312 കോടി വിഴുങ്ങി: സഹകരണ സ്ഥാപനങ്ങളെ സിപിഎം അഴിമതി നടത്താനുള്ള മാർഗ്ഗമാക്കി മാറ്റി: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയെ സി പി എം അഴിമതി നടത്താനുള്ള ഉപാധിയാക്കി മാറ്റിയതായി ബി ജെ പി സംസ്ഥാന അദ്ധ്യകൻ കെ.സുരേന്ദ്രൻ. കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് നിക്ഷേപത്തുക പിൻവലിക്കാൻ സാധിക്കാതെ വന്നതിനാൽ ചികിത്സകിട്ടാതെ ഫിലോമിന എന്ന സ്ത്രീ മരിച്ച സംഭവം ഈ അഴിമതിയുടെ ഫലമാണ്. മുപ്പത് ലക്ഷം രൂപ ബാങ്കിൽ നിക്ഷേപം ഉണ്ടായിരുന്നിട്ട് കൂടി ഒരു അടിയന്തിര ഘട്ടത്തിൽ അവർക്ക് അത് പ്രയോജനപ്പെടുത്താൻ സാധിച്ചില്ലെന്നത് ഇതിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നതാണ്.
കേരളത്തിലെ സഹകരണ ബാങ്കിങ് മേഖല അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങായി മാറ്റിയ സി പി എമ്മാണ് ഈ മരണത്തിൻ്റെ ഉത്തരവാദി. കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് പുറത്തുവന്നിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും കേരളാ പൊലീസ് ഇതുവരെ കുറ്റപത്രം പോലും സമർപ്പിച്ചിട്ടില്ല. ഇപ്പോൾ മരിച്ച ഫിലോമിനയുടെ ഭർത്താവ് ദേവസി ഉള്‍പ്പടെ 11,000ത്തോളം പേരുടെ 312 കോടിയുടെ നിക്ഷേപമായിരുന്നു കരുവന്നൂർ ബാങ്ക് വിഴുങ്ങിയത്.

സി പി എം അടക്കി വാഴുന്ന കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയിലെ പച്ചയായ യാഥാർഥ്യമാണ് ഈ സംഭവം തുറന്നുകാട്ടുന്നത്. സി പി എം നിയന്ത്രിക്കുന്ന സാമ്പത്തിക സാമ്രാജ്യങ്ങളാണ് സഹകരണ ബാങ്കുകൾ. അവിടെ കള്ളപ്പണം വെളുപ്പിക്കൽ, അഴിമതിപ്പണം സൂക്ഷിക്കൽ മുതലായ സാമ്പത്തിക കുറ്റകൃത്യങ്ങൾ നിർലോഭം നടക്കുന്നു. സുതാര്യത ഉറപ്പാക്കാതെ കേരളത്തിൽ അങ്ങോളമിങ്ങോളം നൂറുകണക്കിന് സഹകരണ സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. കേരളത്തിൽ 164 സഹകരണ ബാങ്കുകൾ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന സർക്കാരിൻ്റെ കണക്ക് അപൂർണ്ണമാണ്. കേരളത്തിലെ ഒട്ടുമിക്ക സഹകരണ ബാങ്കുകളും പ്രതിസന്ധിയിലാണ് എന്നതാണ് യാഥാർത്ഥ്യം. മന്ത്രി വാസവൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
ഇത് പേളി മാണി ഷോ; എന്നാലും ഇതെന്തൊരു മാലയാണ് പേളീ.., വൈറലായി പുതിയ ചിത്രങ്ങള്‍
സഹകരണ മേഖലയെ രാഷ്ട്രീയ മുക്തമാക്കിയാൽ മാത്രമേ ഇത്തരം അഴിമതി പരമ്പര അവസാനിപ്പിക്കാൻ സാധിക്കുകയുള്ളൂ. സഹകരണ മേഖലയിലെ അഴിമതി അവസാനിപ്പിക്കാൻ സംസ്ഥാനത്തെ മുഴുവൻ നിക്ഷേപകരെയും അണിനിരത്തി ബി ജെ പി ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് മരിച്ച ഫിലോമിനയെ മന്ത്രി ബിന്ദു അപമാനിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്ത് എത്തി. 'കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തത് കൊണ്ടാണ് ഫിലോമിനക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കാതെ പോയത്. ഫിലോമിനയുടെ മരണത്തിൽ ഒന്നാം പ്രതി സർക്കാരാണ് . ഫിലോമിനയുടെ കുടുംബത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ മന്ത്രി ബിന്ദു മാപ്പ് പറയണം'-വിഡി സതീശന്‍ പറഞ്ഞു.












Click it and Unblock the Notifications