'വെടിപ്പുരക്ക് തീ കൊടുക്കും പോലെ അപകടകരമായ ഒരു കളിയിലാണ് സിപിഎം', വിമർശിച്ച് നജീബ് കാന്തപുരം എംഎൽഎ
കോഴിക്കോട്: സിപിഎമ്മിനെതിരെ മുസ്ലീം ലീഗ് എംഎല്‍എ നജീബ് കാന്തപുരം. കേരളത്തിൽ സിപിഎം ഇസ്ലാമോഫോബിയ വളർത്തുന്നതായി നജീബ് കാന്തപുരം ആരോപിച്ചു. കേരളത്തിലുളള മുസ്ലീംങ്ങൾ താലിബാനെ പിന്തുണയ്ക്കുന്നവരാണ് എന്ന് വ്യാജപ്രചാരണം നടത്തുന്നതിൽ മുന്നിലുളളത് സംഘപരിവാറുകാരേക്കാൾ സഖാക്കളാണ് എന്നും എംഎൽഎ ആരോപിച്ചു. സിപിഎമ്മിനെ വിമർശിക്കുന്നവർക്ക് താലിബാൻ ചാപ്പയടിക്കുകയാണ്. തിരഞ്ഞെടുപ്പിൽ സിപിഎം ബിജെപിയുമായി സഖ്യമുണ്ടാക്കിയെന്നും ഇപ്പോൾ കേരളത്തിൽ പച്ചയ്ക്ക് ഹിന്ദുത്വ പ്രചാരണം ഏറ്റെടുത്ത് നടത്തുകയാണ് എന്നും നജീബ് കാന്തപുരം കുറ്റപ്പെടുത്തി. വെടിപ്പുരയ്ക്ക് തീ കൊടുക്കുന്നത് പോലെ ഉളള അപകടകരമായ കളിയാണ് സിപിഎം ഇപ്പോൾ കളിക്കുന്നത് എന്നും കുടിലമായ രാഷ്ട്രീയമാണ് ഇതിന് പിന്നിലെന്നും പെരിന്തൽമണ്ണ എംഎൽഎ വ്യക്തമാക്കി.

നജീബ് കാന്തപുരം എംഎൽഎയുടെ പ്രതികരണം ഇങ്ങനെ: '' താലിബാനെ മുന്‍നിര്‍ത്തി സിപിഎം കേരളത്തില്‍ ഇസ്ലാമോഫോബിയ വളര്‍ത്തുന്നു അഫ്ഗാനിസ്താനില്‍ ഭരണം പിടിച്ച താലിബാനെ അനുകൂലിക്കുന്നവരാണ് കേരളത്തിലെ മുസ്ലിംകളെന്ന വ്യാജപ്രചാരണം നടത്തുന്നത് സംഘികളേക്കാള്‍ സഖാക്കളാണ്. കേരളത്തിലെ മദ്രസകളും ഇസ്ലാമിക വസ്ത്രധാരണ രീതിയും താലിബാനിസമാണെന്ന് സിപിഎം പോരാളികളായ ലെഫ്റ്റ് ലിബറലുകള്‍ സോഷ്യല്‍ മീഡിയയില്‍ മറയേതുമില്ലാതെ പ്രചരിപ്പിക്കുകയാണ്.
വെടിപ്പുരക്ക് തീ കൊടുക്കും പോലെ അപകടകരമായ ഒരു കളിയിലാണ് സിപിഎം തൊഴിലാളികള്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് മുന്നറിയിപ്പ് നല്‍കുകയാണ്.
ഭരണത്തുടര്‍ച്ചക്ക് വേണ്ടി ബിജെപിയുമായി രഹസ്യസഖ്യമുണ്ടാക്കിയ സിപിഎം ഹിന്ദുത്വ പ്രചാരണങ്ങള്‍ കേരളത്തില്‍ പച്ചക്ക് നടത്തുകയാണ്. സിപിഎമ്മിനെ രാഷ്ട്രീയമായും സൈദ്ധാന്തികമായും വിമര്‍ശിക്കുന്നവരെ താലിബാന്‍ ചാപ്പ കുത്തുകയാണ്. മതവിരുദ്ദരെയും യുക്തിവാദികളെയും കൂടെക്കൂട്ടി കേരളത്തെ മുസ്ലിം മണ്ഡലത്തെ അപ്പാടെ അപരവത്കരിക്കുകയും രാഷ്ട്രീയ സ്വാതന്ത്ര്യം നിഷേധിക്കുകയുമാണ് സിപിഎം ചെയ്യുന്നത്.
ഇതിന് പിറകില്‍ കുടിലമായ രാഷ്ട്രീയ തന്ത്രമുണ്ട്. ഇത് തിരിച്ചറിയാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ല. കമ്മ്യൂണിസ്റ്റ് ഏകാധിപതയും ഫാഷിസ്റ്റുമായ സ്റ്റാലിന്‍ കൂട്ടക്കൊല നടത്തി കുഴിച്ചുമൂടിയവരുടെ കുഴിമാടങ്ങള്‍ ഉയര്‍ന്നുവരുന്ന കാലമാണിത്. അതേക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഉത്തരംമുട്ടിപ്പോയ സഖാക്കള്‍ ന്യായീകീരണ ലേഖനങ്ങള്‍ എഴുതി സ്റ്റാലിനെ വെളുപ്പിക്കാനുള്ള ശ്രമത്തിലാണ്. എം സ്വരാജും ഷിജുഖാനുമെല്ലാം ഇതിനായി മഷി ചെലവഴിക്കുമ്പോള്‍ ഭീതി തോന്നുകയാണ്. പിണറായിയിയുടെ സ്റ്റാലിനിസ്റ്റ് സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ ഇന്ത്യയുടെ അഖണ്ഡതക്ക് ഭീഷണിയാണെന്ന് ചോദ്യപ്പേപ്പറില്‍ പച്ചക്ക് എഴുതി വെച്ചിരിക്കുകയാണ്. എന്നിട്ടും അരികുവത്കരിക്കപ്പെട്ട ഒരു സമുദായത്തെ താലിബാന്‍ ചാപ്പയടിച്ച് വേട്ടയാടി അധികാരക്കസേര ഉറപ്പിക്കാനുള്ള കുടിലതക്ക് കാലം മാപ്പുതരില്ല''.












Click it and Unblock the Notifications