എസ് ഡി പി ഐക്കെതിരെ വാളോങ്ങി സിപിഎമ്മും മുസ്‌ലിം ലീഗും! ഇന്ത്യൻ ഐഎസെന്ന് കൊടിയേരി
കൈവെട്ട് കേസിലൂടെയും അഭിമന്യു വധത്തിലൂടെയും കുപ്രസിദ്ധി നേടിയ എസ്.ഡി.പി.ഐക്കെതിരെ രൂക്ഷ വിമർശനങ്ങളുമായും പരസ്പരം പഴിചാരിയും സിപിഎമ്മും മുസ്‌ലിം ലീഗും രംഗത്ത്. എസ്.ഡി.പി.ഐ ആഗോള ഭീകര സംഘടനയായ ഐഎസിന്റെ ഇന്ത്യൻ പതിപ്പാണെന്ന ഗുരുതര ആരോപണമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ ഉന്നയിച്ചത്.
ഹിന്ദുമതത്തെ ആർ.എസ്.എസ് ഉപയോഗിക്കുന്നത് പോലെ ഇസ്‌ലാം മതത്തെ എസ്.ഡി.പി.ഐയും ഉപയോഗിക്കുന്നുവെന്നും എസ്.ഡി.പി.ഐ ചിന്താഗതിക്കാർ നുഴഞ്ഞുകയറുന്നതിൽ രാഷ്ട്രീയ പാർട്ടികൾ ജാഗ്രത പുലർത്തണമെന്നും കൊടിയേരി പറയുന്നു.

മുന്നറിയിപ്പ്
തീവ്രചിന്താഗതിക്കാർ പാർട്ടിയിൽ നുഴഞ്ഞു കേറിയതായുള്ള വിമർശനം സി.പി.എമ്മിനുള്ളിൽ തന്നെ ഉയർന്നിരിക്കെയാണ് ഇതു സംബന്ധിച്ച കൊടിയേരിയുടെ മുന്നറിയിപ്പ്. അതേസമയം എസ്.ഡി.പി.ഐയെ രൂക്ഷമായി വിമർശിച്ചും സി.പി.എമ്മിനെതിരെ ആരോപണങ്ങളുയർത്തിയും മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി.

ആരോപണം
എസ് ഡി.പി.ഐയെ സഹായിച്ച സി.പി.എമ്മിനെ തിരിച്ചുകൊത്തിയപ്പോഴാണ് പാർട്ടി നിലപാട് മാറ്റിയതെന്നും സംഘപരിവാറിനെ എതിർക്കുന്നത് പോലെ എസ്.ഡി.പി.ഐയെയും എതിർക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എസ്.ഡി.പി.ഐ ബന്ധത്തെ ചൊല്ലി ഇരുപാർട്ടികളും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ വർദ്ധിച്ചിട്ടുണ്ട്.

പ്രതിരോധം
എസ്.ഡി.പി.ഐ ലീഗിന്റെ ബി ടീമാണെന്നും വളർച്ചയ്ക്ക് എല്ലാവിധ സഹായങ്ങളുമേകിയെന്നും സിപിഎം കുറ്റപ്പെടുത്തുമ്പോൾ തദ്ദേശസ്ഥാപനങ്ങളിലെ സിപിഎം എസ്.ഡി.പി.ഐ കൂട്ടുകെട്ടും ക്യാമ്പസ് ഫ്രണ്ടുമായി ഉണ്ടാക്കിയ ധാരണകളും ഉയർത്തികാട്ടിയാണ് ലീഗ് ഇതിനെ പ്രതിരോധിക്കുന്നത്.

തിരിഞ്ഞുകൊത്തി
എസ്.ഡി.പി.ഐയെ സഹായിച്ച സിപിഎമ്മിനെ തിരിഞ്ഞ് കൊത്തിയപ്പോഴാണ് പാര്‍ട്ടി നിലപാട് മാറ്റിയതെന്ന് കുഞ്ഞാലിക്കുട്ടി എംപി ദില്ലിയില്‍ പ്രതികരിച്ചിരുന്നു. അതേസമയം ഇപ്പോള്‍ സിപിഎം എസ്.ഡി.പി.ഐയെ നിഷേധിക്കാനുള്ള തിരക്കിലാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ശത്രു
നേരത്തേ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദും സിപിഎമ്മിന്‍റെ എസ്.ഡി.പിഐ ബന്ധത്തെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു. കേരളത്തില്‍ മുസ്ലീം ലീഗിനെതിരെ തിരിയാന്‍ എസ്.ഡി.പിഐ. പോലുള്ള വര്‍ഗീയ സംഘടനകളെ പാര്‍ട്ടി പാലൂട്ടി വളര്‍ത്തുകയാണ് എന്നായിരുന്നു മജീദ് പറഞ്ഞത്.

നിരോധിക്കാന്‍
എസ്.ഡി.പി.ഐയെ നിരോധിക്കണമെന്ന ആവശ്യം ശക്തമായിരിക്കെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ എസ്.ഡി.പി.ഐക്കെതിരെ ശക്തമായി രംഗത്തുവന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications