കൂറുമാറിയെ സാക്ഷികളെ വീണ്ടും വിളിച്ച് വരുത്തും? ദിലീപിന്റെ അടുപ്പക്കാരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്
നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം തേടിയിരിക്കുകയാണ് അന്വേഷണ സംഘം. ഇത് സംബന്ധിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ് ഉള്ളത്. കേസിലെ പുതിയ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാണ് പോലീസ് നീക്കം. കേസിൽ പരമാവധി തെളിവുകൾ ക്രൈംബ്രാഞ്ച് സംഘം ശേഖരിക്കും. ഹൈക്കോടതി സമയം നീട്ടി നൽകുന്നതിന് അനുസരിച്ച് അന്വേഷണത്തിന് വേഗം കൂട്ടാനാണ് പോലീസിന്റെ പദ്ധതി.

നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം തേടിയിരിക്കുകയാണ് അന്വേഷണ സംഘം. ഇത് സംബന്ധിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ് ഉള്ളത്. കേസിലെ പുതിയ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാണ് പോലീസ് നീക്കം.

ദിലീപിന്റെ ഫോണിൽ നിന്നും വിവരങ്ങൾ നീക്കം ചെയ്തത് അഭിഭാഷകരുടെ നിർദ്ദേശം അനുസരിച്ചാണെന്ന് വധഗൂഢാലോചന കേസിലെ ഏഴാം പ്രതിയായ സായ് ശങ്കർ പോലീസിന് മൊഴി നൽകിയിരുന്നു. മുംബൈയിൽ സ്വകാര്യ ലാബിൽ വെച്ച് വിവരങ്ങൾ ഡിലീറ്റ് ചെയ്ത ശേഷം ദിലീപിന്റെ ഫോണുകൾ ശേഖരിക്കാൻ അഭിഭാഷകർ പോയെന്ന് കണ്ടെത്തിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇതുകൂടാതെ ദിലീപിന്റെ ഫോണിൽ നിന്നും വിവരങ്ങൾ ഡിലീറ്റ് ചെയ്യാൻ ഉപയോഗിച്ച തന്റെ ലാപ്പ് ടോപ്, ഐ മാക്ക്, പെൻഡ്രൈവ് തുടങ്ങിയ ഉപകരണങ്ങളെല്ലാം അഭിഭാഷകരുടെ കൈവശമാണ് ഉള്ളതെന്നാണ് അന്വേഷണ സംഘത്തോട് സായ് ശങ്കർ മൊഴി നൽകിയത്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ അഭിഭാഷകരെ പ്രതി ചേർക്കാമെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.
Recommended Video

അതിനിടെ അതിജീവിതയോട് ദിലീപിന് വൈരാഗ്യം ഉണ്ടാകാനുണ്ടായ സാഹചര്യം വീണ്ടും അന്വേഷണ സംഘം പരിശോധിച്ചേക്കും. കൊച്ചിയിൽ താരസംഘടനയായ അമ്മയുടെ സ്റ്റേജ് ഷോ പരിപാടിക്കിടയിൽ ഉണ്ടായ ചില സംഭവങ്ങൾ സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങളും വിവരങ്ങളും പോലീസ് തേടും. ഇതോടൊപ്പം കൂറുമാറിയ പ്രോസിക്യൂഷൻ സാക്ഷികളെ വീണ്ടും അന്വേഷണ സംഘം വിളിച്ച് വരുത്തിയേക്കുമെന്നുള്ള റിപ്പോർട്ടുകളും ഉണ്ട്.
കേസിൽ നേരത്തേ 20 സാക്ഷികളായിരുന്നു വിചാരണ വേളയ്ക്കിടെ കൂറുമാറിയത്. മലയാള സിനിമയിലെ താരങ്ങളിൽ ചിലർ ഉൾപ്പെടെയാണ് കൂറുമാറിയത്.

ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരേയും ചോദ്യം ചെയ്യലിനായി വിളിപ്പിക്കും. നേരത്തേ ഹാജരാകാൻ ഇരുവർക്കും നോട്ടീസ് നൽകിയെങ്കിലും രണ്ട് പേരും ഹാജരായിരുന്നില്ല. തങ്ങൾക്ക് ഹാജാരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചില്ലെന്നായിരുന്നു ഇരവരും വ്യക്തമാക്കിയത്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ഇവരുടെ കൈകളിൽ എത്തിയോ എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷണ സംഘം ചോദിച്ച് അറിയുക. തന്റെ വീടായ പദ്മസരോവരത്തിൽ വെച്ച് ദിലീപ് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കണ്ടുവെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.

അതേസമയം നടി കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. പദ്മസരോവരത്തിൽ വെച്ച് തന്നെ ചോദ്യം ചെയ്യണമെന്ന വാശിയിൽ തുടരുകയാണ് കാവ്യ. എന്നാൽ വീട്ടിൽ വെച്ച് ചോദ്യം ചെയ്യാനകില്ലെന്ന് പോലീസ് ആവർത്തിക്കുന്നു. സൗകര്യക്കുറവ് ചൂണ്ടിക്കാട്ടിയാണ് പദ്മസരോവരത്തിൽ വെച്ച് ചോദ്യം ചെയ്യാനാകില്ലെന്ന് പോലീസ് പറയുന്നത്. വീട്ടിൽ വെച്ച് ചോദ്യം ചെയ്യുന്നത് അപകടമാണെന്നാണ് നിയമവിദഗ്ദരും പോലീസ് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നത്. സാക്ഷിയായതിനാൽ വീട്ടിൽ വെച്ച് ചോദ്യം ചെയ്യാമെന്നാണ് കാവ്യയുടെ വാദം. വാശി തുടർന്നാൽ കാവ്യാ മാധവനെ പ്രതി ചേർക്കണോയെന്ന കാര്യം പോലീസ് പരിഗണിച്ചേക്കും. അതേസമയം കുറച്ച് കൂടി കാത്തിരുന്ന ശേഷമാകും അന്വേഷണ സംഘത്തിന്റെ നടപടി.












Click it and Unblock the Notifications