'ബിരിയാണിയിൽ ഒരു മതത്തെ കാണാൻ ശ്രമിക്കുന്നവർ', ഹലാൽ വിവാദത്തിൽ ജോൺ ബ്രിട്ടാസ്
തിരുവനന്തപുരം: ഹലാൽ വിവാദത്തിൽ പ്രതികരണവുമായി ജോൺ ബ്രിട്ടാസ് എംപി. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ ഭക്ഷണം രുചിക്കുന്നവരല്ല മലയാളികളെന്ന് ജോൺ ബ്രിട്ടാസ് പ്രതികരിച്ചു. പൊതുസ്ഥലങ്ങളിലെ ഭക്ഷണശാലകളിലെ ഹലാൽ സമ്പ്രദായവും ബോർഡും സംസ്ഥാന സർക്കാർ നിരോധിക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. മൊയ്ലിയാൻമാർ തുപ്പുന്നതാണ് ചിലയിടത്ത് ഹലാൽ ഭക്ഷണം എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചത്. ഇതോടെ ഹലാൽ വിവാദം സംസ്ഥാനത്ത് രൂക്ഷമായിരിക്കുകയാണ്.
വിവാദവുമായി ബന്ധപ്പെട്ട് ജോൺ ബ്രിട്ടാസ് എംപിയുടെ പ്രതികരണം: '' ജനാധിപത്യത്തിന്റെ മാറ്റ് നിർണയിക്കുന്ന അളവുകോലുകളിൽ ഒന്നാണ് ബഹുസ്വരത. ഇഷ്ടമുള്ള ഭക്ഷണവും വേഷവും ഭാഷയുമൊക്കെ സ്വതന്ത്രമായി തെരഞ്ഞെടുക്കാൻ ജനങ്ങൾക്ക് അവസരം ലഭിക്കുമ്പോഴാണ് ഒരു സമൂഹം പക്വതയാർജിക്കുന്നത്. ഏതുവിധേനയും കേരളത്തിൽ വർഗീയ ധ്രുവീകരണവും ഭിന്നിപ്പുകളും സൃഷ്ടിക്കാൻ കൊടുമ്പിരികൊണ്ട് പ്രവർത്തിക്കുന്നവരുണ്ട്. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ ഭക്ഷണം രുചിക്കുന്നവരല്ല നമ്മൾ. അയൽവക്കത്തെ അടുപ്പിന്റെ പുകയെ ആശ്ലേഷിച്ച പാരമ്പര്യമാണ് നമുക്കുള്ളത്. ലോകത്തിന്റെ ഏത് ഭാഗത്തുള്ള ഭക്ഷണപദാർത്ഥത്തെയും നമ്മൾ വരവേറ്റിയിട്ടുണ്ട്.

മനുഷ്യനെ മതത്തിന്റെ പേരിൽ എങ്ങിനെയെങ്കിലും വേർതിരിച്ച് അധികാരം കൊയ്യാൻ ശ്രമിക്കുന്നവർ വീണ്ടും തലപൊക്കിയിട്ടുണ്ട്. ഡൽഹി കലാപത്തിന് ശേഷം മുസ്ലിം കച്ചവടക്കാരിൽ നിന്നും പഴവും പച്ചക്കറിയും വാങ്ങരുതെന്ന് പരസ്യമായി ആഹ്വാനം ചെയ്തവരുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഗുജറാത്തിലെ നഗരങ്ങൾ വാർത്തകളിൽ സ്ഥാനം പിടിക്കാൻ കാരണം 'ഭക്ഷണം' തന്നെയായിരുന്നു. മാംസഭക്ഷണങ്ങൾ തെരുവിൽ വിൽക്കാൻ പാടില്ലെന്നും അവയൊന്നും കടകളിൽ പ്രദർശിപ്പിക്കാൻ പാടില്ലെന്നും നഗരസഭകൾ ഉത്തരവിട്ടു. വിവാദം മുറുകിയപ്പോൾ തീരുമാനം മരവിപ്പിച്ചെങ്കിലും 'ഭക്ഷണം' ധ്രുവീകരണ മെനുവിലെ മുഖ്യ ഇനമാണ്. ഭക്ഷണവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം മനസ്സിലാകണമെങ്കിൽ ബിജെപി ഓഫീസിലെ മെനു പരിശോധിച്ചാൽ മതി.
ഡൽഹിയിൽ മാധ്യമ പ്രവർത്തകനായി 1988ൽ എത്തുമ്പോൾ ബിജെപി കേന്ദ്ര ഓഫീസിലെ ഭക്ഷണത്തിൽ മാംസാഹാരം ഉൾപ്പെട്ടിരുന്നു. പത്രസമ്മേളനത്തിന്റെ ഭാഗമായി ഉച്ചഭക്ഷണമുണ്ടെങ്കിൽ മാംസാഹാരവും ഉറപ്പ്. ഇന്ന് നോൺവെജ് പടിക്ക് പുറത്താണ് എന്നാണ് അറിയുന്നത്. എന്തിനേറെ ബിരിയാണി എന്നൊക്കെ പറയുമ്പോൾ അതിൽ ഒരു മതത്തെ കാണാൻ ശ്രമിക്കുന്നവർ പോലുമുണ്ട്. മുംബൈ ഭീകരാക്രമണ കേസിലെ പ്രതി കസബ് ജയിലിൽ ബിരിയാണി ചോദിച്ചു എന്ന് പറഞ്ഞ് അഭിഭാഷകൻ കോടതിയിൽ രംഗം കൊഴിപ്പിച്ചിരുന്നു. അത്തരമൊരു സംഭവം ഉണ്ടായിട്ടില്ല എന്ന് പിന്നീട് റിപ്പോർട്ടുകൾ വന്നു. അതിഹീനമായ പ്രവർത്തി ചെയ്ത കസബിന്റെ തോള് ഉപയോഗിച്ച് ഒരു പ്രത്യേക ഭക്ഷണത്തിനും മതത്തിനും അടിവരയിടാനുള്ള ഗൂഢോദ്ദേശ്യമായിരുന്നു ഇതിന് പിന്നിൽ. നമ്മൾ മലയാളികൾ ഇഷ്ടമുള്ള ഭക്ഷണം കഴിക്കും. ഭക്ഷണത്തിന് രുചിയുണ്ടെങ്കിൽ ജാതിയും മതവും രാഷ്ട്രീയവുമൊന്നും നമുക്ക് പ്രശ്നമല്ല. അതാണ് വേണ്ടത്, അത് തന്നെയാണ് വേണ്ടത്''.












Click it and Unblock the Notifications