സിപിഎമ്മിനെ കുരുക്കാനുറച്ച് കസ്റ്റംസ്? ആദ്യം വിനോദിനി, പിന്നെ സ്പീക്കര്‍, അതിന് ശേഷം ആര്?
കൊച്ചി: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിനെ വലിഞ്ഞുമുറുക്കുന്ന കാഴ്ച കേരളം കണ്ടതാണ്. അതിന് ശേഷം രണ്ട് മാസം വലിയ കോളിളക്കങ്ങളൊന്നും ഉണ്ടായില്ല. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ വീണ്ടും കളത്തിലുണ്ട്.
സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനെ ഐ ഫോണ്‍ വിവാദത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് പലതവണ നോട്ടീസ് അയച്ചു. ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനോട് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇനി എന്തൊക്കെ...

കേന്ദ്ര ഏജന്‍സികള്‍
സ്വര്‍ണക്കടത്ത് കേസ് മുതല്‍ ഇങ്ങോട്ട് വിവിധങ്ങളായ കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ എത്തി അന്വേഷണങ്ങളോട് അന്വേഷണങ്ങളാണ്. കസ്റ്റംസും എന്‍ഐഎയും ഇഡിയും സിബിഐയും ആദായനികുതി വകുപ്പും എല്ലാം ഉണ്ട് ഇതില്‍. പക്ഷേ, സ്വര്‍ണക്കടത്തില്‍ മാത്രം അന്വേഷണം എവിടേയും എത്തിയില്ല.

കസ്റ്റംസില്‍ തുടങ്ങി
സ്വര്‍ണക്കടത്ത് കേസ് ആദ്യം കസ്റ്റംസിന്റെ പരിധിയില്‍ ആയിരുന്നു. എന്നാല്‍ സ്വര്‍ണക്കടത്ത് അന്വേഷണം എവിടേയും എത്തിക്കാന്‍ കസ്റ്റംസിന് സാധിച്ചിട്ടില്ല. അതിനൊടുവിലാണ് ഡോളര്‍ കടത്ത് എന്ന പുതിയ കേസ് കടന്നുവരുന്നത്.

മുഖ്യമന്ത്രിയും സ്പീക്കറും
ഡോളര്‍ കടത്ത് കേസില്‍ വലിയ ട്വിസ്റ്റുകളാണ് മൊഴികളായി പുറത്ത് വരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തില്‍ നേരിട്ട് പങ്കുണ്ട് എന്നാണ് മൊഴികളെന്ന പേരില്‍ പുറത്ത് വന്നിട്ടുള്ളത്.

ചോദ്യം ചെയ്യല്‍
ഡോളര്‍ കടത്ത് കേസില്‍ വോട്ടെടുപ്പിന് മുമ്പായി മുഖ്യമന്ത്രിയേയും സ്പീക്കറേയും കസ്റ്റംസ് ചോദ്യം ചെയ്‌തേക്കുമെന്ന് ചില സൂചനകള്‍ അന്തരീക്ഷത്തില്‍ ഉണ്ടായിരുന്നു. എന്തായാലും വോട്ടെടുപ്പിന് മുമ്പ് അത് ഉണ്ടാവില്ലെന്ന് ഉറപ്പായിട്ടുണ്ട്.

സ്പീക്കര്‍ക്ക് നോട്ടീസ്
ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കസ്റ്റംസ് നോട്ടീസ് നല്‍കി എന്നതാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വാര്‍ത്ത. ഏപ്രില്‍ എട്ടിന് ഹാജരാകാന്‍ ആണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. അതായത് വോട്ടെടുപ്പ് കഴിഞ്ഞ് രണ്ടാം ദിവസം.

ക്രൈം ബ്രാഞ്ചിന്റെ ചെക്ക്
മൂന്ന് തവണയാണ് ഐ ഫോണ്‍ കേസില്‍ വിനോദിനി ബാലകൃഷ്ണനോട് ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടത്. പക്ഷേ, വിനോദിനി ഹാജരായില്ല. അതിനിടെയാണ്, വിനോദിനി ഐഫോണ്‍ വാങ്ങിയത് പണം കൊടുത്താണെന്നും സന്തോഷ് ഈപ്പന്‍ നല്‍കിയത് അല്ലെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്.

ഇനി എന്ത്
ഐ ഫോണ്‍ കേസില്‍ ഇനി എന്ത് ചെയ്യും എന്ന ആശയക്കുഴപ്പത്തിലാണ് കസ്റ്റംസ്. ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തില്‍ അറസ്റ്റ് പോലെയുള്ള നടപടികളിലേക്ക് കടക്കാന്‍ ആകുമോ എന്നും സംശയമുണ്ട്. വിഷയത്തില്‍ കസ്റ്റംസ് നിയമോപദേശം തേടിയിട്ടുണ്ട്.












Click it and Unblock the Notifications