ആശ്രിത നിയമനം: ഉറപ്പുകൾ പാലിക്കാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 25 ശതമാനം തുക പിടിക്കും
തിരുവനന്തപുരം:ആശ്രിത നിയമനത്തിൽ ഉറപ്പ് പാലിക്കാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പ്രതിമാസം 25 ശതമാനം തുക പിടിക്കാൻ സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഇതിനായി ഉദ്യോഗസ്ഥരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാരനെതിരെ ആശ്രിതർക്ക് ഉദ്യോഗസ്ഥർക്ക് രേഖാമൂലം പരാതി നൽകാം. ആഹാരം, വസ്തു, പാർപ്പിടം, ചികിത്സ, പരിചരണം എന്നിവയാണ് സംരക്ഷണം എന്ന നിർവചനത്തിൽപ്പെടുന്നത്.
ആശ്രിതരുടെ പരാതിയിൽ ബന്ധപ്പെട്ട തഹസിൽദാർ മുഖേന അന്വേഷണം നടത്തി റിപ്പോർട്ട് വാങ്ങിയ ശേഷം അടിസ്ഥാന ശമ്പളത്തിൻ്റെ 25% പ്രതിമാസം പിടിച്ചെടുത്ത് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും. തഹസിൽദാരുടെ അന്വേഷണത്തിൽ ആക്ഷേപമുള്ള ജീവനക്കാർക്ക് മൂന്ന് മാസത്തിനകം ജില്ലാ കളക്ടർക്ക് അപ്പീൽ സമർപ്പിക്കാം. പരാതിയിൽ ജില്ലാ കളക്ടർ എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും.

ആശ്രിതർക്ക് കുടുംബ പെൻഷൻ അനുകൂല്യമുണ്ടെങ്കിൽ മേൽപറഞ്ഞ സംരക്ഷണത്തിന് അർഹത ഉണ്ടായിരിക്കില്ല. എന്നാൽ സാമൂഹ്യ സുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള പെൻഷൻ എന്നിവ കൈപറ്റുന്ന ആശ്രിതരെ സംരക്ഷിക്കാൻ മേൽ വ്യവസ്ഥ പ്രകാരം ജോലി ലഭിച്ച ജീവനക്കാർ ബാധ്യസ്ഥരാണെന്നും യോഗം വ്യക്തമാക്കി.
മന്ത്രിസഭ യോഗത്തിലെ മറ്റ് തീരുമാനങ്ങൾ
കെട്ടിട നികുതി നിയമം ഭേദഗതി ചെയ്യും
കേരള കെട്ടിട നികുതി നിയമ (ഭേഭഗതി) ഓർഡിനൻസ് 2023 അംഗീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. 50 വർഷം പഴക്കമുള്ള കേരള കെട്ടിട നികുതി നിയമമാണ് ഭേദഗതി ചെയ്യുക.
1973 ഏപ്രിൽ ഒന്നിനാണ് കേരള കെട്ടിട നികുതി നിയമം നിലവിൽ വന്നത്. കെട്ടിടത്തിന്റെ തറ വിസ്തീർണം അടിസ്ഥാനമാക്കിയാണ് ഒറ്റത്തവണ കെട്ടിട നികുതിയും ആഡംബര നികുതിയും ഈടാക്കുന്നത്. ഈ രണ്ടു നികുതികളും ചുമത്തുന്നതും പിരിച്ചെടുക്കുന്നതും റവന്യൂ വകുപ്പാണ്. സംസ്ഥാനത്ത് ആയിരക്കണക്കിന് ഗാർഹിക, ഗാർഹികേതര കെട്ടിടങ്ങൾ നികുതി നിർണ്ണയിക്കപ്പെടാത്തതായുണ്ട്. ഇതുമൂലം സർക്കാരിന് വലിയ വരുമാന നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നികുതിപിരിവ് സുതാര്യവും ഊർജ്ജിതവുമാക്കുന്നതിന് വേണ്ടിയാണ് ഭേദഗതി.
പിഴ ചുമത്തുന്നതിനുള്ള ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റുമാരുടെ അധികാരപരിധി ഉയർത്തും
പിഴ ചുമത്തുന്നതിനുള്ള ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റുമാരുടെ അധികാരപരിധി 10000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയാക്കി ഉയർത്തും.
ഇതിന് 1973ലെ ക്രിമിനൽ നടപടി സംഹിതയിലെ 29 ആം വകുപ്പിലെ ഉപവകുപ്പ് ഭേദഗതി ചെയ്യുന്നതിന് ഹൈക്കോടതി രജിസ്ട്രാർ ജനറൽ നൽകിയ ശുപാർശ മന്ത്രിസഭാ യോഗം അംഗീകരിച്ചു .
മോട്ടോർ വാഹന നിയമ (ഭേദഗതി )ആക്റ്റ് 2019 നിലവിൽ വന്നതോടെ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ പത്തുമടങ്ങ് വർദ്ധിച്ചിരിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി .
ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് ചുമത്താവുന്ന പരമാവധി പിഴ 10000 രൂപ മാത്രമായതിനാൽ നിലവിലുള്ള ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ പ്രോസിക്യൂഷൻ നടപടി ക്രമങ്ങളെ കാര്യമായി ബാധിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഭേദഗതി വരുത്താനുള്ള കരട് ബില്ലിന് അംഗീകാരം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
ഭൂമി കൈമാറ്റം ചെയ്യുന്നതിന് അനുമതി
ടെക്നോപാർക്കിന്റെ മൂന്നാം ഘട്ട വികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോൾ ഒഴിവാക്കിയ ആറ് ഭൂ ഉടമകളുടെ ഉടമസ്ഥതയിലുള്ള ഭൂമി നിബന്ധനകളോടെ ഏറ്റെടുക്കാൻ തീരുമാനിച്ചു. ഇവരുടെ പട്ടയം പരിശോധിച്ച് ഭൂമി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുവാൻ ടെക്നോപാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തി. സ്ഥിരതാമസക്കാരായ ആറ് ഭൂ ഉടമകൾക്ക് പുതിയ വാസസ്ഥലം ഉണ്ടാകുന്നതു വരെ മാറി താമസിക്കുന്നതിനുള്ള വാടകയായി ഓരോ കുടുംബത്തിനും ഒറ്റതവണയായി 50,000 രൂപ നൽകും.












Click it and Unblock the Notifications