വില്ല നൽകാമെന്ന് പറഞ്ഞ് പണം തട്ടി; ആരോപണം നിഷേധിച്ച് ശ്രീശാന്ത്, നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു
കണ്ണൂർ: സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങൾ നിഷേധിച്ച് ക്രിക്കറ്റ് താരം ശ്രീശാന്ത്. തനിക്കെതിരായ പണം തട്ടിയെന്ന പരാതി അടിസ്ഥാനരഹിതമാണ്. പരാതിക്കാരനെ കണ്ടിട്ട് പോലുമില്ല. വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ശ്രീശാന്ത് വ്യക്തമാക്കി. വില്ല നിർമ്മിച്ചു നൽകാമെന്ന പേരിൽ തട്ടിയെന്ന പരാതിയിൽ ശ്രീശാന്ത് ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് കഴിഞ്ഞ ദിവസം കേസെടുത്തത്.
കർണാടക ഉഡുപ്പിയിൽ വില്ല നിർമ്മിച്ചു നൽകാമെന്നു പറഞ്ഞു 18 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് ശ്രീശാന്തിനെതിരെ കേസ്. കണ്ണൂർ കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലാണ് പരാതിക്കാരൻ. ഇയാളുടെ പരാതിയിൽ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടത്.

2019ലാണ് പരാതിക്ക് ആസ്‌പദമായ സംഭവം. കൊല്ലൂർ മൂകാംബിക ക്ഷേത്ര സന്ദർശനത്തിന് പോയപ്പോൾ അവിടെ നിന്ന് പരിചയപ്പെട്ട രാജീവ്കുമാർ, വെങ്കിടേഷ് കിനി എന്നിവർ ചേർന്നാണ് തന്റെ കൈയ്യിൽ നിന്നും പണം വാങ്ങിയതെന്ന് സരീഗ് പരാതിയിൽ പറയുന്നു.
അഞ്ച് സെന്റ് ഭൂമിയും അതിലൊരു വില്ലയും നൽകാമെന്നു പറഞ്ഞാണു പണം വാങ്ങിയത്.18,70,000 അഡ്വാൻസായി വാങ്ങിയെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. വില്ല ലഭിക്കാതായപ്പോൾ വെങ്കിടേഷിനെ ബന്ധപ്പെട്ടെന്നും പറഞ്ഞ സ്ഥലത്തിന് സമീപത്ത് ശ്രീശാന്തിന് ഭൂമിയുണ്ടെന്നും പറഞ്ഞു. പിന്നാലെ ശ്രീശാന്തിനെ നേരിട്ട് കണ്ടു.
ആ സ്ഥലത്ത് ക്രിക്കറ്റ് പ്രൊജക്‌ട് തുടങ്ങുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തന്റെ പ്രൊജക്‌ടിന്റെ ഭാഗമായി ഒരു വില്ല നൽകാമെന്നു വാഗ്‌ദാനം ചെയ്തെന്നും പരാതിയിലുണ്ട്. എന്നാൽ പിന്നീട് പ്രശാന്ത് ഈ വാഗ്‌ദാനത്തിൽ നിന്നും പിറകോട്ട് പോയി. മാത്രമല്ല പണം തിരികെ നൽകാനും തയ്യാറായില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
തുടർന്നാണ് ഇയാൾ കോടതിയെ സമീപിച്ചത്. ശ്രീശാന്തിനൊപ്പം രാജീവ് കുമാർ, വെങ്കിടേഷ് എന്നിവരേയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിന് ഇടയിലാണ് ആരോപണം നിഷേധിച്ചുകൊണ്ട് ശ്രീശാന്ത് തന്നെ രംഗത്ത് വന്നത്.












Click it and Unblock the Notifications