'തന്നെ തേജോവധം ചെയ്യാൻ നീക്കം'; ആത്മകഥ വിവാദത്തിൽ ഡിസി ബുക്‌സിന് ഇപി ജയരാജന്റെ വക്കീൽ നോട്ടീസ്
തിരുവനന്തപുരം: ആത്മകഥ വിവാദത്തിൽ ഡിസി ബുക്‌സിനെതിരെ നിലപാട് കടുപ്പിച്ച് സിപിഎം നേതാവ് ഇപി ജയരാജൻ. സംഭവത്തിൽ ഡിസിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് മുൻ എൽഡിഎഫ് കൺവീനർ. ആത്മകഥ ഭാഗങ്ങൾ പിൻവലിക്കണമെന്നും സംഭവത്തിൽ മാപ്പ് പറയണമെന്നുമാണ് ഡിസിയോട് ഇപി ജയരാജൻ ആവശ്യപ്പെട്ടിരിക്കുന്നത്. താൻ എഴുതിയതല്ല പുറത്തുവന്നതെന്നും വക്കീൽ നോട്ടീസിൽ പറയുന്നുണ്ട്.
ആത്മകഥ ഇപ്പോൾ പ്രസിദ്ധീകരിച്ചത് തന്നെ തേജോവധം ചെയ്യാൻ വേണ്ടിയാണെന്ന് ഇപി ജയരാജൻ ആരോപിക്കുന്നു. അഡ്വ. കെ വിശ്വൻ മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. സംഭവത്തിൽ നേരത്തെ ഇപി ജയരാജൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ആത്മകഥ മറവിൽ വ്യാജരേഖ ഉണ്ടാക്കിയെന്നാണ് ഇപി ജയരാജൻ ആരോപിക്കുന്നത്.

തിരഞ്ഞെടുപ്പിൽ തന്റെ രാഷ്ട്രീയ എതിരാളികൾക്ക് പ്രചാരണ ആയുധം നൽകുന്നതിനു വേണ്ടിയാണ് ആത്മകഥയുടെ ഭാഗങ്ങൾ പ്രസിദ്ധീകരിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. ആത്മകഥ എന്ന നിലയിൽ ഡിസി ബുക്‌സ് പുറത്തുവിട്ട എല്ലാ പോസ്‌റ്റുകളും ആത്മകഥ ഭാഗങ്ങളും പിൻവലിച്ച് നിർവ്യാജം ഖേദം പ്രകടിപ്പിച്ച് തെറ്റ് പരസ്യപ്പെടുത്തണമെന്ന ആവശ്യവും ഇപി വക്കീൽ നോട്ടീസിൽ പറയുന്നുണ്ട്.
ആത്മകഥ ഇതേ വരെ എഴുതി പൂർത്തിയാക്കുകയോ, പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്‌തിട്ടില്ല എന്നാണ് ഇപി ജയരാജൻ അറിയിച്ചിരിക്കുന്നത്. ഡിജിപിക്ക് നൽകിയ പരാതിയിൽ മാധ്യമങ്ങൾ വഴി പുറത്ത് വന്നത് തെറ്റായ കാര്യങ്ങളാണെന്ന് ഇപി ആരോപിക്കുന്നുണ്ട്. ആത്മകഥയുടെ പേരോ കവർ പേജോ പോലും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന കാര്യവും പരാതിയിൽ എടുത്ത് പറയുന്നു.
അതേസമയം, ആത്മകഥ പുറത്തുവന്നതോടെ വലിയ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്. ചേലക്കര, വയനാട് വോട്ടെടുപ്പ് നടക്കുന്ന ദിനമായ ഇന്ന് തന്നെ ആത്മകഥയെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നത് ഇടത് കേന്ദ്രങ്ങളെ ഒന്നാകെ ആശങ്കയിൽ ആഴ്ത്തിയ കാര്യമായിരുന്നു. കട്ടൻ ചായയും പരിപ്പുവടയും, ഒരു കമ്യൂണിസ്‌റ്റിന്റെ ജീവിതം എന്ന പേരിലായിരുന്നു പുസ്‌തകത്തിന്റെ കവർ പേജ് ഉണ്ടായിരുന്നത്.
ഇടതുപക്ഷത്തിന് തന്നെ തിരിച്ചടിയാവുന്ന ഒട്ടേറെ പ്രസ്‌താവനകൾ അടങ്ങിയതായിരുന്നു പുറത്തുവന്ന ആത്മകഥയിലെ പ്രസക്ത ഭാഗങ്ങൾ. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ പ്രയാസമുണ്ടെന്നും പാലക്കാട് സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥി പി സരിൻ അവസരവാദിയാണെന്നും ഈ ആത്മകഥയിൽ വിമർശനമുണ്ടായിരുന്നു.
കൂടാതെ രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നും ആത്മകഥയിൽ പരാമർശം ഉള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതോടെ വലിയ പ്രതിസന്ധിയാണ് ഇടത് മുന്നണിക്ക് മുന്നിൽ ഉണ്ടായത്. തിരഞ്ഞെടുപ്പ് ദിവസം തന്നെ വിവാദം ഉണ്ടായതോടെ ഇപി തന്നെ ഇതിനെതിരെ രംഗത്ത് വരികയായിരുന്നു. പ്രചരിക്കുന്നത് തന്റെ ആത്മകഥ അല്ലെന്നായിരുന്നു ഇപിയുടെ നിലപാട്.
ചേലക്കരയിൽ ഉൾപ്പെടെ ഈ വിവാദം തിരിച്ചടിയാവുമോ എന്നാണ് സിപിഎം ആശങ്കപ്പെടുന്നത്. സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണിത്. കൂടാതെ വരാനിരിക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിലും വിവാദം പ്രതിഫലിച്ചാൽ വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്നാണ് അവർ വിലയിരുത്തുന്നത്. അതും കോൺഗ്രസ് വിട്ട് സിപിഎമ്മിനൊപ്പം ചേർന്ന സരിനെതിരായ പരാമർശം തിരിച്ചടിക്കുമോ എന്നാണ് ആശങ്ക.












Click it and Unblock the Notifications