കുറ്റം ചെയ്തിട്ടില്ലെന്ന് ദിലീപും ശരതും , കോടതിയിൽ ഹാജരായി; മഞ്ജു വാര്യർ 39 സാക്ഷികളുടെ പട്ടികയിൽ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അധിക കുറ്റപത്രം വായിച്ച് കേട്ട് പ്രതികളായ ദിലീപും ശരതും. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലെ അടച്ചിട്ട മുറിയിൽ വെച്ചാണ് പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിച്ചത്. എന്നാൽ രണ്ട് പേരും കുറ്റം നിഷേധിച്ചു. തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ എന്നിവ അടക്കമുള്ള കുറ്റങ്ങളാണ അധിക കുറ്റപത്രത്തിൽ ഇരുവർക്കുമെതിരെ ചുമത്തിയിരുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിനൊടുവിൽ ദിലീപിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി ജുലൈ 22 നായിരുന്നു അന്വേഷണ സംഘം
അധിക കുറ്റപത്രം സമർപ്പിച്ചത്. ഇതിന്റെ വിചാരണ അടുത്ത മാസം തുടങ്ങുന്നതിന് മുന്നോടിയായിട്ടാണ് പ്രതികളെ ഇന്ന് കുറ്റപത്രം വായിച്ച് കേൾപ്പിച്ചത്. കോടതി നടപടികൾ ആരംഭിച്ചതിന് പിന്നാലെയായിരുന്നു ഇരുവരും കോടതിയിൽ എത്തിയത്.

ദിലീപ് തെളിവ് നശിപ്പിച്ചുവെന്നതിന് ശക്തമായ തെളിവുണ്ടെന്നായിരുന്നു അന്വേഷണ സംഘം അധിക കുറ്റപത്രത്തിൽ വ്യക്തമാക്കിയത്. കൂടാതെ ദിലീപിന്റ സുഹൃത്തും വ്യവസായിയുമായ ശരതിനെ പുതുതായി പ്രതി ചേർക്കുകയും ചെയ്തിരുന്നു. തെളിവ് ഒളിപ്പിക്കാൻ ശരത് കൂട്ടുനിന്നുവെന്നായിരുന്നു കുറ്റപത്രത്തിൽ പോലീസ് ചൂണ്ടിക്കാട്ടിയത്.

എന്നാൽ അധിക കുറ്റപത്രത്തിനെതിരെ പ്രതികൾ കോടതിയെ സമീപിക്കുകയായിരുന്നു. തങ്ങൾക്കെതിരായ കുറ്റം നിലനിൽക്കില്ലെന്നും കുറ്റപത്രം തള്ളണമെന്നുമായിരുന്നു ആവശ്യം. അധിക കുറ്റപത്രത്തിൽ തങ്ങൾക്കെതിരെ പുതിയ കണ്ടെത്തലുകൾ ഉണ്ടായിട്ടില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു പ്രതികൾ വാദിച്ചത്.

അതേസമയം തെളിവ് നശിപ്പിക്കൽ അടക്കം പുതുതായി ചുമത്തിയ കുറ്റങ്ങൾ നിൽക്കുമെന്ന് ചൂണ്ടിക്കാട്ടി ഹർജി കോടതി തള്ളുകയായിരുന്നു. തുടർന്ന് തിങ്കാഴ്ചാച പ്രതികളോട് കോടതിയിൽ ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു. ഇതിന്റ അടിസ്ഥാനത്തിലാണ് പ്രതികൾ ഇന്ന് കോടതിയിൽ ഹാജരായത്.എന്നാൽ ദൃശ്യങ്ങൾ കണ്ടുവെന്നടക്കമുള്ള ആരോപണങ്ങൾ ഇരുവരും തള്ളി.

അതിനിടെ അധിക കുറ്റപത്രത്തിൽ ആദ്യം വിസ്തരിക്കേണ്ട സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷൻ കോടതിക്ക് കൈമാറിയിട്ടുണ്ട്. നടിയും ദിലീപിന്റെ മുൻ ഭാര്യയുമായ മഞ്ജു വാര്യർ, സംവിധായകൻ ബാലചന്ദ്രകുമാർ എന്നിവർ ഉൾപ്പെടെ 39 പേരെയാണ് ആദ്യം വിസ്തരിക്കുക. ആദ്യ കുറ്റപത്രത്തിലെ 18 സാക്ഷികളും അധിക കുറ്റപത്രത്തിലെ 97 സാക്ഷികളും ഉൾപ്പെടെ 115 സാക്ഷികളാണ് നടിയെ ആക്രമിച്ച കേസിൽ ഉള്ളത്.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു കേസിൽ തുടരന്വേഷണം നടന്നത്. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയെ ദിലീപിന്റെ വീട്ടിൽ വെച്ച് കണ്ടെന്നും നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ദിലീപ് വീട്ടിൽ വെച്ച് കണ്ടുവെന്നുമായിരുന്നു ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്.ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചത് ശരത് ആണെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ നടിയെ ആക്രമിച്ച കേസിലേക്ക് വെളിച്ചം വീശുന്ന നിർണായകമായ പല വിവരങ്ങളും പോലീസിന് ലഭിച്ചിരുന്നു. ദിലീപിന്റേയും സഹോദരന്റേയും ഫോണുകൾ പരിശോധിച്ചതിൽ നിന്നും കേസിൽ നിർണായകമായേക്കാവുന്ന രേഖകളും ശബ്ദ സംഭാഷണങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.












Click it and Unblock the Notifications