും ഇടത്-വലത് കാപട്യത്തിനുമെതിരെ നാടിനെ ശരിയായ ദിശയില്‍ നയിക്കാന്‍ എല്ലാ തരത്തിലുമുള്ള ചെറുത്തുനില്‍പ്പു നടത്താന്‍ ബി ജെ പി എന്നും മുമ്പിലുണ്ടാകുമെന്നും'' കെ സുരേന്ദ്രൻ പറഞ്ഞു.
എറണാകുളം കിഴക്കമ്പലത്ത് കിറ്റക്സ് കമ്പനിയിലെ അന്യസംസ്ഥാന തൊഴിലാളികൾ പോലീസുകാരെ ആക്രമിച്ച സംഭവത്തിലും കെ സുരേന്ദ്രൻ പ്രതികരിച്ചു. സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' അന്യസംസ്ഥാന തൊഴിലാളികളെല്ലാവരും കുഴപ്പക്കാരും ക്രിമിനലുകളുമല്ല. മഹാഭൂരിപക്ഷം ആളുകളും നല്ലവരും ഉപജീവനത്തിനായി മാത്രം വന്നവരുമാണ്. തെറ്റുപറ്റിയത് സർക്കാരിനാണ്. ആളുകൾ ആരാണ് എന്താണ് അവരുടെ ഊരും പേരും ആരാണ് അവരെ ഇവിടെ എത്തിച്ചത് തുടങ്ങി ഒന്നിനും ഒരു കണക്കും ഇവിടെയില്ല. എത്ര ലക്ഷം ആളുകളുണ്ടിവിടെ എന്നതിനുപോലും ഗവണ്മെന്റിന്റെ കയ്യിൽ കണക്കുമില്ല അങ്ങനെ ഒരു കൃത്യമായ റജിസ്റ്റർ ആരും സൂക്ഷിക്കുന്നുമില്ല''.
''പുറത്തുവന്ന കണക്കുകളെല്ലാം കൊട്ടക്കണക്കുമാത്രമാണ്. അസമിൽ നിന്നും ബംഗാളിൽ നിന്നും വന്നവരിൽ ചിലരെങ്കിലും ബംഗ്ളാദേശികളാണെന്ന നിഗമനം കേന്ദ്രസംസ്ഥാന ഏജൻസികൾക്കുമുണ്ട്. റോഹിംഗ്യൻ അഭയാർത്ഥികളും സൗകര്യപൂർവ്വം ഇവിടെ ചേക്കേറിയിട്ടുണ്ടെന്ന വസ്തുത ആശങ്കാജനകമാണ്. കിഴക്കമ്പലം സംഭവങ്ങൾ ഒരു മുന്നറിയിപ്പാണ്. ഇനിയെങ്കിലും സർക്കാർ ഉണർന്നു പ്രവർത്തിക്കണം. വിവിധസംസ്ഥാനങ്ങൾ തമ്മിലുള്ള ഏകോപനം ഇക്കാര്യത്തിൽ ഉണ്ടാവണം. അന്യസംസ്ഥാന തൊഴിലാളികളുടെ ഡാറ്റാബാങ്ക് അടിയന്തിരമായി തയ്യാറാക്കണം. ബംഗ്ളാദേശികളേയും അന്യരാജ്യക്കാരേയും കണ്ടെത്തണം. അവരെ തിരിച്ചയക്കണം''.
''ക്രിമിനിൽ പശ്ചാത്തലമുള്ളവരെ കണ്ടെത്താൻ ശാസ്ത്രീയ സംവിധാനം ഉണ്ടാവണം. മയക്കുമരുന്നു റാക്കറ്റുകളേയും തീവ്രവാദികളേയും കണ്ടെത്താൻ നടപടി വേണം. പൊലീസ് സ്റ്റേഷനുകളിലും തദ്ദേശസ്ഥാപനങ്ങളിലും തൊഴിലുടമകൾ അവരോടൊപ്പമുള്ള തൊഴിലാളികളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും നൽകുന്നു എന്നുറപ്പു വരുത്തണം. തൊഴിലാളികളെ എത്തിക്കുന്ന ഏജന്റുമാരെയും കൃത്യമായ പരിശോധനക്കു വിധേയമാക്കണം''.