പിണറായിക്കാലത്തെ മൂന്നില്‍ രണ്ട് ഉപതിരഞ്ഞെടുപ്പിലും വിജയം: മേധാവിത്വം തുടരാന്‍ ഇടതുമുന്നണി
തിരുവന്തപുരം: പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ നടന്ന മൂന്ന് ഉപതിരഞ്ഞെടുപ്പില്‍ രണ്ടിലും വിജയം നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. ഈ മേല്‍ക്കൈ ഒക്ടോബര്‍ 21 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ നേടാന്‍ കഴിയുമെന്നാണ് മുന്നണിയുടെ ആത്മവിശ്വാസം. വേങ്ങര, ചെങ്ങന്നൂര്‍, പാലാ സീറ്റുകളിലാണ് ഈ സര്‍ക്കാറിന്‍റെ കാലത്ത് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ സിറ്റിങ് സീറ്റായ ചെങ്ങന്നൂര്‍ നിലനിര്‍ത്തിയ ഇടതുമുന്നണി യുഡിഎഫില്‍ നിന്ന് പാലാ സീറ്റ് പിടിച്ചെടുക്കുകയും ചെയ്തു.
ഇടത് സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ആദ്യമായി നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്നത് വേങ്ങരയിലായിരുന്നു. പികെ കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയായിരുന്നു വേങ്ങരയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെഎന്‍എ ഖാദര്‍ 23310 വോട്ടിന്‍റെ ഭൂരിപക്ഷവുമായി അനായാസം വിജയിച്ചു കയറിയെങ്കിലും 2016 ലേതില്‍ നിന്ന് വലിയതോതില്‍ വോട്ടുകള്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത് ഇടതുമുന്നണി നേട്ടമായി വിലയിരുത്തുന്നു. എട്ടായിരത്തോളം വോട്ടുകളായിരുന്നു ഇടത് സ്ഥാനാര്‍ത്ഥി പിബി ബഷീര്‍ വര്‍ധിപ്പിച്ചത്.

കെ രാമചന്ദ്രന്‍ നായര്‍ എംഎല്‍എയുടെ മരണത്തെ തുടര്‍ന്ന് 2018 മെയിലായിരുന്നു ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. റെക്കോര്‍ഡ് ഭൂരിപക്ഷത്തിലായിരുന്നു സജി ചെറിയാനിലൂടെ സിറ്റിങ് സീറ്റ് ഇടതുമുന്നണി നിലനിര്‍ത്തിയത്. 2016 ലേതില്‍ നിന്നും 14000 വോട്ടുകള്‍ അധികം നേടിയ ഇടതുമുന്നണിക്ക് 20956 വോട്ടുകളുടെ ഭൂരിപക്ഷവും നേടാന്‍ സാധിച്ചു. ഏറ്റവും അവസാനമായി നടന്ന പാലാ ഉപതിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയമായിരുന്നു മാണി സി കാപ്പനിലൂടെ എല്‍ഡിഎഫ് കരസ്ഥമാക്കിയത്. ഉപതിരഞ്ഞെടുപ്പുകളിലെ ഈ മേധാവിത്വം ഒക്ടോബര്‍ 21 ന് നടക്കുന്ന തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.












Click it and Unblock the Notifications