മുസ്ലീം ലീഗിന്റേത് മതരാഷ്ട്രവാദികളുടെ മുദ്രാവാക്യമെന്ന് ദേശാഭിമാനി; സിപിഎമ്മിന്റെ സ്വരം മാറുന്നോ?
തിരുവനന്തപുരം: മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം മുഖപത്രമായ ദേശാഭിമാനി. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പുത്തലത്ത് ദിനേശൻ എഴുതിയ ലേഖനത്തിലാണ് മുസ്ലീം ലീഗിനെ കടുത്ത ഭാഷയിൽ വിമർശിച്ചത്. ലീഗ് മതരാഷ്‌ട്രവാദികളുടെ മുദ്രവാക്യമാണ് ഇപ്പോൾ ഉയർത്തുന്നതെന്നാണ് പുത്തലത്ത് ദിനേശന്റെ ആരോപണം. സാദിഖലി തങ്ങളുടെ സിപിഎം കമ്മ്യൂണിസ്‌റ്റ് വിമർശനത്തിനും ലേഖനത്തിൽ മറുപടിയുണ്ട്.
കഴിഞ്ഞ ദിവസം ചന്ദ്രിക ദിനപത്രത്തിൽ സാദിഖലി ശിഹാബ് തങ്ങൾ എഴുതിയ ലേഖനത്തിന് മറുപടിയായാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പൊളിറ്റിക്കൽ സെക്രട്ടറി കൂടിയായ പുത്തലത്തിന്റെ എഴുത്തെന്നാണ് വിലയിരുത്തൽ. കമ്യുണിസ്‌റ്റുകൾ മതനിരാസരാണെന്ന സാദിഖലി തങ്ങളുടെ പ്രസ്‌താവന ലീഗിനെ മത രാഷ്ട്രീയ വാദികളുടെ പാളയത്തിലാണ് എത്തിക്കുന്നതെന്ന് ലേഖനം ചൂണ്ടിക്കാണിക്കുന്നു.

സിപിഎമ്മിന്റെ മതനിരപേക്ഷ നിലപാടുകൾ മുസ്ലിങ്ങളെ സിപിഎമ്മിനോട് അടുപ്പിച്ചെന്നും ഇതാണ് സമസ്‌തയും ലീഗും തമ്മിലുള്ള ഭിന്നതയ്ക്ക് കാരണമെന്നും ലേഖനത്തിൽ പറയുന്നു. യോജിക്കാവുന്ന വിഷയങ്ങളിൽ ഒക്കെയും സുന്നികളുമായി സിപിഎം ചേർന്നുപോവുന്നുണ്ടെന്നും പുത്തലത്ത് ലേഖനത്തിൽ പറയുന്നു. കേരളത്തിലെ മുസ്ലീം സംഘടനകളെയാകെ തങ്ങളുടെ കൊടിക്കീഴിൽ കൊണ്ടുവന്ന് തിരഞ്ഞെടുപ്പ് വിജയം നേടുകയെന്നതായിരുന്നു ലീഗിന്റെ സമീപനമെന്ന് ലേഖനത്തിൽ പറയുന്നു.
സമ്പന്ന വിഭാഗങ്ങൾക്ക് വേണ്ടിയാണ് ലീഗ് നിലകൊള്ളുന്നതെന്നും ബാബ്‌റി മസ്‌ജി പൊളിച്ചതടക്കം മതനിരപേക്ഷത തകർക്കുന്ന നയങ്ങൾ രാജ്യത്തുയർന്നപ്പോൾ ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ അവർക്ക് കഴിഞ്ഞില്ലെന്നും ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നു. ജമാഅത്തെ ഇസ്ലാമിയുമായി അവർ രഹസ്യബന്ധം വച്ചുപുലർത്തിയെന്ന ആക്ഷേപവും ലേഖനത്തിൽ ലീഗിനെതിരെ ഉന്നയിച്ചിട്ടുണ്ട്.
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള സിപിഎമ്മിന് നയത്തിൽ നിന്ന് കൃത്യമായ വ്യതിചലനമാണെന്ന് ഇതെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച് ന്യൂനപക്ഷ പ്രീണന ആരോപണം സാമുദായിക സംഘടനകളും രാഷ്ട്രീയ വ്യക്തിത്വങ്ങളും തുടർച്ചയായി ഉന്നയിക്കുന്ന സമയത്താണ് സിപിഎം ലീഗിനെതിരെ നിലപാട് കടുപ്പിക്കുന്നത്.
നേരത്തെ രണ്ട് മുന്നണികളിൽ ആയിരുന്നിട്ട് കൂടിയും ലീഗിന് തലോടിയും കോൺഗ്രസിനെ കടന്നാക്രമിച്ചും ആയിരുന്നു സിപിഎമ്മിന്റെ പ്രസ്‌താവനകൾ. ഇടയ്ക്ക് മുന്നണിയിലേക്ക് ലീഗിനെ പരോക്ഷമായി സ്വാഗതം ചെയ്യുന്ന സ്ഥിതി വരെ ഉണ്ടായിരുന്നു. എന്നാൽ അവിടെ നിന്നാണ് സിപിഎം ഇന്നത്തെ നിലയ്ക്ക് ലീഗിനെ അതിരൂക്ഷ ഭാഷയിൽ വിമർശിക്കുന്നത്.
ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം മൂലമുണ്ടായ നയം മാറ്റമാണോ എന്നതാണ് ഇനി വ്യക്തമാവാനുള്ളത്. ലീഗിനോടുള്ള മൃദുസമീപനം സിപിഎമ്മിന് നേരത്തെ വിമർശനങ്ങൾ ഏൽക്കുന്നതിന് കാരണമായിരുന്നു. അതുകൂടി കണക്കിലെടുത്താവും സിപിഎമ്മിന്റെ നയങ്ങൾ. എന്തായാലും യുഡിഎഫ് വിട്ട് ലീഗ് വരില്ലെന്ന് തിരിച്ചറിവാണ് സിപിഎമ്മിനെ മാറി ചിന്തിപ്പിക്കുന്നതെന്ന് വിശ്വസിക്കുന്നവരും കുറവല്ല.
എന്ത് തന്നെയായാലും കഴിഞ്ഞ ഒന്നര മാസക്കാലത്തിന് ഇടയിൽ ലീഗിനോടുള്ള സിപിഎമ്മിന്റെ സമീപനത്തിൽ കാര്യമായ മാറ്റങ്ങൾ കാണാൻ കഴിയും എന്നത് പകൽ പോലെ വ്യക്‌തമാണ്. അവരോടുള്ള സ്വരം മാറുകയും ചെയ്‌തു. ദേശാഭിമാനിയിലെ ലേഖനം സിപിഎം ഔദ്യോഗിക നിലപാടല്ലെന്ന വിശദീകരണവുമായി പാർട്ടി നേതാക്കൾ രംഗത്ത് വരുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.












Click it and Unblock the Notifications