ദിലീപിന്റെ ചടുലനീക്കം; അതിജീവിതയുടെ ആവശ്യത്തിനെതിരെ വീണ്ടും സുപ്രീം കോടതിയിൽ, നിർണായകം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്. നേരത്തേ ഇത് സംബന്ധിച്ച അതിജീവിതയുടെ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. തുടർന്നായിരുന്നു അതിജീവിത സുപ്രീം കോടതിയെ സമീപിച്ചത്. അതേസമയം അതിജീവിതയുടെ ഹർജിക്കെതിരെ തടസ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോൾ ദിലീപ്.

അതീവ ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയാണ് വിചാരണ കോടതിക്കെതിരെ അതിജീവിത സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. വിചാരണ കോടതിയിൽ നിന്നും തനിക്ക് കേസിൽ നീതി കിട്ടില്ലെന്നാണ് നടിയുടെ ഹർജിയിൽ പറയുന്നത്. വിചാരണ കോടതിയും അവരുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്നും ഇതിന് ശക്തമായ തെളിവ് പോലീസിന് ലഭിച്ചിട്ടുണ്ടെന്നും ഹർജിയിൽ അതിജീവിത ആരോപിച്ചിട്ടുണ്ട്.

വിചാരണ കോടതി ജഡ്ജിയുടെ ഭർത്താവ് ഒരു കസ്റ്റഡി കൊലപാതക കേസിൽ ആരോപണ വിധേയൻ ആണെന്നും അതുമായി ബന്ധപ്പെട്ട് ഒരു അഭിഭാഷകനുമായി നടത്തുന്ന ശബ്ദ സംഭാഷണം പോലീസിന് ലഭിച്ചുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കേസിലെ നിർണായകമായ തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറ്റത്തിൽ ഇതുവരെ അന്വേഷണം പ്രഖ്യാപിക്കാൻ പോലും വിചാരണ കോടതി തയ്യാറായിട്ടില്ലെന്ന ആക്ഷേപവും അതിജീവിത ഉന്നയിച്ചിട്ടുണ്ട്.

വിചാരണ കോടതി പക്ഷപാതപരമായാണ് ഇടപെടുന്നതെന്നും അതിജീവിത ഹർജിയിൽ ആരോപിച്ചിരുന്നു. ഹണി എം വർഗീസ് കേസ് പരിഗണിച്ചാൽ കേസിൽ നീതിയുക്തമായ വിചാരണ ഉണ്ടാകില്ലെന്നും അതിജീവിത ഹർജിയിൽ പറഞ്ഞിരുന്നു. അതേസമയം ഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് ഇപ്പോൾ ദിലീപും സുപ്രീം കോടതിയെ സമീപിച്ചത്. ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് തന്റെ വാദം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ടുള്ള തടസ ഹർജി ദിലീപ് കോടതിയിൽ സമർപ്പിച്ചു.

ഇതോടെ ദിലീപിന്റെ വാദം കൂടി കേട്ട ശേഷമായിരിക്കും അതിജീവിതയുടെ ആവശ്യത്തിൽ സുപ്രീം കോടതി തീരുമാനം കൈക്കൊണ്ടേക്കുക. എന്നാൽ കേസിൽ ഇപ്പോൾ കോടതി മാറ്റം എന്ന ആവശ്യം സുപ്രീം കോടതി അംഗീകരിക്കുമോയെന്നതാണ് ഉയരുന്ന ചോദ്യം. നേരത്തേ വിചാരണ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ വിചാരണ കോടതിക്ക് സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന വിചാരണ കോടതിയുടെ ആവശ്യം പരിഗണിച്ച് കൊണ്ടായിരുന്നു സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

കേസിൽ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ വിചാരണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ ഇന്ന് വിചാരണ കോടതിയോട സുപ്രീം കോടതി ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. നേരത്തേയും സുപ്രീം കോടതി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ കേസ് പുതിയ കോടതി കേൾക്കട്ടെയെന്ന് സുപ്രീം കോടതി പറയുമോയെന്നതാണ് അതിജീവിതയെ പിന്തുണവരും പ്രകടിപ്പിക്കുന്ന ആശങ്ക.

അതേസമയം വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ മാത്രമല്ല കേസിൽ പഴയ സാക്ഷികളെ വിസ്തരിക്കരുതെന്നതടക്കമുള്ള ആവശ്യങ്ങളും ദിലീപ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നുണ്ട്. ഇക്കാര്യത്തിൽ കോടതി എന്ത് നിലപാട് എടുക്കുമെന്നതാണ് ഉറ്റുനോകപ്പെടുന്നത്. തുടരന്വേഷണ കുറ്റപത്രത്തിൽ നടി കാവ്യ മാധവൻ, മഞ്ജു വാര്യർ ഉൾപ്പെടെയുള്ളവരെയും സാക്ഷിയായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർ പഴയ കുറ്റപത്രത്തിലും സാക്ഷികളാണ്.

സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ ശബ്ദരേഖകൾ ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ സാക്ഷികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നതാണ് പ്രോസിക്യൂഷൻ നിലപാട്. ഇത് തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. വിചാരണ അടക്കമുള്ള കാര്യങ്ങളിൽ ഇനി പരമോന്നത കോടതിയുടെ നിലപാട് നിർണായകമായിരിക്കും.












Click it and Unblock the Notifications