ദിലീപിനും നടിക്കും ഇന്ന് അതിനിർണ്ണായകം: ആരുടെ ആവശ്യം അംഗീകരിക്കും, സുപ്രധാന വിധിയിന്ന്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട സുപ്രധാന ഹൈക്കോടതി വിധി ഇന്നുണ്ടാവും. കേസിലെ വിചാരണക്കോടതി മാറ്റിയതിനെതിരെ അതിജീവിത നല്‍കിയ ഹർജിയിലാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സിയാദ് റഹ്മാന്‍ വിധി പറയുന്നത്.
എറണാകുളം പ്രത്യേക സി ബി ഐ കോടതിയില്‍ നിന്നും വിചാരണ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതിനെതിരെയാണ് അതിജീവിത ഹൈക്കോടതിയില്‍ ഹർജി നല്‍കിയിരിക്കുന്നത്. വനിതയായ വിചാരണക്കോടതിക്ക് പ്രമോഷന്‍ ലഭിച്ചതോടെയായിരുന്നു കേസിന്റേയും കോടതി മാറ്റം. എന്നാല്‍ ഇത് നിയമപരമല്ലെന്നാണ് അതിജീവിതയുടെ വാദം.

നേരത്തെ അതിജീവിതയുടെ ആവശ്യപ്രകാരമായിരുന്നു ഹൈക്കോടതി ജൂഡീഷ്യല്‍ ഉത്തരവ് പ്രകാരം കേസ് വനിത ജഡ്ജിയുള്ള രണ്ടാം ക്ലാസ് സെഷന്‍ കോടതിയിലേക്ക് കേസ് മാറ്റിയത്. എന്നാല്‍ സെഷന്‍സ് കോടതി ജഡ്ജി പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചത്തോടെ വിചാരണയും ഈ കോടതിയിലേക്ക് മാറ്റി ഹൈക്കോടതി അഡ്മിനിസ്ട്രേഷന്‍ വിഭാഗമാണ് ഉത്തരവിട്ടത്.

ജുഡീഷ്യല്‍ ഉത്തരവിലൂടെ മാറ്റപ്പെട്ട ഒരു കേസിലെ മാറ്റ് അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തിന്റെ ഉത്തരവിലൂടെ പാടില്ലെന്നും അതിജീവിത ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിചാരണ കോടതി ജഡ്ജിക്കെതിരെ അതിജീവിതയും പ്രോസിക്യൂഷനും നിരവധി തവണ ഹൈക്കോടതിയിലും സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കേസ് പുതിയ ജഡ്ജി കേള്‍ക്കണം എന്ന ആവശ്യവും അതിജീവിത ഉന്നയിച്ചിട്ടുണ്ട്.

ജഡ്ജ് ഹണി എം വർഗീസ് വിചാരണ നടത്തിയാൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും, ജഡ്ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്ന ആരോപണവും ഹർജിയിലുണ്ട്. അതിജീവിതയുടെ ആവശ്യപ്രകാരം ഈ ഹർജിയില്‍ ഹൈക്കോടതിയില്‍ രഹസ്യ വിചാരണയായിരുന്നു നടന്നത്.

കേസിലെ വിചാരണ നടത്തുന്നത് വനിത ജഡ്ജി വേണമെന്ന ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നെങ്കിലും കേസ് പരിഗണിക്കുന്നത് പുരുഷനായാലും പ്രശ്നമില്ലെന്നാണ് അതിജീവിത ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. വിചാരണക്കോടതി ജഡ്ജിയെ മാറ്റമണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സുപ്രീംകോടതി വരെ അതിജീവിത പോയിരുന്നെങ്കിലും കോടതി ഇത് അംഗീകരിച്ചിരുന്നില്ല.

അതേസമയം, കേസില്‍ തിരിച്ചടി ഭയന്നാണ് അതിജീവിതയും പ്രോസിക്യൂഷനും വനിതാ ജഡ്ജിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നാണ് പ്രതി ദിലീപിന്റെ വാദം. ഈ സാഹചര്യത്തില്‍ കോടതി മാറ്റത്തിലെ സാങ്കേതിക വിഷയമായിരിക്കും ഹൈക്കോടതി പരിഗണിച്ചുകൊണ്ടുള്ള വിധിയായിരിക്കും ഇന്നുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജഡ്ജിക്കല്ല, കോടതിക്കാണ് വിചാരണ ചുമതലയെന്ന് അതിജീവിതയും പ്രോസിക്യൂഷനും വാദിക്കുമ്പോള്‍ കോടതിക്കല്ല, ജഡ്ജിക്കാണ് വിചാരണ ചുമതലയെന്നാണ് ഹൈക്കോടതി ഭരണവിഭാഗം വ്യക്തമാക്കുന്നത്. എന്നാല്‍ അധികാരമില്ലാത്ത കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നതെന്ന കാര്യം കൃത്യമായ സമയത്ത് ഉന്നയിച്ചില്ലെങ്കില്‍ പിന്നീട് അത് പ്രതികള്‍ക്ക് ഗുണകരമായി മാറിയേക്കുന്ന അവസ്ഥയെത്തുമെന്നാണ് അതിജീവിതയുടെ അഭിഭാഷക വിശദീകരിക്കുന്നത്.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ പതിനഞ്ചാം പ്രതിയായ ശരതിന്റെ കേസ് ഫയലിന്റെ കോടതി മാറ്റവുമായി ബന്ധപ്പെട്ട് വളരെ സുപ്രധാനമായ നിലപാടായിരുന്നു കഴിഞ്ഞ ദിവസം വിചാരണക്കോടതി സ്വീകരിച്ചത്. ശരത്തിന്റെ കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയ തീരുമാനം വിചാരണക്കോടതി തിരുത്തുകയായിരുന്നു. പ്രോസിക്യൂഷന്റെ കടുത്ത എതിർപ്പിനെ തുടർന്നായിരുന്നു നടപടി.അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ നടപടി ക്രമം പൂർത്തിയാക്കാതെയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് ശരതിന്റെ കേസ് മാറ്റിയതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം












Click it and Unblock the Notifications