നടിക്ക് വന്‍ തിരിച്ചടി, ദിലീപിന് ആശ്വാസം: ജഡ്ജി മാറില്ല, അതിജീവിതയുടെ ആവശ്യം തള്ളി ഹൈക്കോടതി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയ്ക്ക് തിരിച്ചടി. കേസിന്റെ കോടതിമാറ്റം വേണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കൊടതി തള്ളുകയായിരുന്നു. ജസ്റ്റിസ് സിയാദ് റഹ്മാന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി.
കേസിലെ വിചാരണക്കോടതി മാറ്റിയതിനെതിരെ അതിജീവിത നല്‍കിയ ഹർജിയാണ് തള്ളിയിരിക്കുന്നത്. കേസിന്റെ കോടതി മാറ്റം നിയമപരമല്ലെന്നും അതിനാല്‍ നേരത്ത വിചാരണ നടത്തിയ കോടതിയില്‍ തന്നെ കേസ് തുടരണമെന്നുമായിരുന്നു അതിജീവിതയുടെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.

പ്രതിയും ജഡ്‍ജിയും തമ്മിൽ ബന്ധമുണ്ടെന്ന അതിജീവിതയുടെ ആരോപണവും കോടതി തള്ളി. 2019 ൽ പുറത്ത് വന്ന വോയിസ് ക്ലിപ്പിന് ആധികാരികത ഇല്ല എന്നും കോടതി ചൂണ്ടിക്കാട്ടി. ജഡ്‍ജിമാർ അവരുടെ ഡ്യൂട്ടി ചെയ്യട്ടെ, അതിൽ മാധ്യമങ്ങൾ ഇടപെടേണ്ടതില്ല എന്നും വിധിയിൽ ഹൈക്കോടതി നിരീക്ഷിച്ചു. വിധിയുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന അതിജീവിതയുടെ ആവശ്യം അംഗീകരിക്കാനും കോടതി തയ്യാറായില്ല.

നേരത്തെ അതിജീവിതയുടെ ആവശ്യപ്രകാരമായിരുന്നു കേസ് വനിത ജഡ്ജിക്ക് കീഴിലേക്ക് മാറ്റിയത്. എന്നാല്‍ പിന്നീട് വിചാരണക്കോടതി ജഡ്ജിക്കെതിരെ ആരോപണവുമായി അതിജീവിതയും പ്രോസിക്യൂഷനും രംഗത്ത് എത്തുകയായിരുന്നു. ജില്ലാ സെഷന്‍സ് കോടതിയിലെ നിലവില്ലുള്ള ജഡ്ജി ഹണി എം വർഗ്ഗീസ് വിചാരണ നടത്തിയാല്‍ തനിക്ക് നീതി ലഭിക്കില്ലെന്നും നടി ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥനായ ജഡ്ജിയുടെ ഭർത്താവും ദിലീപും തമ്മില്‍ അടുത്ത സൌഹൃദം ഉണ്ട്. വിചാരണയുടെ പല ഘട്ടത്തിലും തനിക്ക് അത് ബോധ്യപ്പെട്ടതാണ്. പൊലീസിന്റെ തുടരന്വേഷണത്തില്‍ പുറത്തുവന്ന തെളിവുകള്‍ എല്ലാം തന്നെ ദിലീപിന് ഈ കേസിലുള്ള പങ്ക് കൂടുതല്‍ വെളിപ്പെടുത്തുന്നുവെന്നും ഹർജിക്കാരി വ്യക്തമാക്കിയിരുന്നു.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് കേസില്‍ നടത്തിയ പുനരന്വേഷണം നടക്കുകയുണ്ടായി. ഈ അന്വേഷണത്തിന്റെ ഭാഗമായി നടന്ന പരിശോധനയില്‍ പിടിച്ചെടുത്ത ദിലീപിന്റെ സഹോദരന്റെ ഫോണില്‍ നിന്നും ലഭിച്ചിട്ടുള്ള ഒരു വോയിസ് ക്ലിപ്പില്‍ ജഡ്ജിയും ഭർത്താവും ദിലീപും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന ചില തെളിവുകളുണ്ട് അതിജീവിത ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

തന്നെ ആക്രമിച്ചതിന് ശേഷം ചിത്രീകരിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറികാർഡില്‍ കോടതിയുടെ അധികാര പരിധിയിലിരിക്കെ ഇടപെടല്‍ ഉണ്ടായിട്ടും വിചാരണ ജഡ്ജി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പ്രത്യേക കോടതിയിലേക്ക് ഈ കേസ് മാറ്റണമെന്നുമായിരുന്നു നടിയുടെ പ്രധാന ആവശ്യം. എന്നാല്‍ കോടതി നടിയുടെ ആവശ്യം പൂർണ്ണമായി തള്ളി.

അഡ്മിനിസ്ട്രേറ്റിവ് ഉത്തരവ് നിയമപരമല്ലെന്ന പരാതിക്കാരിയുടെ നിലപാട് ശരിയല്ലെന്നും കോടതി വ്യക്തമാക്കി. നേരത്തെ അതിജീവിതയുടെ ആവശ്യപ്രകാരമായിരുന്നു ഹൈക്കോടതി ജൂഡീഷ്യല്‍ ഉത്തരവ് പ്രകാരം കേസ് വനിത ജഡ്ജിയുള്ള രണ്ടാം ക്ലാസ് സെഷന്‍ കോടതിയിലേക്ക് കേസ് മാറ്റിയത്.
ജുഡീഷ്യല്‍ ഉത്തരവിലൂടെ മാറ്റപ്പെട്ട ഒരു കേസിലെ മാറ്റ് അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തിന്റെ ഉത്തരവിലൂടെ പാടില്ലെന്ന വാദമായിരുന്നു അതിജീവിതയ്ക്ക് ഉണ്ടായിരുന്നത്.

അതേസമയം, ഹൈക്കോടതി വിധി ദിലീപിന് ആശ്വാസകരമായേക്കും. കേസില്‍ തിരിച്ചടി ഭയന്നാണ് അതിജീവിതയും പ്രോസിക്യൂഷനും വനിതാ ജഡ്ജിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു ദിലീപിന്റെ വാദം. കേസ് നിലവിലെ കോടതിയില്‍ തന്നെ തുടരണമെന്ന നിലപാടും അദ്ദേഹം സ്വീകരിച്ചു.












Click it and Unblock the Notifications