വഖഫ്: രാജി പ്രായാധിക്യത്താല്‍, മന്ത്രിയുമായി പ്രശ്നങ്ങളില്ലെന്ന് ടികെ ഹംസ; സിപിഎം നിർദേശമെന്ന് സൂചന
മലപ്പുറം: വഖഫ് ബോർഡ് ചെയർമാന്‍ സ്ഥാനത്ത് നിന്നും സിപിഎം നേതാവ് ടികെ ഹംസ രാജിവെച്ചേക്കും. നാളെ ചേരുന്ന യോഗത്തിന് മുന്നോടിയായി രാജി പ്രഖ്യാപനം ഉണ്ടാവുമെന്നാണ് സൂചന. വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനുമായുള്ള ഭിന്നതകളെ തുടർന്നാണ് രാജിയെന്ന വാർത്തകളുണ്ടായിരുന്നു. എന്നാല്‍ ഈവാർത്തകള്‍ ടികെ ഹംസ പൂർണ്ണമായും നിഷേധിച്ചു. വകുപ്പ് മന്ത്രിയുമായി ഭിന്നതയില്ലെന്നും ആരോഗ്യകാരണങ്ങളാലാണ് രാജിയെന്നും ടികെ ഹംസ വ്യക്തമാക്കി.
വഖഫ് ബോർഡ് ചെയർമാന്‍ സ്ഥാനം ഒഴിയുന്ന കാര്യം സിപിഎം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും തന്റെ തീരുമാനം പാർട്ടി അംഗീകരിച്ചതായും ഹംസ പറഞ്ഞു. 'സംഘടനാരംഗത്തും സര്‍ക്കാരിലും വിവിധ പദവികള്‍ വഹിക്കുന്നതിനു പാര്‍ട്ടി നേതാക്കള്‍ക്കു 75 വയസ്സ് പ്രായപരിധി നിശ്ചയിച്ചിരുന്നു. ഈ പദവിയില്‍ കാലാവധി പൂർത്തിയാക്കുമ്പോള്‍ എനിക്ക് 87 വയസ്സ് പൂർത്തിയാവും. വാര്‍ധക്യസഹജമായ നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ പാർട്ടിയുമായി ആലോചിച്ചാണ് തീരുമാനമെടുത്തത്'- ടികെ ഹംസ പറയുന്നു.

വാര്‍ധക്യസഹജമായ നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ട്. മന്ത്രിയുമായി അഭിപ്രായ വ്യത്യാസങ്ങളില്ല. ഇത്തരം ആരോപണങ്ങള്‍ സൃഷ്ടിക്കുന്നത് ശത്രുക്കളാണെന്നും മറ്റ് ചില ജോലികൾ ഉള്ളതിനാലാണ് രാജിയെന്നും ഹംസ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സിപിഎം നിർദേശപ്രകാരമാണ് ടികെ ഹംസ രാജിവെക്കാന്‍ ഒരുങ്ങുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
ടികെ ഹംസയും വകുപ്പ് മന്ത്രി അബ്ദുറഹ്മാനുമായി ദീർഘനാളായി അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന വഖഫ് ബോർഡ് യോഗത്തിൽ ചെയർമാൻ പങ്കെടുക്കുന്നില്ലെന്ന മിനുട്സുകൾ പുറത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് തർക്കങ്ങളും ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചർച്ച ചെയ്യണമെന്ന് കാണിച്ച് അംഗങ്ങളായ എം.സി. മായിൻ ഹാജി, പി ഉബൈദുല്ല എംഎൽഎ, പിവിസൈനുദ്ദീൻ എന്നിവർ നൽകിയ കത്ത് പരിഗണിച്ചാണ് ചൊവ്വാഴ്ച ബോർഡ് യോഗം ചേരുന്നത്.
വഖഫ് ബോർഡിൽ പല കാര്യങ്ങളിലും വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാനുമായി ഭിന്നത ഉണ്ടെന്ന് സൂചനയുണ്ടായിരുന്നു. മന്ത്രിയുടെ ഇടപെടലിൽ അതൃപ്തി പ്രകടിപ്പിച്ച് ടി കെ ഹംസ നേരത്തെ നേതൃത്വത്തെ സമീപിച്ചിരുന്നെങ്കിലും പാർട്ടി അദ്ദേഹത്തെ കൈവിടുകയായിരുന്നുവെന്ന തരത്തിലുള്ല റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. മുതിർന്ന നേതാവായ ഹംസക്കും മന്ത്രിക്കുമിടയിലെ മൂപ്പിളമ തർക്കം ബോർഡ്യോഗത്തിൽ പ്രതിസന്ധി ഉണ്ടാക്കുന്നതായി നേരത്തെ ആക്ഷേപം ഉണ്ടായിരുന്നു.












Click it and Unblock the Notifications