'വിചാരണ നീളുന്നു, ഈ കേസ് കാരണം ജീവിതം നഷ്ടമാകുന്നു': അതിജീവിതയുടെ ഹര്‍ജിക്കെതിരെ ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധിച്ചത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്ന് പ്രതിയായ നടന്‍ ദിലീപ് ഹൈക്കോടതിയെ അറിയിച്ചു. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തില്‍ പ്രോസിക്യൂഷനും കൈകോര്‍ക്കുകയാണെന്നും കാര്‍ഡിലെ ദൃശ്യങ്ങള്‍ക്ക് മാറ്റമില്ലാതിരിക്കെ ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ കഴിയുന്നത് എങ്ങനെയാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആരാഞ്ഞു.
കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് നടി കോടതിയില്‍ ഹര്‍ജി നല്‍കയിരുന്നു. ഇത് അനധികൃത പരിശോധനയെ തുടര്‍ന്നാണെന്നും ഇക്കാര്യം അന്വേഷിക്കണമെന്നുമാണ് നടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ഏത് സാഹചര്യത്തിലാണ് മെമ്മറി കാര്‍ഡ് മൂന്ന് തവണ അനധികൃതമായി പരിശോധിച്ചതെന്ന് അന്വേഷിക്കണമെന്നാണ് നടി ആവശ്യപ്പെടുന്നതെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ചൂണ്ടിക്കാട്ടി.

കൂടാതെ കാര്‍ഡിലെ ദൃശ്യങ്ങള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി. എന്നാല്‍ കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെങ്കിലും ദൃശ്യങ്ങളുടെ ഹാഷ് വാല്യുവില്‍ മാറ്റം ഉണ്ടായിട്ടില്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. കാര്‍ഡ് പരിശോധിച്ചിട്ടുണ്ടെങ്കില്‍ അതില്‍ എന്താണ് തെറ്റെന്ന് വാദം കേള്‍ക്കുന്ന ജസ്റ്റിസ് കെ ബാബു ചോദിച്ചു.
ഇതോടൊപ്പം ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം നടത്തുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യം എന്താണെന്ന് ദിലീപിനോട് ആരാഞ്ഞു. ഇതിന് മറുപടിയായി, കേസ് നീളുകയാണെന്നും തന്റെ ജീവിതമാണ് ഈ കേസ് കാരണം നഷ്ടമായതെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതേസമയം, സംഭവത്തില്‍ ശാസ്ത്രീയമായ അന്വേഷണം വേണമെന്നാണ് നടി കോടതിയില്‍ ആവശ്യപ്പെട്ടത്.
മെമ്മറി കാര്‍ഡ് ഫോണിലിട്ട് പരിശോധിച്ചതിന് തെളിവുകളുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം വലുതാണെന്നുമാണ് നടി മുന്നോട്ടുവയ്ക്കുന്ന വാദം. അതേസമയം, ഐ പി സി 425 അടക്കമുള്ള വകുപ്പ് പ്രകാരം കേസെടുക്കാനാകുമെന്നാണ് ഡി ജി പി അറിയിച്ചിരിക്കുന്നത്. ഹര്‍ജി ജൂലായ് 31ലേക്ക് മാറ്റിയിട്ടുണ്ട്.












Click it and Unblock the Notifications