'മിശ്രവിവാഹത്തിന് പിന്നില്‍ സിപിഎമ്മും ഡിവൈഎഫ്‌ഐയും'; വിവാദ പരാമര്‍ശവുമായി നാസര്‍ ഫൈസി കൂടത്തായി
കോഴിക്കോട്: മിശ്രവിവാഹം പ്രോത്സാഹിപ്പിക്കുന്നത് സി പി എമ്മും ഡി വൈ എഫ് ഐയും എസ് എഫ് ഐയും ആണ് എന്ന് സമസ്ത നേതാവും എസ് കെ എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ നാസര്‍ ഫൈസി കൂടത്തായി. സുന്നി മഹല്ല് ഫെഡറേഷന്റെ ജില്ല സാരഥി സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കവെ ആണ് നാസര്‍ ഫൈസി കൂടത്തായിയുടെ പരാമര്‍ശം.
മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി മിശ്ര വിവാഹം നടത്തുകയാണ് എന്നും ഹിന്ദു മുസ്ലിമിനെ വിവാഹം കഴിച്ചാല്‍ അത് മതേതരത്വമാകൂ എന്നാണ് ചിലര്‍ കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ ജമാഅത്ത് മഹല്ലുകള്‍ ജാഗ്രത പുലര്‍ത്തണം എന്നും നാസര്‍ ഫൈസി കൂടത്തായി ചൂണ്ടിക്കാട്ടി. കോഴിക്കോട് കൊയിലാണ്ടിയില്‍ വെച്ചാണ് സുന്നി മഹല്ല് ഫെഡറേഷന്റെ ജില്ല സാരഥി സംഗമം നടന്നത്.

'കഴിഞ്ഞ കുറച്ച് ദിവസങ്ങളോളമായി സോഷ്യല്‍ മീഡിയയില്‍ കണ്ടുവരുന്ന പ്രവണതയുണ്ട്. സങ്കര സംസ്‌കാരമായി മിക്‌സഡ് വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ചില രാഷ്ട്രീയ കുടിലതന്ത്രങ്ങള്‍. ഹൈന്ദവന് ഹൈന്ദവ സമൂഹത്തില്‍ നിന്ന് കൊണ്ട് വിവാഹം കഴിക്കാന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ട്. മുസ്ലീമിന് മുസ്ലീമിനെ വിവാഹം കഴിക്കാന്‍ ഭരണഘടന അനുവദിക്കുന്നുണ്ട്,' നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.
എന്നാല്‍ ഹിന്ദു മുസ്ലിമിനെ വിവാഹം കഴിച്ചാലേ ഭാരതീയ സംസ്‌കാരമാകൂ എന്നും മതനിരപേക്ഷതയാകൂ എന്നും മതേതരത്വമാകൂ എന്നുമാണ് ചിലരുടെ കുടില തന്ത്രം എന്നും നാസര്‍ ഫൈസി കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി ഓഫീസുകളിലും പത്ര ഓഫീസുകളിലും പാര്‍ട്ടി നേതാക്കളുടെ പിന്‍ബലത്തില്‍ മുസ്ലീം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി അമുസ്ലീങ്ങള്‍ക്ക് വിവാഹം കഴിച്ചു കൊടുക്കുന്നു.
ആ വിധത്തില്‍ മിശ്രവിവാഹം പ്രോത്സാഹിപ്പിക്കുന്ന സി പി എമ്മിന്റെയും ഡി വൈ എഫ് ഐയുടെയും എസ് എഫ് ഐയുടെയും മതനിരാസത്തെ ശക്തമായി എതിര്‍ക്കാന്‍ മഹല്ല് ജമാഅത്തുകള്‍ സംഘടിക്കണമെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. ഇതാദ്യമായല്ല നാസര്‍ ഫൈസി കൂടത്തായി ഇത്തരം വിവാദപരാമര്‍ശങ്ങള്‍ നടത്തുന്നത്.
നേരത്തെ കമ്യൂണിസം സമൂഹത്തില്‍ നിലനില്‍ക്കേണ്ട ആശയമല്ലെന്നും ആശയം അന്യവല്‍ക്കരിക്കപ്പെട്ടുവെന്നും നാസര്‍ ഫൈസി പറഞ്ഞിരുന്നു. എസ് എഫ് ഐ ക്യാമ്പസുകളില്‍ മത വിരുദ്ധത പ്രചരിപ്പിക്കുന്നു എന്നും നാസര്‍ ഫൈസി ആരോപിച്ചിരുന്നു.
അതേസമയം തട്ടിക്കൊണ്ട് പോകുക എന്ന പരാമര്‍ശം കായികമായി തട്ടിക്കൊണ്ടുപോകുക എന്ന അര്‍ത്ഥത്തില്‍ എല്ല എന്ന് നാസര്‍ ഫൈസി കൂടത്തായി പിന്നീട് പ്രതികരിച്ചു. പ്രേമിച്ച് വിവാഹം കഴിച്ച് പോകുന്നതിനെ ആണ് പറഞ്ഞത്. അത് ഒരുതരത്തില്‍ കാപട്യത്തിലൂടെ മനസിനെ തട്ടിക്കൊണ്ടുപോകുന്നതാണ്. അത്തരത്തില്‍ അവരെ വശീകരിച്ച് മിശ്രവിവാഹം നടത്തുന്നു എന്ന തരത്തിലാണ് പറഞ്ഞിട്ടുള്ളത്.
മതേതരത്വം എന്നത് മിശ്രവിവാഹമല്ല മറിച്ച് സൗഹൃദം നിലനിര്‍ത്തുക എന്നതാണ് എന്നും അദ്ദേഹം പറഞ്ഞു. മൈ ബോഡി മൈ ചോയ്‌സ് എന്നൊക്കെ പറഞ്ഞ് ക്യാംപസിനകത്ത എസ് എഫ് ഐയൊക്കെ കാട്ടിക്കൊണ്ടിരിക്കുന്ന ചില പ്രവണതകള്‍ മതരഹിതമാണ്. അത് മതസഹിത സമൂഹത്തിന് യോജിക്കുന്നതല്ല എന്നത് കൊണ്ടാണ് മതേതരത്വം എന്നത് മിശ്രവിവാഹം അല്ല എന്ന് പറയുന്നത് എന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.












Click it and Unblock the Notifications