'അത് നടക്കില്ലെന്ന് ഞാന്‍ തുറന്നുപറഞ്ഞു, അമിത് ഷായ്ക്ക് ഷോക്കായി പോയി'... നടന്‍ ദേവന്‍ പറയുന്നു
കൊച്ചി: ബിജെപിയില്‍ ചേര്‍ന്നത് വളരെ വ്യക്തമായ ധാരണയോടെയാണെന്ന് നടന്‍ ദേവന്‍. രണ്ട് തവണ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ഒരു തവണ ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിനെയും നേരിട്ട് കണ്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. കേരളത്തില്‍ ബിജെപിക്ക് നേട്ടമുണ്ടാകണമെങ്കില്‍ എന്താണ് ചെയ്യേണ്ടത് എന്ന കാര്യം ധരിപ്പിച്ചിരുന്നുവെന്നും ദേവന്‍ പറഞ്ഞു.
തനിക്ക് ചില സ്വപ്‌നങ്ങളുണ്ട്. അത് ബിജെപിയില്‍ നിന്ന് സാധിക്കുമെന്ന് ഉറപ്പുണ്ട്. എന്നാല്‍ പ്രവര്‍ത്തിക്കാന്‍ ശക്തമായ ഒരു പദവി വേണമെന്നും ദേവന്‍ പറഞ്ഞു. കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദേവന്റെ പ്രതികരണം. ബിജെപിയില്‍ ഒരു സിനിമാ നടന്‍ മാത്രമാണ് ഞാനിപ്പോള്‍. അത് പോരെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയില്‍ ചേര്‍ന്നത് കൃത്യമായി ആലോചിച്ച് എടുത്ത തീരുമാനമാണ്. വെറുതെ ചാടി ചേര്‍ന്നതല്ല. കേരളത്തില്‍ ഒട്ടേറെ പ്രശ്‌നങ്ങളുണ്ട്. അത് പരിഹരിക്കാന്‍ കേരള പീപ്പിള്‍സ് പാര്‍ട്ടിക്ക് സാധിക്കില്ലെന്ന് ബോധ്യമായി. ഈ സാഹചര്യത്തിലാണ് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചത്. ജനങ്ങളുടെ വിഷയങ്ങളില്‍ പ്രതികരിക്കാന്‍ കോണ്‍ഗ്രസുമില്ല, ബിജെപിയുമില്ലെന്നും ദേവന്‍ പറഞ്ഞു.
എല്ലാ വിഷയത്തിലും മുഖ്യമന്ത്രി പ്രതികരണം എന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നത്. അദ്ദേഹം പ്രതികരിച്ചാല്‍ തീരുന്നതാണോ കേരളത്തിലെ പ്രശ്‌നം. പ്രതികരിച്ചില്ലെങ്കില്‍ എന്തുചെയ്യും. പ്രതിപക്ഷത്തിന് ജനങ്ങളോട് കടമയില്ലേ. കെ-ഫോണിലും അഴിമതിയുണ്ടെന്ന് പറയുന്നു. ഞാനാണെങ്കില്‍ ശക്തമായി രംഗത്തിറങ്ങും. ഉത്തരവാദികളെ വഴി നടത്തില്ല. ജനങ്ങളെ തടഞ്ഞ് ഹര്‍ത്താല്‍ നടത്തുമെന്നല്ല പറയുന്നത് എന്നും ദേവന്‍ വിശദീകരിച്ചു.
അമിത് ഷായുമായി രണ്ടു തവണ ചര്‍ച്ച നടത്തി. 2016ല്‍ തിരുവനന്തപുരത്തും വച്ചും 2021 മാര്‍ച്ചില്‍ ഡല്‍ഹിയില്‍ വച്ചും. ഞാന്‍ സിനിമാ നടന്‍ മാത്രമല്ല, രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയാണ്. ഡല്‍ഹിയില്‍ 15 മിനുട്ട് നടത്തിയ ചര്‍ച്ചയില്‍ തന്റെ നിലപാടുകള്‍ വിശദീകരിച്ചു. അമിത് ഷാ എന്നെ സൗമ്യനായി കേട്ടുവെന്നും ദേവന്‍ പറഞ്ഞു.
2016ല്‍ കുമ്മനം രാജശേഖരന്‍ മുന്‍കൈയ്യെടുത്താണ് തിരുവനന്തപുരത്ത് വച്ച് അമിത് ഷായെ കണ്ടത്. കെപിപിയെ എന്‍ഡിഎയില്‍ ചേര്‍ക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ചര്‍ച്ച. 2021ല്‍ കേരളത്തില്‍ ബിജെപി ഭരണം പിടിക്കുമെന്ന് അന്ന് അമിത് ഷാ പറഞ്ഞു. അത് സാധിക്കില്ലെന്ന് ഞാന്‍ പ്രതികരിച്ചപ്പോള്‍ അമിത് ഷായ്ക്ക് പോലും ഷോക്കായി പോയെന്നും ദേവന്‍ വിശദീകരിച്ചു.
17 വര്‍ഷം സജീവ രാഷ്ട്രീയത്തിലുള്ള വ്യക്തിയാണ് ഞാന്‍. മലയാളിയുടെ മനസ് എനിക്കറിയാം. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ബിജെപിയും ആര്‍എസ്എസും അപകടകാരികളാണ് എന്ന ഭയമുണ്ട്. ഹിന്ദുക്കളില്‍ പോലും ഈ ഭയമുണ്ട്. അത് മാറ്റിയെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ബിജെപി പ്രവര്‍ത്തനം ശക്തമാക്കണമെന്നും ദേവന്‍ പറഞ്ഞു.
ബിജെപിക്ക് ഗ്രൗണ്ട് സപ്പോര്‍ട്ടുണ്ട്. പക്ഷേ, ബിജെപിക്കാര്‍ കളിക്കുന്നില്ല. ന്യൂനപക്ഷങ്ങള്‍ക്കിടയിലുള്ള ഭയം മാറ്റിയെടുക്കണം. ജനങ്ങളിലേക്ക് ഇറങ്ങണം. ഭൂരിഭാഗം ക്രൈസ്തവരും മുസ്ലിങ്ങളും രാജ്യത്തെ സ്‌നേഹിക്കുന്നവരാണ്. അവരെ കൂടെ നിര്‍ത്താന്‍ സാധിച്ചാല്‍ മാത്രമേ കേരളത്തില്‍ വിജയിക്കൂ എന്നും താന്‍ അമിത് ഷായോട് പറഞ്ഞുവെന്ന് ദേവന്‍ കൂട്ടിച്ചേര്‍ത്തു.
2021ല്‍ തന്റെ പാര്‍ട്ടി ബിജെപിയില്‍ ലയിച്ച വേളയില്‍ സ്റ്റേജില്‍ സംസാരിക്കാന്‍ അവസരം കിട്ടിയപ്പോഴും ഇക്കാര്യം പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം തൃശൂരില്‍ വച്ച് ആര്‍എസ്എസ്സിന്റെ മോഹന്‍ ഭാഗവതിനെ കണ്ടപ്പോഴും ഇക്കാര്യം പറഞ്ഞു. അദ്ദേഹം ബിജെപി നേതാക്കളെ വിവരം അറിയിക്കാമെന്ന് മറുപടി നല്‍കി. ഈ ചര്‍ച്ചയ്ക്ക് ശേഷം ഒരാഴ്ച കഴിഞ്ഞപ്പോള്‍ മോഹന്‍ ഭാഗവത് ഡല്‍ഹിയില്‍ പള്ളി ഇമാമുമായി സംസാരിച്ചുവെന്നും ദേവന്‍ വിശദീകരിച്ചു.
ബിജെപി സ്ഥാനാര്‍ഥിയായി ഇപ്പോള്‍ മല്‍സരിക്കില്ല. ഒരു സെക്രട്ടറി തലത്തിലുള്ള പോസ്റ്റ് വേണം. പ്രവര്‍ത്തിക്കണം. താന്‍ അതിന് യോഗ്യനാണ്. പല നേതാക്കളോടും ഇക്കാര്യം പറഞ്ഞു. അങ്ങനെ തരാന്‍ കഴിയില്ലെങ്കില്‍ തന്റയടുത്ത് വരരുത് എന്ന് പറഞ്ഞിട്ടുണ്ട്. ബിജെപിക്ക് 2016നേക്കാള്‍ 2021ല്‍ വോട്ട് കുറയുകയാണ് ചെയ്തത്. എല്ലാ കണക്കുകളും വച്ചാണ് താന്‍ സംസാരിക്കുന്നതെന്നും ദേവന്‍ പറഞ്ഞു.












Click it and Unblock the Notifications