ക്ഷേത്രങ്ങളിലുള്ളത് 535 കിലോ സ്വര്‍ണം! ബാങ്കില്‍ നിക്ഷേപിച്ച് നേട്ടം കൊയ്യാന്‍ ദേവസ്വം; പലിശ എത്രയെന്നോ?
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലെ സ്വര്‍ണങ്ങള്‍ ബാങ്കിലേക്ക് മാറ്റുന്നു. ശബരിമല ഉള്‍പ്പെടെയുള്ള ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ നിത്യോപയോഗമില്ലാത്ത 535 കിലോ ഗ്രാം സ്വര്‍ണം ആണ് ബാങ്കിലേക്ക് മാറ്റുന്നത്. ഹൈക്കോടതിയുടെ അനുമതിയോടെ ഇത് സംബന്ധിച്ച പരിശോധനയും കണക്കെടുപ്പും പൂര്‍ത്തിയായി. എട്ട് മാസത്തോളം നീണ്ടുനിന്ന പരിശോധനയും കണക്കെടുപ്പും കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്.
ജനുവരി പകുതിയോടെ നിക്ഷേപ പദ്ധതിയില്‍ എസ് ബി ഐക്ക് സ്വര്‍ണങ്ങള്‍ കൈമാറും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ളത് 1252 ക്ഷേത്രങ്ങളാണ്. ഈ ക്ഷേത്രങ്ങളിലെ സ്വര്‍ണം 21 സ്ട്രോംഗ് റൂമുകളിലായാണ് സൂക്ഷിച്ചിരിക്കുന്നത്. ഭക്തര്‍ കാണിക്കയായും നടയ്ക്ക് വെച്ചതുമായ ആഭരണങ്ങള്‍ ആണിത്. നിലവിലെ സ്വര്‍ണ വില അനുസരിച്ച് ഒരു വര്‍ഷം 10 കോടിയോളം രൂപയാണ് പലിശയായി ദേവസ്വം ബോര്‍ഡിന് ലഭിക്കുക.

അഞ്ച് വര്‍ഷത്തേക്കുള്ള നിക്ഷേപ പദ്ധതിക്കാണ് ദേവസ്വം ബോര്‍ഡ് അന്തിമ അനുമതി നല്‍കിയിരിക്കുന്നത്. ജനുവരി മൂന്നിന് എസ് ബി ഐ, ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍, ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവ ഇതിനായി യോഗം ചേരും എന്ന് ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തും ദേവസ്വം ബോര്‍ഡ് അംഗം എ അജികുമാറും പറഞ്ഞു. അതിന് ശേഷം സ്ട്രോംഗ് റൂമുകളില്‍നിന്ന് സ്വര്‍ണം തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം ഗ്രൂപ്പിലെ വലിയശാലയില്‍ എത്തിക്കും.
മെറ്റല്‍ ആന്‍ഡ് മിനറല്‍സ് ട്രേഡിങ് കോര്‍പ്പറേഷന്‍ അധികൃതരുടെ സാന്നിധ്യത്തില്‍ എസ് ബി ഐയുടെ തൃശൂര്‍ ശാഖയ്ക്കാണ് സ്വര്‍ണം കൈമാറുക. ക്ഷേത്രങ്ങളിലെ സ്വര്‍ണം അതിന്റെ മൂല്യം അനുസരിച്ച് മൂന്ന് വിഭാഗമായി തരംതിരിച്ചിട്ടുണ്ട്. പുരാതന മുല്യമുള്ളവ എ കാറ്റഗറിയില്‍ ആണ് ഉള്‍പ്പെടുന്നത്. പൂജയ്ക്കും ഉത്സവങ്ങള്‍ക്കും നിത്യ ചടങ്ങുകള്‍ക്കും ഉപയോഗിക്കുന്നവ ബി കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഭക്തര്‍ സമര്‍പ്പിക്കുന്ന സ്വര്‍ണമാണ് സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്നത്. ഹൈക്കോടതി അനുമതിയോടെ സി കാറ്റഗറിയില്‍പ്പെടുന്ന സ്വര്‍ണത്തിന്റെ കണക്കെടുപ്പ് ആണ് പൂര്‍ത്തിയായിരിക്കുന്നത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ സ്വര്‍ണം നേരത്തെ തന്നെ നിക്ഷേപ പദ്ധതിയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് ക്ഷേത്രങ്ങളിലെ സ്വര്‍ണവും ബാങ്കുകളിലേക്ക് നിക്ഷേപിക്കുന്നത്.
സ്വര്‍ണത്തിന്റെ വിപണി വിലയ്ക്ക് ആനുപാതികമായി രണ്ടര ശതമാനം പലിശ കിട്ടുന്ന റിസര്‍വ് ബാങ്കിന്റെ ഡിപ്പോസിറ്റ് സ്‌കീം നടപ്പാക്കാന്‍ ഹൈക്കോടതി നേരത്തെ ദേവസ്വം ബോര്‍ഡിന് അനുമതി നല്‍കിയിരുന്നു. സ്വര്‍ണത്തിന് പുറമെ ക്ഷേത്രങ്ങളില്‍ കാലങ്ങളായി ഉപയോഗിക്കാതെ നശിക്കുന്ന വിളക്കുകള്‍, വിവിധതരം പാത്രങ്ങള്‍ എന്നിവ ലേലം ചെയ്യാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications