'പ്രതിസന്ധികളിൽ അദ്ദേഹം കരുത്തായി', കണ്ണുകളിൽ ഇരുട്ടു മൂടുന്നുവെന്ന് ദിലീപ്, കണ്ണീരോടെ സിനിമാലോകം
കൊച്ചി: മാന്നാര്‍ മത്തായിയും കിട്ടുണ്ണിയും ഉണ്ണിത്താനും വാര്യരും ഒക്കെ ഇല്ലാതെ മലയാള സിനിമയുടെ ചരിത്രം അടയാളപ്പെടുത്താനാകില്ല. വെള്ളിത്തിരയിലും അതിന് പുറത്ത് ജീവിതത്തിലും വലിയ ചിരികള്‍ സമ്മാനിച്ചാണ് ഇന്നസെന്റ് എന്ന പ്രതിഭാശാലി വിട പറഞ്ഞിരിക്കുന്നത്. മലയാള സിനിമാ ലോകത്തിന് തീരാനഷ്ടം എന്നത് ഇന്നസെന്റിന്റെ കാര്യത്തില്‍ ഒരു ഉപചാര പ്രയോഗമല്ല.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇന്നസെന്റിന്റെ അന്ത്യം. നാളെ വൈകിട്ട് സ്വന്തം നാടായ ഇരിങ്ങാലക്കുടയില്‍ അദ്ദേഹത്തിന്റെ സംസ്‌ക്കാരം നടക്കും. രാവിലെ എട്ട് മുതല്‍ 11 വരെ കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലും 1 മണി മുതല്‍ 3 മണിവരെ ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. മരണവിവരം അറിഞ്ഞ് സിനിമാ താരങ്ങളായ മമ്മൂട്ടി, ജയറാം, ദിലീപ് അടക്കമുളളവര്‍ ആശുപത്രിയിലെത്തി.

താരസംഘടനയെ 18 കൊല്ലം നയിച്ച വ്യക്തി കൂടിയാണ് ഇന്നസെന്റ്. ആശുപത്രിയില്‍ എത്തിയ ജയറാം അടക്കമുളളവര്‍ മാധ്യമങ്ങളോട് പ്രതികരിക്കാനാകാതെ വിങ്ങിപ്പൊട്ടിയാണ് മടങ്ങിയത്. ഇന്നസെന്റിന് ആദരാജ്ഞലി അര്‍പ്പിച്ച് നിരവധി താരങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്. കണ്ണുകളില്‍ ഇരുട്ട് മൂടുന്നു എന്നാണ് നടന്‍ ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ദിലീപിന്റെ കുറിപ്പ് വായിക്കാം.
'വാക്കുകൾ മുറിയുന്നു... കണ്ണുകളിൽ ഇരുട്ടു മൂടുന്നു... ആശുപത്രിയിൽ കാത്തിരിക്കുമ്പോൾ ഡോക്ടർ വന്നു പറയുന്ന വാക്കുകൾ കേട്ട്... ആരായിരുന്നു ഇന്നസെന്റ് എന്ന ആ വലിയ മനുഷ്യൻ എനിക്ക്.... അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തിൽ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യൻ വിട പറഞ്ഞിരിക്കുന്നു... കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു.
പിന്നീട് സിനിമയിലെത്തിയപ്പോഴും പിൻബലമായത് അദ്ദേഹത്തിന്റെ കരുതൽ ആയിരുന്നു, ജീവിതത്തിലെ പ്രതിസന്ധികളിൽ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകൾ കരുത്തായിരുന്നു... ഇനിയാ ശബ്ദവും രൂപവും, ആശ്വാസ വാക്കുകളും നിലച്ചു എന്നറിയുമ്പോൾ... വാക്കുകൾ മുറിയുന്നു... ഇല്ല, ഇന്നസെന്റ് ഏട്ടാ നിങ്ങൾ എങ്ങോട്ടും പോകുന്നില്ല, ഓർമ്മയുള്ള കാലം വരെ എന്നും എനിക്കൊപ്പം ഞങ്ങൾക്കൊപ്പം നിങ്ങൾ ഉണ്ടാവും....'
'നന്ദി ഇന്നസെൻ്റ് ചേട്ടാ! നൽകിയ ചിരികൾക്ക്... സ്ക്രീനിൽ മാത്രമല്ല, ജീവിതത്തിലും...' എന്നാണ് മഞ്ജു വാര്യർ കുറിച്ചത്. 'മലയാള സിനിമാ ചരിത്രത്തിലെ ഒരു ഐതിഹാസിക അധ്യായത്തിന് അവസാനമായിരിക്കുന്നു' എന്നാണ് പൃഥ്വിരാജ് കുറിച്ചത്. ' അഭിനയത്തിൽ ജീവിക്കുകയും, ജീവിതത്തിൽ അഭിനയിക്കാതിരിക്കുകയും ചെയ്ത, പേര് അന്വർത്ഥമാക്കിയ വ്യക്തിത്വം. ആത്മശാന്തി' എന്ന് ജയസൂര്യ അനുസ്മരിച്ചു.












Click it and Unblock the Notifications