യെച്ചൂരിക്ക് നേരിട്ട് അന്ത്യാഭിവാദ്യം നേരണം; ഒടുവില്‍ ഇന്‍ഡിഗോ ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇപി
കോഴിക്കോട്: വര്‍ഷങ്ങള്‍ നീണ്ട ഇന്‍ഡിഗോ ബഹിഷ്‌കരണം അവസാനിപ്പിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍. അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ അവസാനമായി കാണാനും അന്ത്യാഭിവാദ്യം അര്‍പ്പിക്കാനും ഇന്‍ഡിഗോ വിമാനത്തിലാണ് ജയരാജന്‍ ഡല്‍ഹിയിലേക്ക് പോയത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇപി ജയരാജന്‍ ഇന്‍ഡിഗോ വിമാനത്തില്‍ കയറിയത്.
ഇന്നലെ രാത്രി കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നായിരുന്നു ഇപി ജയരാജന്റെ ഇന്‍ഡിഗോ യാത്ര. ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ തടയുകയും പിടിച്ചുതള്ളുകയും ചെയ്തതിനെ തുടര്‍ന്ന് ഇപി ജയരാജന് മൂന്ന് ആഴ്ചത്തേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇപി ഇന്‍ഡിഗോയിലെ യാത്ര ബഹിഷ്‌കരിച്ചിരുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും അദ്ദേഹം ഇന്‍ഡിഗോയില്‍ യാത്ര ചെയ്തിരുന്നില്ല. 2022 ജൂണ്‍ 13 നായിരുന്നു കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത ശേഷമായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.
മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിക്ക് സമീപത്തേക്ക് പാഞ്ഞടുത്ത യൂത്ത് കോണ്‍ഗ്രസുകരെ ഇപി ജയരാജന്‍ സീറ്റുകള്‍ക്കിടയിലേക്ക് തള്ളിയിടുകയായിരുന്നു. സംഭവത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്‍ഡിഗോ പിന്നീട് ഈ സംഭവത്തില്‍ അന്വേഷണം നടത്തി മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ട് ആഴ്ചത്തേക്കും ഇപി ജയരാജന് മൂന്ന് ആഴ്ചത്തെ വിമാന യാത്രാവിലക്ക് ഏര്‍പ്പെടുത്തി.
ഇതില്‍ പ്രതിഷേധച്ചാണ് ഇപി ജയരാജന്‍ ഇന്‍ഡിഗോ വിമാനത്തിലെ യാത്ര അവസാനിപ്പിക്കുകയാണ് എന്ന് അറിയിച്ചത്. കണ്ണൂരിലേക്കും തിരിച്ച് തിരുവനന്തപുരത്തേക്കും ഇന്‍ഡിഗോ പ്രധാനമായി സര്‍വീസ് നടത്തുന്ന സമയത്തായിരുന്നു ഈ തീരുമാനം. എന്നാല്‍ വിലക്ക് കാലയളവിന് ശേഷം ഇന്‍ഡിഗോ അധികൃതര്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും ഇപി ജയരാജന്‍ നിലപാട് മാറ്റിയില്ല.
കണ്ണൂരിലേക്കും തിരിച്ചും മറ്റ് വിമാനങ്ങളില്ലാത്തതിനാല്‍ തന്നെ ജയരാജന്റെ പിന്നീടുള്ള യാത്ര ട്രെയിനിലായിരുന്നു. മാസങ്ങള്‍ക്കുശേഷം എയര്‍ ഇന്ത്യ തിരുവനന്തപുരം -കണ്ണൂര്‍ സര്‍വീസ് ആരംഭിച്ചതോടെയാണ് വീണ്ടും ജയരാജന്‍ ഈ റൂട്ടില്‍ വിമാനത്തില്‍ സഞ്ചരിച്ച് തുടങ്ങിയത്. യെച്ചൂരിക്ക് അന്ത്യാഭിവാദ്യം നേരാന്‍ നേരിട്ട് പോകണം എന്ന് തീരുമാനിച്ചതോടെയാണ് ഈ തീരുമാനം ഇപി മാറ്റുന്നത്.
അതേസമയം, സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകീട്ട് എയിംസില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകും. വസന്ത് കുഞ്ചിലെ വസതിയില്‍ ആറ് മണി മുതല്‍ പൊതുദര്‍ശനമുണ്ടായിരിക്കും. നാളെ രാവിലെ 11 മണി മുതല്‍ 3 മണിവരെ സിപിഎം കേന്ദ്രകമ്മിറ്റി ഓഫീസായ എകെജി ഭവനില്‍ പൊതുദര്‍ശനം നിശ്ചയിച്ചിട്ടുണ്ട്. തുടര്‍ന്ന് വിലാപയാത്രയായി മൃതദേഹം എയിംസില്‍ തന്നെ എത്തിക്കും.
തന്റെ മൃതദേഹം പഠന, ഗവേഷണാവശ്യങ്ങള്‍ക്കായി എയിംസിന് വിട്ടുകൊടുക്കണം എന്ന് യെച്ചൂരി നേരത്തെ അറിയിച്ചിരുന്നു. യെച്ചൂരിക്ക് ശേഷം സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പിബിയില്‍ നിന്നുള്ള ആര്‍ക്കെങ്കിലും താല്‍ക്കാലിക ചുമതല നല്‍കിയേക്കും. ഇന്നലെ വൈകീട്ടാണ് യെച്ചൂരി മരണപ്പെടുന്നത്.












Click it and Unblock the Notifications