'ദിലീപ് നിരുപദ്രവകാരി, ആത്മാർത്ഥമായ സ്നേഹമാണ്'; പിന്തുണച്ച് റിയാസ് ഖാൻ
കൊച്ചി: മലയാള സിനിമയിൽ വലിയ ഞെട്ടലിന് വഴിവെച്ച സംഭവമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസ്. ഷൂട്ടിംഗ് കഴിഞ്ഞ് സിനിമ ലൊക്കേഷനിൽ നിന്ന് മടങ്ങി വരികയായിരുന്ന നടിയെ ഓടുന്ന കാറിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. നടൻ ദിലീപിന്റെ അറസ്റ്റോടെയാണ് കേസിൽ വലിയ വലിയ വഴിത്തിരിവ് ഉണ്ടാകുന്നത്. മലയാള സിനിമയിൽ ദിലീപ് ശക്ത സാന്നിധ്യമായി നിൽക്കുന്നതിനിടയിലായിരുന്നു കേസും അറസ്റ്റുമെല്ലാം.
അതേസമയം സംഭവത്തിൽ നടനെ തുടക്കം മുതൽ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സിനിമയിലെ പകുതിയിലധികം താരങ്ങളും സ്വീകരിച്ചിരുന്നത്. ഇപ്പോഴിതാ ദിലീപിനെ തുണച്ച് മറ്റൊരു താരം പ്രതികരിക്കുകയാണ്. നടൻ റിയാസ് ഖാനാണ് വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. സീ ന്യൂസ് മലയാളത്തിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വായിക്കാം

ദിലീപുമായി തനിക്ക് വളരെ വലിയ സൗഹൃദമാണെന്നും ദിലീപ് അത് ചെയ്യില്ലെന്നും റിയാസ് ഖാൻ പറഞ്ഞു. 'ദിലീപിന്റേത് ആത്മാർത്ഥമായ സ്നേഹമാണ്. അത് സൗഹൃദമായിട്ട് എങ്ങനെ പറയുമെന്ന് അറിയില്ല. പറയാൻ പറ്റാത്തൊരു ഫീലിംഗാണ്. ദിലീപ് എന്താണെനന് എനിക്ക് മനസ് കൊണ്ടറിയാം. എന്റെ മൂഡ് മാറിയാലും എന്റെ പ്രവൃത്തികളിലും പെരുമാറ്റത്തിലും എന്തെങ്കിലും മാറ്റങ്ങളുണ്ടായാൽ തന്നെ പുള്ളിക്ക് മനസിലാകും. അത്രയും ഞങ്ങൾക്ക് പരസ്പരം അറിയാം'

'ദിലീപേട്ടന്റെ പടത്തിൽ ഞാൻ മെയിൻ ക്യാരക്ടർ ചെയ്തിട്ടുണ്ട്. ചെറിയ കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട്. ഞാൻ എവിടെയെങ്കിലുമായിരിക്കും. എങ്കിലും പുള്ളിയുടെ പടത്തിൽ ചെറിയ റോൾ ആണെങ്കിലും ഞാൻ വന്ന് ചെയ്തിട്ടുണ്ട്. പുള്ളിക്ക് ഇഷ്ടമാണ് ചെറുതാണെങ്കിലും എന്റെയൊരു പങ്കാളിത്തം വേണമെന്നത്. ഒരു ഷോർട്ടിന് വേണ്ടി മാത്രം വന്നിട്ടുണ്ട്'

ദിലീപ് തികച്ചും നിരുപദ്രവകാരിയായ വ്യക്തിയാണ്. വളരെ സ്നേഹിക്കുന്ന മനസാണ്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ഉണ്ടാവില്ലെന്ന് താൻ ഉറച്ച് വിശ്വസിക്കുന്നുണ്ടെന്നും റിയാസ് ഖാൻ പറഞ്ഞു. മുതിർന്ന താരം നടൻ മധു അടക്കമുള്ളവരാണ് ദിലീപിന് നേരത്തേ പരസ്യ പിന്തുണയുമായി രംഗത്തെത്തിയവർ. തങ്ങൾക്കറിയുന്ന ദിലീപ് അത്തരമൊരു കാര്യം ചെയ്യില്ലെന്നായിരുന്നു പലരും പ്രതികരിച്ചത്. നടൻ ശങ്കർ, ഗീതാ വിജയൻ, കൊല്ലം തുളസി, സിദ്ധിഖ് തുടങ്ങിയ താരങ്ങളെല്ലാം തന്നെ നടനൊപ്പം എന്ന് പരസ്യമായി തന്നെ പ്രഖ്യാപിച്ചിരുന്നു.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ തുടർവിചാരണയിൽ വീണ്ടും ദിലീപ് കോടതി കയറിയിരിക്കുകയാണ്. കേസിൽ ഈ മാസം 10 നാണ് വിചാരണ തുടങ്ങുക. തുടരന്വേഷണ കുറ്റപത്രം തളളണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചെങ്കിലും ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. ദിലീപിനും സുഹൃത്തും വ്യവസായിയുമായ ശരതിനുമെതിരെയുള്ള അധിക കുറ്റപത്രം നിലനിൽക്കുമെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.

തുടർന്ന് കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായ ദിലീപിനേയും ശരതിനേയും കേസിൽ കുറ്റപത്രം വായിച്ച് കേൾപ്പിക്കുകയും വിചാരണ നടപടികൾ 10 ന് ആരംഭിക്കുമെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. അധിക കുറ്റപത്രത്തിൽ തെളിവ് നശിപ്പിച്ചതടക്കമുള്ള കുറ്റങ്ങളാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. തെളിവ് മറച്ചതിനുള്ള കുറ്റമാണ് ശരതിന്റെ മേൽ ഉള്ളത്.

കേസിൽ ആദ്യഘട്ടത്തിൽ 39 സാക്ഷികളെ വിസ്തരിക്കാൻ അനുവദിക്കണമെന്ന ആവശ്യമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഇന്നയിച്ചത്. ഇതിൽ ദിലീപിന്റെ മുൻ ഭാര്യ മഞ്ജു വാര്യരും ഉൾപ്പെടുന്നു. എന്നാൽ 36 പേരെ വിസ്തരിക്കാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. ഇവർക്ക് കോടതി സമൻസ് അയക്കുകയും ചെയ്തു. മഞ്ജു വാര്യർ ഉൾപ്പെടെ മറ്റ് മൂന്ന് പേരെ വിസ്തരിക്കേണ്ട കാര്യത്തിൽ പിന്നീട് തീരുമാനം കൈക്കൊള്ളും.












Click it and Unblock the Notifications