പ്രതികാര നടപടിയുമായി എംഎസ്എഫ്; കോടതിവിധിയുണ്ടായിട്ടും ഷൈജലിനെ യോഗത്തില്‍ പങ്കെടുപ്പിച്ചില്ല
കോഴിക്കോട്: ഹരിത വിവാദത്തില്‍ പെണ്‍കുട്ടികളെ പിന്തുണച്ചതിന് പുറത്താക്കിയ എം എസ് എഫ് നേതാവ് പി പി ഷൈജലിനോട് പ്രതികാര നടപടി തുടര്‍ന്ന് നേതൃത്വം. ഷൈജലിനെ പുറത്താക്കിയ മുസ്ലീം ലീഗ് നടപടി വയനാട് മുന്‍സിഫ് കോടതി റദ്ദാക്കിയിരുന്നു. ഷൈജലിനെ തിരിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം സംസ്ഥാന കമ്മിറ്റി യോഗത്തിനെത്തിയ ഷൈജലിനെ ഇന്ന് യോഗത്തില്‍ പങ്കെടുപ്പിച്ചില്ല. വാതില്‍ അടച്ചിട്ടാണ് എം എസ് എഫ് സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നത്. ഇതേ തുടര്‍ന്ന് വാതിലിന് മുന്നിലെത്തി പ്രതിഷേധ മുദ്രാവാക്യം മുഴക്കിയ ശേഷം ഷൈജല്‍ മടങ്ങുകയായിരുന്നു.
എം എസ് എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. ഹരിത വിഷയത്തില്‍ നേതൃത്വത്തെ വിമര്‍ശിച്ചതിന്റെ പേരിലാണ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ഷൈജലിനെ എം എസ് എഫില്‍ നിന്ന് പുറത്താക്കിയത്. സംഘടനയുടെ ഭരണഘടനക്ക് വിരുദ്ധമായിട്ടാണ് തന്നെ പുറത്താക്കിയതെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ഷൈജലിന് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.

കോടതി വിധിയുടെ നഗ്‌നമായ ലംഘനമാണ് നേതൃത്വം നടത്തിയതെന്ന് ഷൈജല്‍ പ്രതികരിച്ചു. പെണ്‍കുട്ടികളെ ആക്ഷേപിച്ചതിന്റെ പേരിലും തട്ടിപ്പ് നടത്തിയതിന്റെ പേരിലുമെല്ലാം കോടതിയിലും ജയിലിലും കയറിയിറങ്ങുന്നവരായി എം എസ് എഫ് നേതൃത്വം മാറിയെന്നും ഷൈജല്‍ തുറന്നടിച്ചു. ഹരിത നേതാക്കള്‍ക്കെതിരെ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ലൈംഗിക അധിക്ഷേപം നടത്തിയെന്നായിരുന്നു ആരോപണം. ഇതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട പെണ്‍കുട്ടികളെ പിന്തുണച്ചതിനും നേതൃത്വത്തെ കുറ്റപ്പെടുത്തിയതിനുമാണ് ഷൈജലിനെ പുറത്താക്കിയത്.
Recommended Video

ഹരിത നേതാക്കള്‍ ഉയര്‍ത്തിയ ആരോപണം പാര്‍ട്ടി അന്വേഷിച്ചിരുന്നു. ഇതിന് പിന്നാലെ അച്ചടക്ക ലംഘനം നടത്തിയെന്നാരോപിച്ച് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തു. ആരോപണ വിധേയനായ പി കെ നവാസിനെ പിന്തുണയ്ക്കുന്ന നടപടിയായിരുന്നു മാതൃസംഘടനയായ മുസ്ലീം ലീഗ് സ്വീകരിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട ഷൈജലിനെ പുറത്താക്കിയത്. അതേസമയം പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കാന്‍ വേണ്ടി മാത്രമായിരുന്നു തങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ സംസാരിച്ചതെന്നും ഇതിനാണ് പുറത്താക്കിയതെന്നും ഷൈജല്‍ പറഞ്ഞിരുന്നു.

തങ്ങളെടുത്ത നിലപാട് പാര്‍ട്ടി വിരുദ്ധമായിരുന്നില്ലെന്നും മുസ്ലീം വിദ്യാര്‍ഥികളുടേയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവകാശത്തിനും വേണ്ടി പോരാടുന്ന പാര്‍ട്ടിയാണ് മുസ്ലീം ലീഗെന്നാണ് തങ്ങള്‍ പഠിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്ന പേരില്‍ പി കെ നവാസിനെതിരെ നല്‍കിയ കേസില്‍ ഹരിത മുന്‍ ഭാരവാഹികള്‍ ഉറച്ചുനിന്നതോടെയാണ് വനിതാ നേതാക്കളെ സ്ഥാനത്ത് നിന്ന് നീക്കി സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത്.

നജ്മ തബ്ഷീറക്കെതിരെ പി കെ നവാസ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നായിരുന്നു ഹരിത നേതാക്കളുടെ പരാതി. പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി രണ്ട് മാസം പിന്നിട്ടിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് ഹരിതാ നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചു. ഇതോടെയാണ് വിഷയം പുറത്തായതും വിവാദമായതും. ഇതോടെ ഹരിത നേതാക്കളുമായി ലീഗ് നേതൃത്വം യോഗം ചേരുകയും ചെയ്തിരുന്നു. എന്നാല്‍ കുറ്റാരോപിതനായ പി കെ നവാസിനെതിരെ നടപടി വേണ്ടെന്നും ഖേദപ്രകടനം മതിയെന്നുമായിരുന്നു മുസ്ലീം ലീഗ് നേതൃത്വത്തിന്റെ തീരുമാനം.

ഹരിത നേതാക്കളെ പിന്തുണച്ച ലത്തീഫ് തുറയൂരിനെ എം എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കം ചെയ്തിരുന്നു. എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയയ്ക്കെതിരേയും നടപടിയെടുത്തിരുന്നു. ഹരിത നേതാക്കളെ പിന്തുണച്ചതിനാണ് ഫാത്തിമ തഹ്ലിയയെ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയത്.












Click it and Unblock the Notifications