ദിലീപിന്റെ ചീഫ് എക്സാമിനേഷന്‍ നടത്തിയത് 2 ദിവസം: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ സമയം നീട്ടി
ദില്ലി: നടന്‍ ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ സമയം വീണ്ടും നീട്ടി നല്‍കി സുപ്രീംകോടതി. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാനുള്ള കാലാവധി ജൂലൈ 31 വരെയാണ് സുപ്രീംകോടതി നിന്ന് വർധിപ്പിച്ചിരിക്കുന്നത്. ഈ കാലയളവിനുള്ളില്‍ വിചാരണ പരമാവധി പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചും. ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചായിരുന്നു ഇന്ന് കേസ് പരിഗണിച്ചത്.
വിചാരണ കോടതി ജഡ്ജി യന്ത്രമല്ലെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി നിരീക്ഷിച്ചു. വിചാരണ കോടതി നല്‍കിയ പുരോഗതി റിപ്പോർട്ട് പരിശോധിച്ചതിന് ശേഷമാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. ദിലീപിനെ രണ്ട് ദിവസം മാത്രമായിരുന്നു പ്രോസിക്യൂഷന്‍ ചീഫ് എക്സാമിനേഷന്‍ നടത്തിയത്. എന്നാല്‍ ഇരുപത്തിമൂന്നര ദിവസത്തോളമായി എതിര്‍ വിഭാഗം ക്രോസ് എക്സാമിനേഷന്‍ നടത്തുകയാണ്.

എതിർ വിഭാഗത്തിന്റെ ക്രോസ് എക്സാമിനേഷന്‍ പൂർത്തീകരിക്കാന്‍ അഞ്ച് ദിവസം കൂടി വേണമെന്നും വിചാരണ കോടതി ജഡ്ജി സുപ്രീം കോടതിക്ക് കൈമാറിയ പുരോഗതി റിപ്പോര്‍ട്ടില്‍. പറയുന്നു. അതേസമയം. സാങ്കേതിക തടസങ്ങള്‍ ഉള്‍പ്പടെ കാരണമാണ് എതിര്‍ വിസ്താരം നീണ്ടു പോകുന്നതെന്നാണ് ദിലീപ് വിഭാഗം കോടതിയില്‍ അറിയിച്ചത്. മുതിർന്ന അഭിഭാഷകയായ രഞ്ജീത റോത്തഗിയാണ് ദിലീപിന് വേണ്ടി കോടതിയില്‍ ഹാജരായത്.
എല്ലാ തവണയും കേസിന്റെ പുരോഗതി സംബന്ധിച്ച് ഒരേ തരത്തിലുള്ള റിപ്പോര്‍ട്ടാണ് വിചാരണ കോടതി ജഡ്ജി അയക്കുന്നതെന്നും കോടതി ചൂണ്ടിക്കാണിച്ചു. വിചാരണ കോടതിയുടെ റിപ്പോർട്ടും, പ്രതിഭാഗത്തിന്റെ വിശദീകരണവും കൂടി പരിഗണിച്ചാണ് വിചാരണ പൂര്‍ത്തിയാക്കാന്‍ ഉള്ള കാലാവധി ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സഞ്ജയ് കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ജൂലൈ 31 വരെ സമയം അനുവദിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് കേസിന്റെ പുരോഗതി സംബന്ധിച്ച കാര്യങ്ങളില്‍ വീണ്ടും പരിഗണിക്കുന്നതിന് ഹര്‍ജികള്‍ ഓഗസ്റ്റ് നാലിന് ലിസ്റ്റ് ചെയ്യാനും കോടതി തീരുമാനിച്ചിട്ടുണ്ട്. കേസില്‍ സംസ്ഥാന സർക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ രഞ്ജീത്ത് കുമാര്‍, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവരും ഹാജരായി.
അതേസമയം, കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ മാസം സുപ്രീംകോടതി തള്ളിയിരുന്നു. ആറ് വർഷത്തിലേറെയായി ജയിലിൽ വിചാരണതടവുകാരനായി തുടരുകയാണെന്നും വിചാരണ അനന്തമായി നീളുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സുനി സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തേ ഇതേ കാര്യം ഉന്നയിച്ച് ഹൈക്കോടതിയെ സുനി സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളുകയായിരുന്നു.












Click it and Unblock the Notifications