'എം ജി ശ്രീകുമാർ മോദി ഭക്തൻ, സംഘ് സഹയാത്രികൻ', ഇടത് സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം
തിരുവനന്തപുരം: ഗായകന്‍ എംജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനാക്കാനുളള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിന് എതിരെ പ്രതിഷേധം ശക്തം. ഇടത് അണികളും സാംസ്‌ക്കാരിക പ്രവര്‍ത്തകരും അടക്കമുളളവരാണ് സര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
എംജി ശ്രീകുമാര്‍ ബിജെപി അനുഭാവിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ എംജി ശ്രീകുമാര്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളും വീഡിയോകളും അടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

നടി കെപിഎസി ലളിതയ്ക്ക് പകരമാണ് എംജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇടത് സര്‍ക്കാര്‍ പരിഗണിക്കുന്നത്. എന്നാല്‍ ബിജെപി അനുഭാവിയായ ഗായകനെ നിയമിക്കാനുളള തീരുമാനം തിരുത്തണം എന്നാണ് ഇടത് കേന്ദ്രങ്ങളില്‍ നിന്നടക്കം വ്യാപകമായി ഉയരുന്ന ആവശ്യം. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി നേതാക്കളായ കുമ്മനം രാജശേഖരന് വേണ്ടിയും വി മുരളീധരന് വേണ്ടിയും എംജി ശ്രീകുമാര്‍ പ്രചാരണ രംഗത്തുണ്ടായിരുന്നു.
'ദംഗൽ' നടി ഫാത്തിമ സനയുമായി ആമിർ ഖാന്റെ രഹസ്യ വിവാഹം? ചിത്രങ്ങൾ പ്രചരിക്കുന്നു

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനം ആലപിച്ചത് എംജി ശ്രീകുമാര്‍ ആയിരുന്നു. 2016ല്‍ കഴക്കൂട്ടത്ത് വി മുരളീധരന് വേണ്ടി പ്രചാരണത്തിന് എത്തിയ എംജി ശ്രീകുമാര്‍ വേദിയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുകയും ചെയ്തിരുന്നു. കഴക്കൂട്ടത്ത് താമര വിരിയണം എന്നാണ് താന്‍ ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞ എംജി ശ്രീകുമാര്‍ പരവൂരില്‍ ദുരന്തമുണ്ടായപ്പോള്‍ സുരക്ഷ പോലും നോക്കാതെ അവിടേക്ക് പ്രധാനമന്ത്രി ഓടിയെത്തിയെന്നും പ്രശംസിച്ചു.

ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടിയാണ് എംജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനാക്കാനുളള തീരുമാനത്തിന് എതിരെ പ്രതിഷേധം ഉയരുന്നത്.''പരസ്യമായി ബി ജെപി സ്ഥാനാർത്ഥിക്കു വോട്ടു ചോദിച്ച മോഡി ഭക്തനായ എം ജി ശ്രീകുമാർ എന്ന സിനിമ ഗായകനെ കേരള സംഗീത നാടക അക്കാദമിയുടെ അധ്യക്ഷനായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാന സർകാർ നാമനിർദേശം ചെയ്തതു ഒരിക്കലും രാഷ്ട്രീയമായി ന്യായീകരിക്കാൻ കഴിയില്ല'' എന്ന് ദേശാഭിമാനി മുൻ കൺസൾട്ടിംഗ് എഡിറ്റർ എൻ മാധവൻകുട്ടി പ്രതികരിച്ചു.

'' അങ്ങനെ തീവ്രമായ അന്വേഷണത്തിനോടുവിൽ ഒരു നാടകക്കാരനെ കിട്ടുകയാണ്'' എന്നാണ് വാർത്ത പങ്കുവെച്ച് കൊണ്ട് സംവിധായകൻ ജിയോ ബേബി പ്രതികരിച്ചിരിക്കുന്നത്. ''തീരുമാനങ്ങളിലെ വിവരക്കേട് തിരുത്തുന്നതാകും നല്ലത്. നായന്മാരെ കൂടെ നിർത്തണമെങ്കിൽ ഇതിലും മികച്ച ഒരു നായർ , അക്കാദമികവും ഭരണപരവും കലാപരവുമായി വളരെ മികവുകൾ ഉള്ള ഒരു നായർ സ്ത്രീ ആ കുടുംബത്തിൽ തന്നെയുണ്ട്. ഡോ.കെ. ഓമനക്കുട്ടി . സ്ത്രീയാണെന്ന ഒറ്റ'ക്കുറവേ'യുള്ളു. മോഹൻലാൽ പ്രിയദർശൻ MG ശ്രീകുമാർ ടീമിലെ നായർ തന്നെയാകണമെന്നുണ്ടോ എന്ന് നിശ്ചയമില്ല'' എന്ന് എഴുത്തുകാരി ശാരദക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

വിടി ബൽറാമും സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' ചലച്ചിത്ര അക്കാദമിയിൽ ജീവനക്കാരായി സിപിഎമ്മുകാരെ പിൻവാതിലിലൂടെ നിയമിക്കുന്നതിന് ശുപാർശ ചെയ്തുകൊണ്ട് അന്ന് ചെയർമാനായിരുന്ന കമൽ പറഞ്ഞത് അത് അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്താനാണെന്നാണ്. എന്ത് നിയമവിരുദ്ധതയും നെറികേടും കാണിച്ചാണെങ്കിലും "ഇടതുപക്ഷ സ്വഭാവം" ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് കരുതുന്ന കേരളത്തിലെ സാംസ്ക്കാരിക പ്രമുഖരാരും ആ അഴിമതി നിയമനങ്ങളെ നേരിയ തോതിൽ പോലും എതിർക്കാൻ തയ്യാറായില്ല''.

''അതുകൊണ്ടു തന്നെ, ഇന്ന് കേരള സംഘീത നാടക അക്കാദമിയിലേക്കും മറ്റും തലപ്പത്ത് നടത്തിയിരിക്കുന്ന പുതിയ നിയമനങ്ങൾ ഏത് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണെന്ന് വിശദീകരിക്കേണ്ടത് പിണറായി വിജയനും കൂട്ടരും മാത്രമല്ല, ഇക്കാലമത്രയും "ഇടതുപക്ഷ"ത്തിന് വേണ്ടി വായിട്ടലച്ചു കൊണ്ടിരുന്ന മുഴുവൻ സാംസ്ക്കാരിക പരാദ ജീവികളുമാണ്. അതോ, ഇതു തന്നെയാണോ നിങ്ങളൊക്കെ തലയിലേറ്റിനടക്കുന്ന ഈ "ഇടതുപക്ഷം" .

സംഘ് സഹയാത്രികൻ എം.ജി ശ്രീകുമാർ ഇടത് സർക്കാറിന്റെ സംഗീത നാടക അക്കാദമി ചെയർമാനാകും എന്നാണ് എംജി ശ്രീകുമാർ ബിജെപി പരിപാടിയിൽ പങ്കെടുക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ട് എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തെഹ്ലിയ കുറിച്ചിരിക്കുന്നത്. എംജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനാക്കുന്നതിനൊപ്പം സംവിധായകന്‍ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാനാക്കാനും നീക്കമുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെതാണ് തീരുമാനം. ഇത് സംബന്ധിച്ചുളള സര്‍ക്കാര്‍ ഉത്തരവ് പുറത്ത് വന്നിട്ടില്ല.