ഗൗരിയമ്മ വാക്കുമാറ്റി, കുറ്റം മാധ്യമങ്ങള്‍ക്ക്
തൊടുപുഴ: മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് സി പി എം തന്നെ ക്ഷണിച്ചു എന്ന് പറഞ്ഞിട്ടില്ലെന്ന് കെ ആര്‍ ഗൗരിയമ്മ. തന്റെ വാക്കുകളെ വളച്ചൊടിച്ച് മാധ്യമങ്ങള്‍ നല്‍കിയ വ്യാഖ്യാനമാണ് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു എന്ന കഥയെന്നും ജെ എസ് എസ് നേതാവും മുന്‍മന്ത്രിയുമായ ഗൗരിയമ്മ പറഞ്ഞു.
2006ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തോമസ് ഐസക് വഴി സി പി എം തന്നെ സമീപിച്ചിരുന്നു എന്ന് ഗൗരിയമ്മ നേരത്തെ പറഞ്ഞിരുന്നു. മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്താണ് സി പി എം തന്നെ ക്ഷണിച്ചത് എന്നും എന്നാല്‍ താന്‍ അതിന് വഴങ്ങിയില്ലെന്നുമാണ് ഗൗരിയമ്മ പറഞ്ഞത്. തന്റെ കൂടെയുള്ളവരെ സി പി എമ്മില്‍ എടുക്കില്ല എന്ന് പറഞ്ഞതുകൊണ്ടാണ് അന്നത് നടക്കാതിരുന്നത്.

എന്നാല്‍ ഗൗരിയമ്മയുടെ പ്രസ്താവനയെ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മുന്‍ മന്ത്രി തോമസ് ഐസക് എന്നിവര്‍ തള്ളിക്കളഞ്ഞിരുന്നു. ഒരിക്കല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ആളെ മുഖ്യമന്ത്രിയാക്കേണ്ട ഗതികേട് സി പി എമ്മിനില്ലെന്നാണ് പിണറായി ഇതിനെ കളിയാക്കിയത്. ഗൗരിയമ്മയുടെ പരാമര്‍ശം വിസ്മയിപ്പിക്കുന്നതാണ് എന്ന് തോമസ് ഐസകും പ്രതികരിച്ചു.
ഈ സാഹചര്യത്തിലാണ് പുതിയ വിശദീകരണവുമായി ഗൗരിയമ്മ രംഗത്തുവന്നിരിക്കുന്നത്. സി പി എം തന്നെ മുഖ്യമന്ത്രിയാക്കാന്‍ വേണ്ടി ക്ഷണിച്ചിട്ടില്ല. ക്ഷണിച്ചു എന്ന് താന്‍ ആരോടും പറഞ്ഞിട്ടുമില്ല. സി പി എമ്മിലേക്ക് സി പി എം ക്ഷണിച്ചിരുന്നു. തോമസ് ഐസക്കാണ് ഇതാനായി തന്നെ വന്ന് കണ്ടത്. എന്ന് കരുതി താന്‍ സി പി എമ്മിലേക്ക് മടങ്ങാന്‍ ഉദ്ദേശിക്കുന്നില്ല. യു ഡി എഫ് വിട്ട് ഒറ്റക്കക്ഷിയായി നില്‍ക്കാനാണ് തല്‍ക്കാലം തീരുമാനം.












Click it and Unblock the Notifications